devdutt-padika

വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റ് ചാംപ്യന്‍ഷിപ്പില്‍ റണ്‍മഴയ്ക്കൊപ്പം റെക്കോര്‍ഡിന്‍റെ പെരുമഴയും. ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ചേസ് ഇനി കര്‍ണാടകയുടെ പേരില്‍. അതും മലയാളിയുടെ നേതൃത്വത്തില്‍. അഹമ്മദാബാദില്‍ നടന്ന എലീറ്റ് ഗ്രൂപ്പ് എ മല്‍സരത്തില്‍ കര്‍ണാടക ജാര്‍ഖണ്ഡിനെ തോല്‍പ്പിച്ചത് 5 വിക്കറ്റിന്. പക്ഷേ മറികടന്ന സ്കോര്‍ എത്രയെന്നറിയുമ്പോഴാണ് വിജയത്തിന്‍റെ വലുപ്പം ശരിക്കറിയുക.

നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ ടോസ് നേടിയ കര്‍ണാടക ഫീല്‍ഡ് ചെയ്യാന്‍ തീരുമാനിച്ചു. ആ തീരുമാനം തെറ്റിയെന്ന് ജാര്‍ഖണ്ഡിന്‍റെ ബാറ്റിങ് കണ്ടപ്പോള്‍ എല്ലാവരും ഉറപ്പിച്ചു. തുടക്കം മുതല്‍ ആക്രമിച്ച ജാര്‍ഖണ്ഡിന് 110 റണ്‍സെടുക്കുന്നതിനിടെ 3 വിക്കറ്റ് നഷ്ടമായെങ്കിലും വിരാട് സിങ്ങും കുമാര്‍ കുഷാഗ്രയും ചേര്‍ന്ന നാലാംവിക്കറ്റ് കൂട്ടുകെട്ട് അനായാസം ടീമിനെ മുന്നോട്ടുനയിച്ചു. അപ്പോഴും 350 – 360 റണ്‍സ് ആയിരുന്നു ജാര്‍ഖണ്ഡ് പോലും കരുതിയ സ്കോര്‍. എന്നാല്‍ ക്യാപ്റ്റന്‍ ഇഷാന്‍ കിഷന്‍ ക്രീസിലെത്തിയതോടെ കര്‍ണാടക ബോളര്‍മാരുടെ അടിതെറ്റി.

വെറും 39 പന്തില്‍ 14 സിക്സറുകളുടെ അകമ്പടിയില്‍ ഇഷാന്‍ അടിച്ചുകൂട്ടിയത് 125 റണ്‍സ്. 7 ബൗണ്ടറികളും ഇഷാന്‍റെ ബാറ്റില്‍ നിന്ന് പറന്നു. ഇഷാന്‍ താണ്ഡവത്തിന്‍റെ സ്ട്രൈക്ക് റേറ്റ് 320.51. അന്‍പതോവര്‍ പൂര്‍ത്തിയായപ്പോള്‍ ജാര്‍ഖണ്ഡ് സ്കോര്‍ 412/9. ലോകക്രിക്കറ്റില്‍ അതിലും ഉയര്‍ന്ന സ്കോര്‍ ചേസ് ചെയ്തിട്ടുള്ളത് ദക്ഷിണാഫ്രിക്ക മാത്രം. 2006ല്‍ ഓസ്ട്രേലിയ നേടിയ 434 റണ്‍സ് മറികടന്നാണ്  അവര്‍ ചരിത്രം കുറിച്ചത്. അതുപോലൊന്ന് ഇന്ത്യന്‍ മണ്ണിലോ? അസാധ്യം!

Also Read: 36 പന്തില്‍ സെഞ്ചറി; വിജയ് ഹസാരെയില്‍ തകര്‍ത്തടിച്ച് വൈഭവ് സൂര്യവംശി; റെക്കോര്‍ഡ്

പക്ഷേ അഹമ്മദാബാദിലെ ക്രിക്കറ്റ് പ്രേമികളെ കാത്തിരുന്നത് മറ്റൊരു ചരിത്രമായിരുന്നു. നഷ്ടപ്പെടാന്‍ ഒന്നുമില്ലാത്തവരെപ്പോലെ കര്‍ണാടക തുടക്കം മുതല്‍ ആഞ്ഞടിച്ചു. മലയാളി ഓപ്പണര്‍ ദേവ്‍ദത്ത് പടിക്കലും ക്യാപ്റ്റന്‍ മായങ്ക്  അഗര്‍വാളും ക്രീസില്‍. പന്ത്രണ്ടാം ഓവറില്‍ മായങ്ക് പുറത്താകുമ്പോള്‍ കര്‍ണാടക സ്കോര്‍ഡ് കാര്‍ഡില്‍ 114 റണ്‍സ് എത്തിയിരുന്നു. 7 സിക്സും 10 ഫോറുമായി തകര്‍ത്തടിച്ച പടിക്കല്‍ 118 പന്തില്‍ 147 റണ്‍സെടുത്തു.

കര്‍ണാടകയുടെ പോരാട്ടം അവിടെ തീര്‍ന്നെന്ന് കരുതിയവര്‍ക്ക് പിഴച്ചു! കരുണ്‍ നായര്‍, രവിചന്ദ്രന്‍ സ്മരണ്‍, കിഷന്‍ജിത് ശ്രീജിത്ത്, അഭിനവ് മനോഹര്‍, ധ്രുവ് പ്രഭാകര്‍... ബാറ്റെടുത്തവരെല്ലാം വെളിച്ചപ്പാടായി. സിക്സറുകളെക്കാള്‍ ബൗണ്ടറികളായിരുന്നു കര്‍ണാടക ഇന്നിങ്സില്‍. റിസ്ക് കുറവ്, നേട്ടം വലുത്! ഒടുവില്‍ 5 പന്ത് ബാക്കിനില്‍ക്കേ കര്‍ണാടകയ്ക്ക് ചരിത്രവിജയം. അന്തിമ സ്കോര്‍ 47.3 ഓവറില്‍ 5 വിക്കറ്റിന് 413 റണ്‍സ്. 

ലിസ്റ്റ് എ ക്രിക്കറ്റിലെ ഇന്ത്യക്കാരുടെ ഏറ്റവും വേഗമേറിയ 4 സെഞ്ചറികളില്‍ മൂന്നും പിറന്നത് ഒരേ ദിവസം. ബിഹാര്‍ താരം സാക്കിബുള്‍ ഗനി വെറും 32 പന്തില്‍ സെഞ്ചറി നേടിയപ്പോള്‍ ഒരുപന്ത് വ്യത്യാസത്തിലായിരുന്നു ഇഷാന്‍ കിഷന്‍റെ ശതകം. തൊട്ടുപിന്നാലെ വൈഭവ് സൂര്യവംശി 36 പന്തില്‍ സെ‍ഞ്ചറി തികച്ചു. അരുണാചല്‍ പ്രദേശിനെതിരെയായിരുന്നു സാക്കിബുളിന്‍റെയും വൈഭവിന്‍റെയും വിളയാട്ടം. 50 ഓവറില്‍ 6 വിക്കറ്റിന് 574 റണ്‍സ് എന്ന ലോകചരിത്രവും ആ മല്‍സരത്തില്‍ ബിഹാര്‍ എഴുതിച്ചേര്‍ത്തു.

ENGLISH SUMMARY:

Vijay Hazare Trophy witnessed a record-breaking chase by Karnataka against Jharkhand, marking a significant moment in domestic cricket. This victory, fueled by exceptional batting performances, highlights the dynamic nature of List A cricket and sets new benchmarks for scoring and chasing targets.