File Image Credit: AP
ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ക്യാപ്റ്റന്‍മാരുടെ പട്ടികയെടുത്താല്‍ അതില്‍ ഉറപ്പായും കാണുന്ന പേരാണ് മഹേന്ദ്ര സിങ് ധോണിയുടേത്. ക്യാപ്റ്റനെന്ന നിലയില്‍ എല്ലാ നേട്ടങ്ങളും കൈവരിച്ച ശേഷമായിരുന്നു ധോണിയുടെ മടക്കം. ഒരു പുതുവര്‍ഷം പിറക്കാന്‍ നാല് ദിവസം മാത്രം ശേഷിക്കെയായിരുന്നു ധോണി ഇന്ത്യന്‍ ടീമിന്‍റെ ക്യാപ്റ്റന്‍ പദവി ഒഴിഞ്ഞത്. ആ പടിയിറക്കം പക്ഷേ ബിസിസിഐ ആവശ്യപ്പെട്ടിട്ടായിരുന്നുവെന്നാണ് അന്നത്തെ മുഖ്യ സിലക്ടര്‍ എംഎസ്കെ പ്രസാദിനൊപ്പമുണ്ടായിരുന്ന ജതിന്‍ പരഞ്ജ്പെയുടെ വെളിപ്പെടുത്തല്‍. 'ദ് ഗ്രേറ്റ് ക്രിക്കറ്റ് ഇന്ത്യന്‍ ഷോ'യിലാണ് പരഞ്ജ്പെ ഇക്കാര്യം വെളിപ്പെടുത്തിയത്.
'മഹി ബാറ്റ് ചെയ്യുകയായിരുന്നു. ഒരു മണിക്കൂറോളം ബാറ്റ് ചെയ്തു. ഞാനും എംഎസ്കെയും അത് നോക്കി, ശേഷം മുഖത്തോട് മുഖം നോക്കി. ഏറ്റവും ബഹുമാനത്തോടെ ധോണിയോട് അക്കാര്യം പറയാന്‍ ഞങ്ങള്‍ തയാറെടുത്തിരുന്നു. ഞങ്ങള്‍ ധോണിക്കരികിലേക്ക് ചെന്നു.. 'നോക്ക്, നിനക്കറിയാമല്ലോ മഹീ.. ഇതാണ് മൂവ് ഓണ്‍ ചെയ്യാന്‍ പറ്റിയ ഏറ്റവും മികച്ച സമയമെന്ന് തോന്നുന്നു' എന്ന് എംഎസ്കെ പറഞ്ഞു. ഉടന്‍ തന്നെ ധോണി..' അണ്ണാ, ഇതാണ് ഏറ്റവും മികച്ച തീരുമാനം. ഞാനെന്താണ് ചെയ്യേണ്ടതെന്ന് പറയൂ...' എങ്കില്‍ അക്കാര്യം എഴുതിത്തരൂ, മൂവ് ഓണ്‍ ചെയ്യാന്‍ തയാറാണെന്ന് എഴുതൂ എന്ന് എംഎസ്കെ പറഞ്ഞു. അന്ന് അര്‍ധരാത്രിയോട് അടുക്കുമ്പോള്‍ ഞങ്ങള്‍ക്ക് ഒരു ഇമെയില്‍ സന്ദേശം ലഭിച്ചു അതിങ്ങനെയായിരുന്നു..' ഞാന്‍ ക്യാപ്റ്റന്‍ പദവിയൊഴിയാന്‍ താല്‍പര്യപ്പെടുന്നു'... ഞങ്ങള്‍ക്ക് ആ തീരുമാനം അന്ന് കൈക്കൊള്ളേണ്ടിയിരുന്നു. അതിന്‍റെ പേരില്‍ ഒരുപാട് വിമര്‍ശനം കേട്ടു. പക്ഷേ ജീവിതത്തില്‍ ചിലപ്പോഴൊക്കെ കഠിനമായ ചില തീരുമാനങ്ങള്‍ നിങ്ങള്‍ക്ക് എടുത്തേ മതിയാകൂ'- പരഞ്ജ്പെ വെളിപ്പെടുത്തി.
വിരാട് കോലിയായിരുന്നു പകരം ഏകദിന ക്യാപ്റ്റനായത്. കോലി ടെസ്റ്റിലും ക്യാപ്റ്റനായിരുന്നു. കോലിക്ക് കീഴില്‍ ഇന്ത്യന്‍ ടീം പുതിയ ഉയരങ്ങള്‍ കീഴടക്കി. എല്ലാ ഫോര്‍മാറ്റിലെയും ക്യാപ്റ്റനാകണമെന്ന തീവ്രമായ ആഗ്രഹം കോലിക്കുണ്ടായിരുന്നുവെന്ന് അന്നത്തെ ഇന്ത്യയുടെ ഫീല്‍ഡ് കോച്ചായ ആര്‍.ശ്രീധര്‍ ജീവചരിത്രത്തില്‍ എഴുതിയിട്ടുണ്ട്. എല്ലാ ഫോര്‍മാറ്റിലും കോലി തന്നെ നായകനാകുമെന്ന ഉറപ്പ് അന്നത്തെ കോച്ചായ രവിശാസ്ത്രിയും കോലിക്ക് നല്‍കിയിരുന്നു. കൃത്യസമയമാകുമ്പോള്‍ എല്ലാം കൈവശം വന്ന് ചേരുമെന്നായിരുന്നു രവിശാസ്ത്രിയുെട പക്ഷം.
ധോണി ഉറച്ച മനസോടെയാണ് കോലിക്കായി സ്ഥാനമൊഴിഞ്ഞത്. അകമഴിഞ്ഞ പിന്തുണയും നല്‍കിയെന്നും പരഞ്ജ്പെ കൂട്ടിച്ചേര്‍ക്കുന്നു. വിക്കറ്റ് കീപ്പറായി നില്‍ക്കുമ്പോഴും ആവശ്യമായ സമയങ്ങളില്‍ കോലിക്ക് ധോണി ഒപ്പമുണ്ടായിരുന്നു. കോലിക്ക് ഉറച്ച പിന്തുണ നല്‍കാന്‍ രണ്ടാമതൊരുവട്ടം പോലും ധോണിക്ക് ആലോചിക്കേണ്ടി വന്നില്ലെന്നും പരഞ്ജ്പെ പ്രശംസിച്ചു. 'കോലിയെനിക്ക് സഹോദരനെപ്പോലെയാണ്. അവന് ആവശ്യമായ എല്ലാ പിന്തുണയും സഹായവും എന്‍റെ ഭാഗത്ത് നിന്നുമുണ്ടാകും. മികച്ച ടീമിനെ നമ്മള്‍ കെട്ടിപ്പടുക്കും' എന്നായിരുന്നു ധോണിയുടെ മറുപടിയെന്നും അദ്ദേഹം ഓര്‍ത്തെടുത്തു.