രാജ്കോട്ട് ഏകദിനത്തില്‍ ഇന്ത്യയെ ഏഴുവിക്കറ്റിന് തോല്‍പിച്ച് ന്യൂസീലന്‍ഡ്. 285 റണ്‍സ് വിജയലക്ഷ്യം 48ാം ഓവറില്‍ മറികടന്നു. കിവീസിനായി ഡാരില്‍ മിച്ചല്‍ സെഞ്ചുറി നേടി. വില്‍ യങ്ങ് 87 റണ്‍സെടുത്തു. 50 റണ്‍സ് പിന്നിടും മുമ്പ് ഓപ്പണര്‍മാരെ നഷ്ടമായ ശേഷമായിരുന്നു കിവീസിന്റെ തിരിച്ചടി.131 റണ്‍സുമായി മിച്ചല്‍ പുറത്താകാതെ നിന്നു. ഇന്ത്യയ്‌ക്കെതിരെ ഇന്ത്യയിൽ ന്യൂസീലൻഡ് പിന്തുടർന്ന് ജയിക്കുന്ന ഏറ്റവും ഉയർന്ന സ്കോറാണിത്. മൂന്നുമല്‍സരങ്ങളുടെ പരമ്പരയില്‍ ന്യൂസീലന്‍ഡ് ഒപ്പമെത്തി.
Also Read: രോഹിതിനെ മറികടന്ന് വിരാട് കോലി; ഏകദിന റാങ്കിങില്‍ ഒന്നാമത്
മറുപടി ബാറ്റിങ്ങിൽ, പവർപ്ലേയിൽ തന്നെ വിക്കറ്റ് വീണതോടെ മികച്ച തുടക്കമാണ് ഇന്ത്യയ്ക്കു ലഭിച്ചത്. ആറാം ഓവറിൽ ഓപ്പണർ ഡെവൻ കോൺവേയെ (21 പന്തിൽ 16) ഹർഷിത് റാണ ക്ലീൻ ബോൾഡാക്കുകയായിരുന്നു. അപ്പോൾ ന്യൂസീലൻഡ് സ്കോർ 22ൽ എത്തിയതെ ഉണ്ടായിരുന്നുള്ളൂ. പവർപ്ലേയ്ക്കു തൊട്ടുപിന്നാലെ 13–ാം ഓവറിൽ മറ്റൊരു ഓപ്പണർ ഹെൻറി നിക്കോളാസിന്റെ (4 പന്തിൽ 10) വിക്കറ്റ് പ്രസിദ്ധ് കൃഷ്ണയും തെറിപ്പിച്ചതോടെ ഇന്ത്യയ്ക്ക് ഇരട്ടി സന്തോഷമായി. എന്നാൽ അവിടെനിന്ന് അങ്ങോട്ടാണ് ന്യൂസീലൻഡ് വിജയത്തിലേക്കുള്ള യാത്ര ആരംഭിച്ചത്. മൂന്നാം വിക്കറ്റിൽ ഒന്നിച്ച വിൽ യങ്ങും ഡാരിൽ മിച്ചലും നിലയുറപ്പിച്ചതോടെ വിജയം ഇന്ത്യയിൽനിന്നു വഴുതി. ഇരുവരും ചേർന്ന് 162 റൺസാണ് കൂട്ടിച്ചേർത്തത്.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ കെ.എല്‍. രാഹുലിന്റെ സെഞ്ചുറി മികവിൽ 7 വിക്കറ്റ് നഷ്ടത്തിൽ 284 റൺസെടുത്തു. 92 പന്തിൽ 11 ഫോറും രണ്ട് സിക്സും സഹിതം 112 റണ്‍സെടുത്ത രാഹുല്‍, ഇന്നിങ്സിന്റെ രണ്ടാം പകുതിയിൽ നിർണായക കൂട്ടുകെട്ടുകൾ പടുത്തുയർത്തി. ഒന്നിന് 99 എന്ന നിലയിൽ നിന്ന് ഇന്ത്യ നാലിന് 118 എന്ന നിലയിലേക്ക് തകർന്നിരുന്നു. കിവീസ് താരം ക്രിസ്റ്റ്യന്‍ ക്ലര്‍ക്ക് മൂന്നുവിക്കറ്റെടുത്തു.