ഐസിസി ഏകദിന റാങ്കിങില്‍ ഒന്നാമതെത്തി വിരാട് കോലി. 2021 ജൂലൈയ്ക്ക് ശേഷം ഇതാദ്യമായാണ് താരം റാങ്കിങില്‍ ഒന്നാമതെത്തിയത്. ന്യൂസീലന്‍ഡിനതിരായ ഒന്നാം ഏകദിനത്തില്‍ 91 പന്തുകളില്‍ നിന്ന് കോലിയെടുത്ത 93 റണ്‍സാണ് രോഹിതിനെ മറികടന്ന് നേട്ടത്തിലെത്താന്‍ കോലിയെ സഹായിച്ചത്. ഇത് പതിനൊന്നാം തവണയാണ് കോലി ഐസിസി പുരുഷന്‍മാരുടെ ഏകദിന ബാറ്റിങ് റാങ്കിങില്‍ ഒന്നാമതെത്തുന്നത്. കഴിഞ്ഞ ഒക്ടോബറില്‍ ഓസീസിനെതിരെ തുടര്‍ച്ചയായി പൂജ്യത്തിന് പുറത്തായ ശേഷം ചാംപ്യന്‍സ് ട്രോഫി മുതല്‍ കോലി തകര്‍ത്തടിക്കാന്‍ തുടങ്ങി. ദക്ഷിണാഫ്രിക്കയ്ക്കെതിരെ നടന്ന പരമ്പരയില്‍ 135,102, പുറത്താകാതെ 65 എന്നിങ്ങനെയായിരുന്നു കോലിയുടെ ബാറ്റില്‍ നിന്ന് റണ്‍ ഒഴുകിയത്.
2013 ഒക്ടോബറിലാണ് കോലി ആദ്യമായി ഏകദിന റാങ്കിങില്‍ ഒന്നാമതെത്തിയത്.തുടര്‍ച്ചയായ 825 ദിവസം ഒന്നാമനായി തുടര്‍ന്നു. ഏറ്റവുമധികം കാലം ഒന്നാമനായ ഇന്ത്യന്‍ ബാറ്ററെന്ന റെക്കോര്‍ഡും കോലിയുടെ പേരിലാണ്. ഐസിസിയുടെ ഓള്‍ടൈം പട്ടികയില്‍ പത്താമതാണ് നിലവില്‍ കോലി. വിന്‍ഡീസ് ഇതിഹാസം വിവിയന്‍ റിച്ചാര്‍ഡ്സാണ് ഒന്നാമത്. 2036 ദിവസമാണ് വിവിയന്‍ റിച്ചാര്‍ഡ്സ് റാങ്കിങില്‍ ഒന്നാമനായി തുടര്‍ന്നത്. അതേസമയം, നിലവിലെ ഒന്നാം സ്ഥാനത്തിന് കോലിക്ക് ഭീഷണിയുള്ളത് കിവീസ് ബാറ്റര്‍ ഡാരില്‍ മിച്ചലില്‍ നിന്നാണ്. ഒറ്റ പോയിന്‍റ് മാത്രമാണ് താരം പിന്നില്‍. ഇന്ത്യയ്ക്കെതിരെ നേടിയ 84 റണ്‍സ് മിച്ചലിനെ രോഹിത് ശര്‍മയെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളാന്‍ സഹായിച്ചിരുന്നു.
ഏകദിന റാങ്കിങില്‍ കെ.എല്‍.രാഹുല്‍ ഒരു സ്ഥാനം മെച്ചപ്പെടുത്തി പതിനൊന്നാമനായപ്പോള്‍ ഡെവന്‍ കോണ്‍വേ മൂന്ന് സ്ഥാനം മെച്ചപ്പെടുത്തി 29–ാമതെത്തി. ബോളര്‍മാരില്‍ സിറാജ് അഞ്ച് സ്ഥാനം മെച്ചപ്പെടുത്തി പതിനഞ്ചാമതും കെയ്ല്‍ ജെയ്മിസന്‍ 69–ാമതും എത്തി.
ഐസിസിയുടെ പുരുഷന്‍മാരുടെ ടെസ്റ്റ് റാങ്കിങില്‍ ജോ റൂട്ട് തന്നെ ഒന്നാമത്. ഹാരി ബ്രൂക് രണ്ടാം സ്ഥാനത്തും ട്രാവിസ് ഹെഡും സ്റ്റീവ് സ്മിത്തും മൂന്നും നാലും സ്ഥാനങ്ങളിലുമാണ്.