Image Credit: PTI

Image Credit: PTI

ലോകകപ്പിന്‍റെ താരമാകുമെന്ന് എല്ലാവരും പ്രതീക്ഷിച്ചയാളാണ് ഇന്ത്യയുടെ അഭിഷേക് ശര്‍മ. ഭക്ഷ്യവിഷബാധയേറ്റതിനെ തുടര്‍ന്ന് തുടക്കം പിഴച്ച അഭിഷേകിന് പ്രതീക്ഷിച്ചത് പോലെ ഗ്രൂപ്പ് മല്‍സരങ്ങളിലും സൂപ്പര്‍ എട്ടിലെ ആദ്യ കളിയിലും തിളങ്ങാനായില്ല. മൂന്ന് തവണയാണ് അഭിഷേക് പൂജ്യത്തിന് പുറത്തായത്. എന്നാല്‍ നാലാമതും താന്‍ പൂജ്യത്തിന് പുറത്തായിരുന്നുവെങ്കിലും ടീമില്‍ നിന്ന് പുറത്താവില്ലായിരുന്നുവെന്ന് വെളിപ്പെടുത്തുകയാണ് താരം. ഡ്രസിങ് റൂമില്‍ നിന്നാണ് തനിക്ക് ആ ഉറപ്പ് ലഭിച്ചതെന്നും ടീം എന്നതിലുപരി കുടുംബമെന്ന വികാരമാണ് എല്ലാവരും പങ്കുവയ്ക്കുന്നതെന്നും അഭിഷേക് പറയുന്നു. 'അടുത്തതും ഡക്ക് ആയാലോ, നേരത്തെ തന്നെ പുറത്തായാലോ ടീമിന് പുറത്താകുമെന്ന ആശങ്ക വേണ്ട. ലോകകപ്പിലെ എല്ലാ മല്‍സരങ്ങളും കളിക്കും. ടീമിനായി അവ ജയിക്കുകയും ചെയ്യും' എന്നായിരുന്നു തനിക്ക് ലഭിച്ച ഉറപ്പെന്നും ഒരു കളിക്കാരനെ സംബന്ധിച്ച് അത് നല്‍കുന്ന ആത്മവിശ്വാസം ചെറുതല്ലെന്നും അഭിഷേക് വെളിപ്പെടുത്തി. സഹതാരങ്ങളും കോച്ചുമാരും എല്ലാവരും താന്‍ നന്നായി കളിക്കണമെന്നാണ് ആഗ്രഹിച്ചെതന്നും അതിന് വേണ്ടിയാണ് പ്രവര്‍ത്തിച്ചതെന്നും താരം കൂട്ടിച്ചേര്‍ത്തു.

മൂന്ന് മല്‍സരങ്ങളിലാണ് അഭിഷേക് പൂജ്യത്തിന് പുറത്തായത്. ദക്ഷിണാഫ്രിക്കയ്ക്കെതിരെ രണ്ടക്കം കടന്നുവെങ്കിലും അതിവേഗം താരം പുറത്തായി. പക്ഷേ ചെന്നൈയില്‍ 30 പന്തുകളില്‍ നിന്ന് താരം 55റണ്‍സെടുത്തു. 26 പന്തുകളില്‍ നിന്നാണ് അര്‍ധസെഞ്ചറി തികച്ചത്. അഭിഷേകിന്‍റെ സ്വന്തം റെക്കോര്‍ഡ് വച്ച് നോക്കിയാല്‍ അല്‍പം 'ഇഴഞ്ഞുള്ള' അര്‍ധ സെഞ്ചറിയെന്ന് പറയാം. മാപസയുടെ നോബോളിന് ശേഷം ചെപ്പോക്കില്‍ അഭിഷേക് ഗിയര്‍ മാറ്റി. കണക്കുകൂട്ടലുകളും പിഴച്ചില്ല. റിച്ചര്‍ഡ് ഗര്‍വയെ സിക്സര്‍ പറത്തിയാണ് അഭിഷേക് പവര്‍പ്ലേ അവസാനിപ്പിച്ചത്. തൊട്ടുപിന്നാലെ ബ്രിയാന്‍ ബെന്നറ്റിനെയും സിക്സര്‍ പറത്തി. 

പതിവില്‍ നിന്ന് വ്യത്യസ്തമായി സ്പിന്നിനെതിരെ അല്‍പം ക്ഷമയോടെയായിരുന്നു അഭിഷേകിന്‍റെ ബാറ്റിങ്. ബെന്നറ്റിനും സിക്കന്ദര്‍ റാസയ്ക്കുമെതിരെ സിംഗിളിലും ഡബിളിലും ശ്രദ്ധ കേന്ദ്രീകരിച്ചു. 13 പന്തില്‍ നിന്ന് 33 എടുത്ത ശേഷമായിരുന്നു ഇന്നിങ്സ് മെല്ലെയാക്കിയത്. അര്‍ധ സെഞ്ചറിക്കായി താരം 13 പന്തുകള്‍ കൂടി നേരിട്ടു. ലോകകപ്പില്‍ താന്‍ ആഗ്രഹിച്ച തുടക്കമല്ല ഉണ്ടായതെന്നും കടുത്ത ശാരീരിക ക്ഷീണം താന്‍ അനുഭവിച്ചുവെന്നും അഭിഷേക് തുറന്ന് പറയുന്നു. 'ഞാന്‍ വിചാരിച്ചത് പോലെയുള്ള തുടക്കമല്ല ഉണ്ടായത്. സത്യത്തില്‍ ആശുപത്രിയിലായിരുന്നു. ഒട്ടും സുഖമില്ലാതെ. രാജ്യത്തിന് വേണ്ടി ആദ്യമായി ലോകകപ്പില്‍ കളിക്കുക..അപ്പോള്‍ ഇങ്ങനെയൊരു തുടക്കമാകില്ലല്ലോ നിങ്ങള്‍ പ്രതീക്ഷിക്കുക. പക്ഷേ ടീം എനിക്കൊപ്പം നിന്നു'- താരം കൂട്ടിച്ചേര്‍ത്തു.

സിംബാബ്​വെയ്ക്കെതിരെ ടൂര്‍ണമെന്‍റിലെ ഏറ്റവും മികച്ച പ്രകടനമാണ് ടീം ഇന്ത്യ പുറത്തെടുത്തത്. 13 ഓവര്‍ ക്രീസില്‍ നിന്ന അഭിഷേക് സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്യുന്നതിലും സിംഗിളുകള്‍ എടുക്കുന്നതിലും പുലര്‍ത്തിയ ശ്രദ്ധയും ടീം എന്ന നിലയിലുള്ള ഒത്തിണക്കത്തെ കാണിക്കുന്നതാണ്. 'വര്‍ഷം മുഴുവന്‍ ആധിപത്യം പുലര്‍ത്തി. അത് തുടരണമെന്ന് ഞങ്ങള്‍ തീരുമാനിച്ചു. ഈ ടീം പ്രിയപ്പെട്ടതാകുന്നത് ഇതൊക്കെക്കൊണ്ടാണ്'- അഭിഷേക് പറയുന്നു. 

നിലവിലെ ചാംപ്യന്‍മാരായ ഇന്ത്യ സൂപ്പര്‍ എട്ടിലെ ആദ്യ മല്‍സരത്തില്‍ ദക്ഷിണാഫ്രിക്കയോട് 76 റണ്‍സിന്‍റെ കൂറ്റന്‍ തോല്‍വിയേറ്റു വാങ്ങിയതോടെ പ്രതിസന്ധിയിലായിരുന്നു. രണ്ടാമത്തെ മല്‍സരത്തില്‍ 72 റണ്‍സിന്‍റെ വമ്പന്‍ ജയം നേടിയതും ദക്ഷിണാഫ്രിക്ക വിന്‍ഡീസിനെതിരെ 9 വിക്കറ്റ് ജയം നേടിയതും ഇന്ത്യന്‍ പ്രതീക്ഷ സജീവമാക്കി. കൊല്‍ക്കത്തയില്‍ ഞായറാഴ്ച നടക്കുന്ന മല്‍സരത്തില്‍ വിന്‍ഡീസിനെതിരെ ജയിക്കുക കൂടി ചെയ്താലേ ഇന്ത്യയ്ക്ക് സെമിയില്‍ കടക്കാന്‍ കഴിയുകയുള്ളൂ. 

ENGLISH SUMMARY:

Indian opener Abhishek Sharma has opened up about the immense backing he received from the team management during his lean patch in the T20 World Cup 2026. Despite recording three ducks due to physical exhaustion and food poisoning, Abhishek was assured of his spot for the entire tournament. This trust paid off as he smashed a resilient 55 off 30 balls against Zimbabwe at Chepauk, Chennai. Abhishek highlighted the "family-like" atmosphere in the dressing room that boosted his confidence when he felt low. His half-century, featuring powerful sixes against Richard Ngarava and Brian Bennett, helped India secure a massive 72-run victory. As India prepares for a must-win clash against West Indies at Eden Gardens, Abhishek's return to form is a huge positive for the defending champions.