vaibhav-suryavanshi-batting

അണ്ടര്‍ 19 ലോകകപ്പ് ഫൈനലില്‍ ഇന്ത്യന്‍ സ്കോറിങിന് വേഗം നല്‍കിയത് ഓപ്പണിങില്‍ വൈഭവിന്‍റെ തീപ്പൊരി ബാറ്റിങാണ്. 15 സിക്സറും 15 ഫോറും സഹിതം 80 പന്തില്‍ 175 റണ്‍സാണ് വൈഭവ് സൂര്യവംശി നേടിയത്. ഓടി എടുത്തത് ആകട്ടെ വെറും 25 റണ്‍സ്. അണ്ടര്‍ 19 ലോകകപ്പ് ഫൈനലിലെ ഏറ്റവും ഉയര്‍ന്ന സ്കോറാണ് ഇംഗ്ലണ്ടിനെതിരെ നേടിയ 175 റണ്‍സ്. 30 സിക്സുകളാണ് വൈഭവ് ടൂര്‍ണമെന്‍റില്‍ ആകെ നേടിയത്. ദക്ഷിണാഫ്രിക്കന്‍ താരം ഡെവാൾഡ് ബ്രെവിസിന്‍റെ റെക്കോര്‍ഡും മറികടന്നു.  

അണ്ടര്‍ 19 ലോകകപ്പില്‍ കാഴ്ചവെച്ച തകര്‍പ്പന്‍ ഫോമിന് പിന്നാലെ വൈഭവിനെ ഇന്ത്യന്‍ സീനിയര്‍ ടീമില്‍ കളിപ്പിക്കണമെന്ന് ഒരു വിഭാഗം ക്രിക്കറ്റ് ആരാധകരുടെ ആവശ്യം. എന്നാല്‍ ഐസിസി നിയമങ്ങളാണ് വൈഭവിനെ ഇന്ത്യന്‍ സീനിയര്‍ ടീമില്‍ നിന്നും മാറ്റി നിര്‍ത്തുന്നത്.

ഐസിസിയുടെ മിനിമം പ്രായ പരിധിയാണ് വൈഭവിന് തടസമാകുന്നത്. ഒരു കളിക്കാരന് രാജ്യാന്തര ക്രിക്കറ്റ് മത്സരം കളിക്കാന്‍ കുറഞ്ഞത് 15 വയസ് പ്രായമുണ്ടായിരിക്കണമെന്നാണ് ഐസിസിയുടെ ചട്ടം. യുവ കായികതാരങ്ങളുടെ ശാരീരികവും മാനസികവുമായ ആരോഗ്യം സംരക്ഷിക്കുന്നതിനായി 2020 ലാണ് ഈ നിയമം കൊണ്ടുവന്നത്. 2011 മാര്‍ച്ച് 27 ന് ജനിച്ച വൈഭവിന് നിലവില്‍ 14 വയസാണ് പ്രായം. വൈഭവിന് ഇന്ത്യന്‍ ടീമിലെത്താന്‍ 2026 മാര്‍ച്ച് 27 കഴിയണം. 

2026 അണ്ടര്‍ 19 ലോകകപ്പിലെ മികച്ച താരമാണെങ്കിലും 2028, 2030 വര്‍ഷങ്ങളിലെ ടൂര്‍ണമെന്‍റില്‍ വൈഭവിന് പങ്കെടുക്കാന്‍ സാധിക്കില്ല. പ്രായം പ്രകാരം 19 വയസിന് താഴെയാണെങ്കിലും ബിസിസിഐയുടെ നിയമമാണ് വൈഭവിന് ഇവിടെ തിരിച്ചടിയാകുന്നത്. 'വണ്‍– ടൂര്‍ണമെന്‍റ്' എന്ന നയമാണ് ബിസിസിഐ പിന്തുടരുന്നത്. പുതിയ പ്രതിഭകൾക്ക് തുടർച്ചയായി അവസരം ലഭിക്കുന്നതിനാണ് ബിസിസിഐ ഈ നയം പിന്തുടരുന്നത്. 

ENGLISH SUMMARY:

Vaibhav Suryavanshi's exceptional performance in the Under-19 World Cup final, scoring 175 runs in 80 balls, has captivated cricket fans. However, ICC age regulations and the BCCI's 'one-tournament' policy currently prevent him from joining the Indian senior team.