gill-sanju

2026 ലെ ട്വന്‍റി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. പരുക്കേറ്റ വൈസ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ ടീമിലില്ല. ഓള്‍റൗണ്ടര്‍ അക്സര്‍ പട്ടേലാണ് വൈസ് ക്യാപ്റ്റന്‍. വിക്കറ്റ് കീപ്പറായി സഞ്ജു സാംസണെയും ഇഷാന്‍ കിഷന്‍, റിങ്കു സിങ് എന്നിവരെയും ടീമില്‍ ഉള്‍പ്പെടുത്തി. മുംബൈയിലെ ബിസിസിഐ ആസ്ഥാനത്ത് നടത്തിയ വാർത്താ സമ്മേളനത്തില്‍ ബിസിസിഐ സെക്രട്ടറി ദേവ്ജിത് സൈകിയ, ചീഫ് സിലക്ടർ അജിത് അഗാര്‍ക്കർ, ക്യാപ്റ്റൻ സൂര്യകുമാർ യാദവ് എന്നിവർ ചേർന്നാണു ടീമിനെ പ്രഖ്യാപിച്ചത്

തിരിച്ചുവരവിന് ശേഷം ഓപ്പണില്‍ ഫോം കണ്ടെത്താതെ വിഷമിക്കുന്ന വൈസ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിനെ ഒഴിവാക്കിയതാണ് ശ്രദ്ധേയം. കഴിഞ്ഞ 15 ട്വന്‍റി 20കളില്‍ 24.25 ശരാശരിയില്‍ 291 റണ്‍സാണ് ഗില്ലിന് നേടാനായത്. 137 ആണ് ശരാശരി. ഇത്രയും മത്സരങ്ങള്‍ക്കിടയില്‍‌ ഇതുവരെ ഒരു അര്‍ധസെഞ്ചറി പോലും ഗില്ലിന് നേടാനായിട്ടില്ല. നിരവധി തവണ പരീക്ഷിച്ചെങ്കിലും തുടര്‍ച്ചയായി പരാജയപ്പെട്ടതോടെയാണ് സെലക്ടര്‍മാര്‍ മാറി ചിന്തിച്ചത്. 

ഗില്ലിനെ ടീമില്‍ ഉള്‍പ്പെടുത്തിയതോടെ ബാറ്റിങ് ഓര്‍ഡറില്‍ താഴേക്ക് ഇറങ്ങേണ്ടി സഞ്ജുവിന് പിന്നീട്  ഇലവനില്‍ അവസരങ്ങള്‍ കുറഞ്ഞിരുന്നു. ടോപ്പ് ഓര്‍ഡറില്‍ 12 ട്വന്‍റി 20 മത്സരങ്ങളില്‍ നിന്നും 417 റണ്‍സാണ് സഞ്ജുവിനുള്ളത്. 183.70 സ്ട്രൈക്ക് റേറ്റുള്ള താരത്തിന് മൂന്നു സെഞ്ചറികളുണ്ട്. ഓസ്ട്രേലിയന്‍ പരമ്പരയില്‍ ടോപ്പ് ഓര്‍‍ഡര്‍ നഷ്ടപ്പെട്ട സഞ്ജു ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരയില്‍ അവസാന ട്വന്‍റി 20 മാത്രമാണ് കളിച്ചത്. ഈ മത്സരത്തില്‍ ഓപ്പണ്‍ ചെയ്ത സഞ്ജു 22 പന്തില്‍ 37 റണ്‍സ് നേടി ടീമിന് മികച്ച തുടക്കം നല്‍കി. 

ബാറ്റിങ് വിക്കറ്റ് കീപ്പറെ ഓപ്പണിങില്‍ കളിപ്പിച്ചുള്ള പഴയ രീതി തുടരാനാണ് മാനേജ്മെന്‍റ് തയ്യാറെടുക്കുന്നത് എന്ന് കാണിക്കുന്നതാണ് ടീം സെലക്ഷന്‍. ഇതോടെ ജിതേഷ് ശര്‍മയെ പരിഗണിച്ചില്ല. ഇഷാന്‍ കിഷനെയാണ് രണ്ടാമത്തെ വിക്കറ്റ് കീപ്പറായി ടീമില്‍ ഉള്‍പ്പെടുത്തിയത്. 

ട്വന്റി20 ഫോർമാറ്റിൽ ഗിൽ റൺസ് കണ്ടെത്താൻ ബുദ്ധിമുട്ടുന്നതിനാലാണ് ലോകകപ്പ് കളിക്കാത്തതെന്ന് അജിത് അഗാര്‍ക്കർ വാർത്താ സമ്മേളനത്തിൽ പ്രതികരിച്ചു. എന്നാല്‍ ഗില്ലിനെ ഒഴിവാക്കിയത് ഫോമിന്‍റെ അടിസ്ഥാനത്തില്‍ അല്ലെന്നും വിക്കറ്റ് കീപ്പറെ ഓപ്പണിങില്‍ ആവശ്യമുള്ളതിനാലാണെന്നും ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് പറഞ്ഞു. 

2023 ല്‍ അവസാന രാജ്യാന്തര ട്വന്‍റി 20 കളിച്ച ഇഷാന്‍ കിഷന്‍ ആഭ്യന്തര ക്രിക്കറ്റിലെയും ഇന്ത്യഎയ്ക്ക് വേണ്ടി നടത്തിയ പ്രകടനവുമാണ് ടീമിലെത്തിച്ചത്. കഴിഞ്ഞ ദിവസം അവസാനിച്ച സെയ്ദ് മുഷ്താഖ് അലി ട്രോഫിയില്‍ 571 റണ്‍സോടെ ടോപ്പ് സ്കോററാണ് ഇഷാന്‍. ഫൈനലില്‍ ഹരിയാനയ്ക്കെതിരെ സെഞ്ചറി നേടിയ ഇഷാന്‍റെ പ്രകടനമാണ് ജാര്‍ഖണ്ഡിന് ആദ്യ കിരീടം സമ്മാനിച്ചത്. 

ടീം: സൂര്യകുമാർ യാദവ് (ക്യാപ്റ്റന്‍), അഭിഷേക് ശർമ്മ, സഞ്ജു സാംസൺ (wk), തിലക് വർമ്മ, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, അക്സർ പട്ടേൽ, ജസ്പ്രീത് ബുംറ, റിങ്കു സിംഗ്, ഹർഷിത് റാണ, അർഷ്ദീപ് സിംഗ്, കുൽദീപ് യാദവ്, വരുൺ ചക്രവർത്തി, വാഷിംഗ്ടൺ സുന്ദര്‍, ഇഷാന്‍ കിഷൻ

ENGLISH SUMMARY:

India has announced its 15-member squad for the 2026 T20 World Cup, led by Suryakumar Yadav. In a major blow, vice-captain Shubman Gill is ruled out due to injury, with Axar Patel taking over as his deputy. Sanju Samson and Ishan Kishan are the wicket-keeping options in a balanced side featuring stars like Bumrah, Hardik, and Kuldeep.