ട്വന്‍റി 20 ലോകകപ്പിലെ വെസ്റ്റിന്‍ഡീസിനെതിരായ മല്‍സരത്തില്‍ ഇന്ത്യയെ വിജയത്തിലെത്തിച്ചതോടെ സോഷ്യല്‍ മീഡിയയിലാകെ സഞ്ജു തന്നെയാണ് ചര്‍ച്ചാവിഷയം. ലോകകപ്പിൽ നിന്ന് പുറത്താകുമായിരുന്ന ടീമിനെ സഞ്ജുവിന്റെ വീറുറ്റ പോരാട്ടമാണ് കര കയറ്റിയത്. താരത്തിന്‍റെ കഴിഞ്ഞ ഇന്നിങ്സിനെപ്പറ്റി നിരവധി പോസ്റ്റുകളാണ് ഫെയ്സ്ബുക്കിലും ട്വിറ്ററിലുമുള്ളത്.
പിന്നാലെ സഞ്ജുവിനെ അഭിനന്ദിച്ചുകൊണ്ട് ഒരാള്‍ ട്വിറ്ററില്‍ പങ്കുവെച്ച പോസ്റ്റ് വലിയ വിവാദത്തിലേക്കാണെത്തിയത്. സഞ്ജുവിന്‍റെ കേളീമികവിനെ അഭിനന്ദിക്കുന്നതാണെങ്കില്‍ പോലും, വംശീയചുവയോടെയാണ് ഇയാൾ പോസ്റ്റിട്ടത്. വിവാദമായ ആ പോസ്റ്റിന്‍റെ സ്ക്രീന്‍ ഷോട്ട് പങ്കുവെച്ചുകൊണ്ട് കോൺഗ്രസ് എക്സില്‍ പോസ്റ്റുമായെത്തി.
ഇന്ത്യയിൽ വംശീയതയ്ക്ക് സ്ഥാനമില്ലെന്നാണ് കോൺഗ്രസ് പോസ്റ്റിലൂടെ വ്യക്തമാക്കുന്നത്. ഈ പോസ്റ്റിന്‍റെ പശ്ചാത്തലത്തില്‍ ഉടൻ നടപടിയെടുക്കണമെന്നും കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവിനോട് കോൺഗ്രസ് അവശ്യപ്പെട്ടു.
ട്വന്‍റി 20 ലോകകപ്പില്‍ വെസ്റ്റിന്‍ഡീസിനെതിരായ മല്‍സരത്തില്‍ ഇന്ത്യയെ വിജയത്തിലെത്തിച്ച സഞ്ജു സാംസണെ ക്യാപ് ഊരി അഭിവാദ്യം ചെയ്യുന്ന ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന്റെ ദ്യശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വന്‍ വൈറലാണ്. ക്ഷമയോടെ കാത്തിരിക്കുന്ന നല്ല ആളുകള്‍ക്ക് നല്ല കാര്യങ്ങള്‍ ,സംഭവിക്കുമെന്നാണ് ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് പറഞ്ഞത്.
മല്‍സരശേഷം സഞ്ജു ഡ്രസിങ് റൂമിലേക്ക് മടങ്ങുമ്പോഴാണ് സൂര്യകുമാര്‍ യാദവ് ഗ്രൗണ്ടില്‍ വച്ച് സഞ്ജുവിനെ വണങ്ങിയത്. ചിരിയോടെ ക്യാപ്റ്റന്‍റെ അടുത്തെത്തിയ സഞ്ജു , ക്യാപ്റ്റനെ കെട്ടിപ്പിടിക്കുകയും ചെയ്തു. ബിസിസിഐയടക്കം ദ്യശ്യങ്ങള്‍ സമൂഹമാധ്യമത്തില്‍ പങ്കുവച്ചു.