ട്വന്‍റി 20 ടീമിന്റെ വൈസ് ക്യാപ്റ്റന്‍, മോശം ഫോം തുടര്‍ന്നിട്ടും ഭാവി കണ്ട് ടീം മാനേജ്മെന്റിന്‍റെ പ്രത്യേക താല്‍പര്യം ശുഭ്മാന്‍ ഗില്ലിന് കിട്ടി. അങ്ങനെയാണ് ഓപ്പണിങില്‍ തിളങ്ങിയിരുന്ന സഞ്ജു സാംസണിനെ താഴേക്ക് ഇറക്കി ഗില്‍ ഓപ്പണിങില്‍ ഇറങ്ങുന്നത്. എന്നാല്‍ ട്വന്‍റി 20 ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ചതോടെ ഗില്ലിന്‍റെ ഒഴിവ് അപ്രതീക്ഷിതമായി. ഇത്രനാളും കൊണ്ടു നടന്നിട്ടും എന്തുകൊണ്ടാണ് ടീം മാനേജ്മെന്‍റ് ഗില്ലിനെ ഒടുവില്‍ തഴഞ്ഞത്.
Also Read: ഗില്‍ ഔട്ട്; സഞ്ജു ഇന്‍; ട്വന്‍റി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീം ഇങ്ങനെ
ഗില്ലിന്‍റെ ക്വാളിറ്റിയുടെ പ്രശ്നമല്ലെന്നും ടീം തിരഞ്ഞെടുത്ത ഘടനയാണ് താരത്തെ പുറത്തിരുത്തിയതെന്നും ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കര്‍ പറഞ്ഞു. ''ശുഭ്മാൻ ഗില്ലിന് ഇപ്പോൾ റൺസ് കുറവാണ്. ഗില്ലിന് കഴിഞ്ഞ ലോകകപ്പും നഷ്‌ടമായി. കോമ്പിനേഷനുകള്‍ നോക്കുകയാണെങ്കില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ് ചെയ്യണം. ടോപ്പ് ഓര്‍ഡറില്‍ ബാറ്റു ചെയ്യുന്ന കീപ്പറായതിനാല്‍ ശുഭ്മാന്‍ ഗില്ലിന് നിര്‍ഭാഗ്യവശാല്‍ സ്ഥാനം നഷ്ടമായി. 15 പേരെ തിരഞ്ഞെടുക്കുമ്പോള്‍ ചിലര്‍ പുറത്താകും'' എന്നാണ് അഗാര്‍ക്കര്‍ പറഞ്ഞത്.
"രണ്ട് വിക്കറ്റ് കീപ്പർമാരെ മുൻനിരയിൽ ഇറക്കുക (സഞ്ജു സാംസണും ഇഷാൻ കിഷനും) എന്നതാണ് പരീക്ഷിക്കാൻ ആഗ്രഹിക്കുന്നത്. ഏത് തരത്തിലുള്ള കോമ്പിനേഷനുകൾ വേണമെന്ന് ടീം മാനേജ്‌മെന്റ് ഒടുവിൽ തീരുമാനിക്കും. ലോവർ മിഡിൽ ഓർഡറിൽ ടീമിന് കുറച്ചുകൂടി കരുത്ത് പകരാൻ റിങ്കു സിങുണ്ട്" അഗാർക്കർ വിശദീകരിച്ചു.
Also Read: 'വാ മച്ചി.. തൂക്ക് ഇവനെ..'; യാന്‍സനെ തൂക്കാന്‍ തമിഴ്; വിക്കറ്റിന് പിന്നില്‍ സഞ്ജു ബ്രില്യന്‍സ്
വിക്കറ്റ്കീപ്പര്‍ മിഡില്‍ ഓഡറില്‍ എന്ന തീരുമാനമാണ് ഇഷാന്‍ കിഷനെ ടീമിലെത്തിച്ചത്. ആഭ്യന്തര ക്രിക്കറ്റില്‍, സെയ്ദ് മുഷ്താഖ് അലി ട്രോഫിയില്‍ 10 ഇന്നിങ്സില്‍ നിന്നായി 517 റണ്‍സാണ് ഇഷാന്‍ കിഷന്‍ അടിച്ചുകൂട്ടിയത്. ഇഷാന്‍ വൈറ്റ്ബോള്‍ ക്രിക്കറ്റില്‍ ടോപ്പ് ഓഡറില്‍ ബാറ്റ് ചെയ്യും. നിലവില്‍ മികച്ച ഫോമിലാണ്. ഈ സമയത്ത് അദ്ദേഹമാണ് മികച്ച താരമെന്ന് തോന്നി. ഒരു ടീം ഉണ്ടാക്കാന്‍ ശ്രമിക്കുമ്പോള്‍ മികച്ച ബാക്ക്അപ്പിനാണ് ശ്രമിക്കുകയെന്നും അഗാര്‍ക്കര്‍ വിശദീകരിച്ചു.
എന്നാല്‍ ഭാവിയില്‍ ഗില്‍ ടീമിനൊപ്പം ചേരുമെന്നും അഗാര്‍ക്കര്‍ പറഞ്ഞു. അതിനെ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും പിന്തുണച്ചു. ഗിൽ ഒരു മികച്ച കളിക്കാരനാണെന്നതില്‍ തർക്കമില്ലെന്നും ടോപ്പ് ഓര്‍ഡറില്‍ ബാറ്റ് ചെയ്യാൻ ഒരു കീപ്പറെ ആവശ്യമാണെന്നും ക്യാപ്റ്റൻ പറഞ്ഞു.
ട്വന്‍റി 20 ലോകകപ്പില്‍, ഫെബ്രുവരി ഏഴിന് മുംബൈയില്‍ യു.എസ്.എയ്ക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ഡല്‍ഹിയില്‍ നമീബിയയ്ക്കെതിരെ 12 ന് ഇന്ത്യ കളിക്കും. ഇന്ത്യ– പാക്ക് മത്സരം ഫെബ്രുവരി 15 ന് കൊളംബോയിലാണ്. 18 ന് നെതര്‍ലാന്‍ഡ്സിനെതിരെയാണ് അവസാന ഗ്രൂപ്പ് മത്സരം.