Image Credit: AFP (Left) ANI (right)

Image Credit: AFP (Left) ANI (right)

ട്വന്‍റി 20 ലോകകപ്പ് സെമി പോരാട്ടത്തിലേക്ക് കടക്കുകയാണ്. വാങ്കഡെയില്‍ ഒടുവിലത്തെ ചിരി ഇന്ത്യയുടേതോ അതോ ഇംഗ്ലണ്ടിന്‍റേതോ? ആരുടെ ആയാലും ഫൈനലില്‍ അവരാകും കിരീടം ഉയര്‍ത്തുക എന്നതാണ് ക്രിക്കറ്റ് ലോകത്തെ 'അന്ധവിശ്വാസ'ങ്ങളിലൊന്ന്!  അന്ധവിശ്വാസമെന്ന് തീര്‍ത്ത് തള്ളേണ്ടതില്ല. പുരുഷന്‍മാരുടെ ട്വന്‍റി 20 ലോകകപ്പില്‍ അങ്ങനെ ജയിച്ചതിന്‍റെ രസകരമായ ചില കണക്കുകളുണ്ട്. 2022 ല്‍ അഡ്​ലെയ്ഡില്‍ നടന്ന സെമി ഫൈനലില്‍ ഇംഗ്ലണ്ട് ഇന്ത്യയെ തോല്‍പ്പിച്ചു. അക്കൊല്ലം കിരീടവും ഇംഗ്ലണ്ട് സ്വന്തമാക്കി. 2024ലാവട്ടെ,സെമിയില്‍ ഇന്ത്യ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി, ഫൈനലില്‍ ചാംപ്യന്‍മാരുമായി. 

ഇനി ഏകദിനത്തിലെ കണക്ക് പരിശോധിച്ചാലും സെമിയില്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച വര്‍ഷം ഇന്ത്യ ചാംപ്യന്‍മാരായിട്ടുണ്ട്. 1993 ലെ ഏകദിന ലോകകപ്പിലായിരുന്നു ആദ്യം ഇത് സംഭവിച്ചത്. മാഞ്ചസ്റ്ററില്‍ വച്ച് നടന്ന സെമി ഫൈനലില്‍ ഇന്ത്യ ഇംഗ്ലണ്ടിനെ ആറുവിക്കറ്റിന് തോല്‍പ്പിച്ചു. മൂന്ന് ദിവസം കഴിഞ്ഞപ്പോള്‍ കരുത്തരായ വിന്‍ഡീസിനെ കപിലിന്‍റെ ചെകുത്താന്‍മാര്‍ ലോര്‍ഡ്സില്‍ പരാജയപ്പെടുത്തി, കന്നിക്കിരീടത്തില്‍ മുത്തമിട്ടു. 2024 ലെ ട്വന്‍റി 20 സെമി ഫൈനലില്‍ 68 റണ്‍സിനാണ് ഇന്ത്യ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചത്. അങ്ങനെ നോക്കിയാല്‍ സെമിയില്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചാല്‍ പിന്നൊന്നും നോക്കേണ്ടതില്ലെന്ന് ആരാധകര്‍ പറയുന്നു.

നാളെ ഈഡന്‍ ഗാര്‍ഡന്‍സില്‍ വൈകുന്നേരം ഏഴിനാണ് ദക്ഷിണാഫ്രിക്ക –ന്യുസീലന്‍ഡ് പോരാട്ടം. വ്യാഴാഴ്ച വൈകിട്ട് ഏഴിന് വാങ്കഡെയില്‍ ഇന്ത്യ ഇംഗ്ലണ്ടിനെയും നേരിടും. ഞായറാഴ്ച വൈകിട്ട് ഏഴുമണിക്ക് അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിലാകും ഫൈനല്‍.