ഇന്ത്യന്‍ ക്രിക്കറ്റിലെ സ്വര്‍ഗ മൈതാനമെന്നാണ് ഈഡന്‍ ഗാര്‍ഡന്‍ അറിയപ്പെടുന്നത്. ആ പൂന്തോട്ടത്തില്‍ ഒരു വിജയത്തില്‍ കുറഞ്ഞതൊന്നും ഇന്ത്യന്‍ ടീമും ആരാധകരും ആഗ്രഹിച്ചിരുന്നില്ല. അത് നേടുക തന്നെ ചെയ്തു. എതിരാളികളായ വെസ്റ്റ് ഇന്‍ഡീസിനെ അഞ്ച് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ ട്വന്റി 20 ലോകകപ്പ് സെമിയില്‍. 97 റണ്‍സുമായി അവസാന ഓവര്‍ വരെ നിന്ന സഞ്ജുവായിരുന്നു ഇന്ത്യന്‍ ടീമിന്റെ രക്ഷകന്‍
ജയിക്കാന്‍ 196 റണ്‍സ് വേണ്ടിയിരുന്ന ഇന്ത്യന്‍ ബാറ്റര്‍മാര്‍ കരുതലോടെയാണ് നീങ്ങിയത്. ഇന്നിങ്സിലെ രണ്ടാം പന്തിൽ തന്നെ ബൗണ്ടറി നേടി മികച്ച തുടക്കമാണ് അഭിഷേക്, ഇന്ത്യയ്ക്ക് നൽകിയത്. രണ്ടാം ഓവറിലും അഭിഷേക് ഒരു ബൗണ്ടറി നേടി. ആദ്യ രണ്ട് ഓവറുകളിൽ 12 റൺസ് മാത്രമാണ് പിറന്നത്. മൂന്നാം ഓവറിൽ രണ്ടു സിക്സും ഒരു ഫോറും സഹിതം സഞ്ജു സാംസൺ ആക്രമണം തുടങ്ങിയതോടെയാണ് ഇന്ത്യൻ സ്കോർ ബോർഡ് ചലിച്ചത്. ഓവറിലെ ആദ്യ അഞ്ച് പന്തിൽ 17 റൺസാണ് സഞ്ജു അടിച്ചുകൂട്ടിയത്. എന്നാൽ അവസാന പന്ത് നേരിട്ട അഭിഷേക്, കൂറ്റൻ അടിക്ക് ശ്രമിച്ച് ഷിമ്രോൺ ഹെറ്റ്മെയറിനു ക്യാച്ച് നൽകുകയായിരുന്നു. പിന്നീടെത്തിയ ഇഷാൻ കിഷൻ രണ്ടു ബൗണ്ടറികളുമായി മികച്ച രീതിയിൽ തുടങ്ങിയെങ്കിലും അഞ്ചാം ഓവറിൽ ജയ്സൻ ഹോൾഡർ, ഷിമ്രോൺ ഹെറ്റ്മെയറിന്റെ കൈകളിൽ എത്തിക്കുകയായിരുന്നു. ഇതോടെ പവർപ്ലേയിൽ ഇന്ത്യയ്ക്ക് രണ്ടു വിക്കറ്റ് നഷ്ടമായി.
ഒരറ്റത്ത് കരുതലോടെയായിരുന്നു സഞ്ജുവിന്റെ ബാറ്റിങ്. മോശം പന്തുകള്‍ തിരഞ്ഞുപിടിച്ച് ഫോറും സിക്സും നേടി. 26 പന്തുകളില്‍ നിന്നും താരം അര്‍ധ സെഞ്ചറി നേടി. ഇന്ത്യന്‍ സ്കോര്‍ 99 ല്‍ നില്‍ക്കെ സൂര്യകുമാര്‍ യാദവ് 18 റണ്‍സുമായി പുറത്തായത് ഇന്ത്യയ്ക്ക് തിരിച്ചടിയായി. അപ്പോഴും ഒരറ്റത്ത് പിടിച്ചു നിന്ന സഞ്ജുവായിരുന്നു പ്രതീക്ഷ. തിലക് വര്‍മ ഒപ്പം ചേര്‍ന്നതോടെ സ്കോര്‍ ബോര്‍ഡില്‍ അക്കങ്ങള്‍ വേഗത്തില്‍ മാറിമറിഞ്ഞു. അവശേഷിക്കുന്ന പന്തുകളും ആവശ്യമായ റണ്‍സും തമ്മിലുള്ള അന്തരം കുറഞ്ഞു വന്നു. തിലക് വര്‍മ പന്ത് തുടരെ ബൗണ്ടറി ലൈന്‍ കടത്തിയതോടെ ഇന്ത്യന്‍ ക്യാംപ് ആഹ്ലാദം പൂണ്ടു. എന്നാല്‍ സന്തോഷത്തിന് അധികം ആയുസുണ്ടായില്ല.
തകര്‍ത്ത് കളിച്ച തിലകിനെ ജോസഫ് റുഥര്‍ഫോഡിന്റെ കയ്യിലെത്തിച്ചു. ഇന്ത്യന്‍ ആരാധകര്‍ തലയില്‍ കൈവച്ച് പോയ നിമിഷം. എന്നാല്‍ പ്രതിരോധത്തിലേക്ക് വലിയാന്‍ ഇന്ത്യയ്ക്ക് മനസില്ലായിരുന്നു. സഞ്ജുവിന്റെ ബാറ്റില്‍ നിന്ന് റണ്‍സുകള്‍ പിറന്നു. ക്രീസിലെത്തിയ ഹാര്‍ദിക് പാണ്ഡ്യ റണ്‍സ് കണ്ടെത്തുന്നതില്‍ മിടുക്ക് കാണിച്ചു. എന്നാല്‍ നിര്‍ണായക ഘട്ടത്തില്‍ പാണ്ഡ്യ (17)പുറത്തായതോടെ ഇന്ത്യ വീണ്ടും അപകടം മണത്തു. പകരം ക്രീസിലെത്തിയ ശിവം ദുബെ അവസരത്തിനൊത്തുയര്‍ന്നു. തുടരെ രണ്ടു ഫോറുകള്‍ നേടി വിജയസാധ്യത കൂട്ടി. അവസാന ഓവറില്‍ ജയിക്കാന്‍ വേണ്ടത് 7 റണ്‍സ്. ആദ്യ പന്ത് സിക്സ് നേടി സഞ്ജു സ്കോര്‍ തുല്യനിലയിലാക്കി. തൊട്ടടുത്ത പന്ത് ബൗണ്ടറി കടത്തി ടീമിനെ സെമിയിലേക്ക് നയിച്ചു. ജയം അഞ്ച് വിക്കറ്റിന്. ഓപ്പണറായി ഇറങ്ങി അവസാന ഓവര്‍ വരെ നിന്ന് രക്ഷകനായ സഞ്ജു മുട്ടു കുത്തി നിന്ന് പ്രാര്‍ഥിച്ചു, ഒപ്പം ആരാധകരും. 97 റണ്‍സാണ് താരം നേടിയത്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് നാല് വിക്കറ്റ് നഷ്ടത്തില്‍ 195 റണ്‍സെടുത്തു. മികച്ച തുടക്കമാണ് വിന്‍ഡീസിനു ലഭിച്ചത്. ഹോപ്പും റോസ്റ്റന്‍ ചേസും ചേര്‍ന്ന് സ്കോര്‍ ബോര്‍ഡ് ചലിപ്പിച്ചു. ഓപ്പണിങ് കൂട്ടുകെട്ട് 68 ല്‍ നില്‍ക്കെ 32 റണ്‍സെടുത്ത ഹോപ്പ് വീണു. പിന്നീടെത്തിയ ഹെറ്റ്മെയര്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. മികച്ച ഫോമിലായിരുന്ന ചേസിന്റെ വിക്കറ്റ് വീണത് ഇന്ത്യയ്ക്ക് ആശ്വാസമായി. 40 റണ്‍സാണ് ചേസ് നേടിയത്. അവസാന ഓവറുകളില്‍ പവലും ഹോള്‍ഡറും ചേര്‍ന്ന് നടത്തിയ വെടിക്കെട്ട് ബാറ്റിങ്ങ് ടീമിനെ പൊരുതാവുന്ന സ്കോറിലെത്തിച്ചു. പവല്‍ 19 പന്തുകളില്‍ നിന്ന് 34 ഉം ഹോള്‍ഡര്‍ 22 പന്തുകളില്‍ നിന്ന് 37 റണ്‍സും നേടി. ജസ്പ്രീത് ബുംമ്ര രണ്ടും ഹാര്‍ദിക് പാണ്ഡ്യയും വരുണ്‍ ചക്രവര്‍ത്തിയും ഓരോ വിക്കറ്റുകള്‍ വീതവും വീഴ്ത്തി.