ട്വന്‍റി20യിലെ ഓപ്പണിങ് സ്ഥാനം നഷ്ടമായതില്‍ പ്രതികരിച്ച് ഇന്ത്യന്‍ താരം സഞ്ജു സാംസണ്‍. ഏഷ്യകപ്പിന് മുന്‍പ് അഭിഷേക് ശര്‍മയ്ക്കൊപ്പം സഞ്ജു സാംസണാണ് ഓപ്പണ്‍ ചെയ്തിരുന്നത്. ഗില്‍ തിരിച്ചു വന്നതോടെയാണ് സഞ്ജു ബാറ്റിങ് ഓര്‍ഡറില്‍ പിന്നോട്ട് പോയത്. ഓപ്പണിങ് സ്ഥാനം നഷ്ടമായതില്‍ വിഷമില്ലെന്നാണ് സഞ്ജു പറഞ്ഞത്.
വ്യത്യസ്ത ടീമുകൾക്കായി നിരവധി വ്യത്യസ്ത റോളുകൾ കളിച്ചിട്ടുണ്ട്. വളരെക്കാലമായി ഈ ടീമിന്റെ ഭാഗമാണ്, കൂടാതെ വ്യത്യസ്ത റോളുകൾ ചെയ്തിട്ടുണ്ട്. ബാറ്റിങ് ഓപ്പൺ ചെയ്തിട്ടുണ്ട്. മത്സരങ്ങൾ ഫിനിഷ് ചെയ്തിട്ടുമുണ്ട് എന്നായിരുന്നു സഞ്ജുവിന്‍റെ വാക്കുകള്‍. 'ഞാൻ മധ്യനിരയിലാണ് ബാറ്റ് ചെയ്യുന്നത്. ഈ ടീമിൽ ഓപ്പണർമാർക്ക് മാത്രമേ നിശ്ചിത സ്ഥാനമുള്ളൂ. ബാക്കിയുള്ള ബാറ്റ്സ്മാൻമാർ ഏത് സമയത്തും ഏത് സാഹചര്യത്തിലും ബാറ്റ് ചെയ്യാൻ തയ്യാറായിരിക്കണം. അതിനായി ഞങ്ങൾ നന്നായി തയ്യാറെടുത്തിട്ടുണ്ട്' എന്നും സഞ്ജു പറഞ്ഞു.
അതേസമയം ട്വന്‍റി20 പരമ്പരയിലെ ആദ്യ മല്‍സരം കനത്ത മഴയെ തുടർന്ന് ഉപേക്ഷിക്കുകയായിരുന്നു. കാന്‍ബറയിലെ മനുക ഓവലില്‍ നടന്ന മത്സരത്തിനിടെ രണ്ട് തവണയാണ് മഴമൂലം കളി തടസപ്പെട്ടത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 9.4 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തിൽ 97 റൺസെന്ന നിലയില്‍ നില്‍ക്കെയാണ് മല്‍സരം ഉപേക്ഷിച്ചത്. 19 റണ്‍സെടുത്ത അഭിഷേക് ശര്‍മയുടെ വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. 37 റണ്‍സെടുത്ത ഗില്ലും 39 റണ്‍സെടുത്ത സൂര്യകുമാര്‍ യാദവുമായിരുന്നു ക്രീസില്‍.