ഇടവേളയ്ക്ക് ശേഷം ആദ്യ ഇലവനിലെത്തിയ സഞ്ജു സാംസണ്‍ ടോപ്പ് ഓര്‍ഡറില്‍ തന്‍റെ പ്രധാന്യം വ്യക്തമാക്കുന്ന ഇന്നിങ്സാണ് നാലാം ട്വന്‍റി 20യില്‍ കളിച്ചത്. അഭിഷേക് ശര്‍മയ്ക്കൊപ്പം ഇന്ത്യയ്ക്ക് മികച്ച തുടക്കം നല്‍കിയ സഞ്ജു 22 പന്തില്‍ 37 റണ്‍സെടുത്തു. നാല് ബൗണ്ടറിയും രണ്ട് സിക്സറും അടങ്ങുന്നതാണ് ഇന്നിങ്സ്. ജോര്‍ജ് ലിന്‍ഡെയുടെ പന്തില്‍ സഞ്ജു ബൗള്‍ഡാകുമ്പോള്‍ ടീം സ്കോര്‍ 97 ലെത്തിയിരുന്നു.
ബാറ്റിങിനൊപ്പം വിക്കറ്റിന് പിന്നിലും സഞ്ജു നിറഞ്ഞ് കളിച്ച മത്സരമായിരുന്നു അഹമ്മദാബാദിലേത്. ദക്ഷിണാഫ്രിക്കയുടെ ബാറ്റിങില്‍ 16-ാം ഓവറില്‍ വരുണ്‍ ചക്രവര്‍ത്തിയെ മാര്‍കോ യാന്‍സന്‍ പൊതിരെ തല്ലിയപ്പോള്‍ 'രക്ഷ'യ്ക്കെത്തിയതും സഞ്ജുവാണ്. ''വാ മച്ചി...വാ മച്ചി.. തൂക്ക് ഇവനെ..തൂക്ക് ഡാ'' എന്നാണ് സഞ്ജു വിക്കറ്റിന് പിന്നില്‍ നിന്നും തമിഴില്‍ പറഞ്ഞത്. സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത സഞ്ജുവിന്‍റെ തമിഴ് സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ചെന്നൈയിലേക്ക് എത്തുന്നതിന് മുന്‍പുള്ള പരിശീലനം എന്നാണ് സോഷ്യല്‍ മീഡിയ ട്രോള്‍.
തൊട്ടടുത്ത ഓവറിലെ ആദ്യ പന്തില്‍ യാന്‍സന്‍ പുറത്താകുന്നതിലും സഞ്ജു ബ്രില്യന്‍സുണ്ട്. ബുംറ എറിഞ്ഞ പന്തില്‍ യാന്‍സനെ സഞ്ജു ക്യാച്ചെടുത്തെങ്കിലും ബാറ്റില്‍ കൊണ്ടില്ലെന്ന നിലപാടിലായിരുന്നു അംപയര്‍. ക്യാപ്റ്റന്‍ സൂര്യകുമാറിനും ഇതേ സംശയം. രണ്ട് റിവ്യു ബാക്കിയുണ്ടല്ലോ എന്ന് പറഞ്ഞ് സൂര്യകുമാറിനെ റിവ്യു എടുക്കാന്‍ നിര്‍ബന്ധിച്ചത് സഞ്ജുവായിരുന്നു. അവസാന സെക്കന്‍ഡില്‍ ഇന്ത്യ നല്‍കിയ റിവ്യു അംഗീകരിച്ചു. ബാറ്റില്‍ പന്ത് തട്ടിയ നേരിയ സ്പൈക്ക് ലഭിച്ചതോടെ ഇന്ത്യയ്ക്ക് നിര്‍ണായക ഘട്ടത്തില്‍ യാന്‍സന്‍റെ വിക്കറ്റ് ലഭിച്ചു. പുറത്താകുമ്പോള്‍ അഞ്ചു പന്തില്‍ 14 റണ്‍സായിരുന്നു യാന്‍സന്‍റെ സമ്പാദ്യം.