Australia's Cooper Connolly, left, and Adam Zampa celebrate winning the one day international cricket match between Australia and India in Adelaide, Australia, Thursday, Oct. 23, 2025. (AP Photo/James Elsby)

ഓസ്ട്രേലിയന്‍ പര്യടനത്തിലെ രണ്ടാം ഏകദിനത്തിലും ഇന്ത്യയ്ക്ക് തോല്‍വി. അഡ്‍ലെയ്ഡില്‍ ഇന്ത്യ ഉയര്‍ത്തിയ 265 റണ്‍സ് വിജയലക്ഷ്യം ഓസ്ട്രേലിയ 46 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. ഇതോടെ മൂന്നുമല്‍സരങ്ങളടങ്ങിയ പരമ്പര ആതിഥേയര്‍ സ്വന്തമാക്കി. പെര്‍ത്തില്‍ നടന്ന ഒന്നാം ഏകദിനത്തില്‍ രണ്ടുവിക്കറ്റിനായിരുന്നു ഓസീസിന്‍റെ വിജയം. 

അഡ്‍ലെയ്ഡില്‍ ടോസ് നേടിയ ഓസ്ട്രേലിയ ഇന്ത്യയെ ബാറ്റിങ്ങിനയച്ചു. സ്കോര്‍ ബോര്‍ഡ‍ില്‍ 17 റണ്‍സ് എത്തിയപ്പോള്‍ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ വീണു. ബാര്‍ട്‍ലറ്റിന്‍റെ പന്തില്‍ മിച്ചല്‍ മാര്‍ഷിന് ക്യാച്ച്. 9 റണ്‍സ് മാത്രമായിരുന്നു ഗില്ലിന്‍റെ സംഭാവന. തുടര്‍ന്നെത്തിയ വിരാട് കോലി തുടര്‍ച്ചയായി രണ്ടാം മല്‍സരത്തിലും ഡക്ക്! ഈ സമയമെല്ലാം ഒരുവശത്ത് രോഹിത് ശര്‍മ അനായാസം ബാറ്റുവീശുന്നുണ്ടായിരുന്നു. ശ്രേയസ് അയ്യര്‍ ഒപ്പമെത്തിയതോടെ ഗിയര്‍ മാറ്റിയ രോഹിത് 2 സിക്സും 7 ഫോറുമടക്കം 73 റണ്‍സെടുത്തു. മിച്ചല്‍ സ്റ്റാര്‍ക്കിന്റെ പന്തില്‍ ഹേസല്‍വുഡിന് ക്യാച്ച് നല്‍കിയ രോഹിത് മടങ്ങുമ്പോള്‍ ഇന്ത്യന്‍ സ്കോര്‍ 135 ആയിരുന്നു. 

61 റണ്‍സെടുത്ത ശ്രേയസ് ഇന്ത്യന്‍ സ്കോര്‍ 160ല്‍ നില്‍ക്കേ സാംപയുടെ പന്തില്‍ ക്ലീന്‍ ബോള്‍ഡായി. മധ്യനിരയില്‍ ശ്രേയസിനെക്കൂടാതെ 44 റണ്‍സെടുത്ത അക്സര്‍ പട്ടേല്‍ മാത്രമേ പിടിച്ചുനിന്നുള്ളു. ഇന്ത്യന്‍ സ്കോര്‍ 250 റണ്‍സ് കടക്കുമോ എന്നുപോലും സംശയിച്ച സമയത്ത് ഒന്നിച്ച ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിങ് സഖ്യമാണ് പൊരുതാവുന്ന സ്കോറിലെത്തിച്ചത്. ഹര്‍ഷിത് 18 പന്തില്‍ 24 റണ്‍സോടെ പുറത്താകാതെ നിന്നു. അര്‍ഷ്ദീപ് 13 റണ്‍സെടുത്തു. 50 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ ഇന്ത്യ 264/9. നാലുവിക്കറ്റെടുത്ത ആദം സാംപയും മൂന്നുവിക്കറ്റ് വീഴ്ത്തിയ സേവ്യര്‍ ബാര്‍ട്‌‍ലറ്റും 10 ഓവറില്‍ 29 റണ്‍സ് മാത്രം വഴങ്ങിയ ജോഷ് ഹേസല്‍വുഡുമാണ് ഇന്ത്യയെ വരിഞ്ഞുമുറുക്കിയത്. 

265 റണ്‍സ് ലക്ഷ്യമിട്ടിറങ്ങിയ ഓസ്ട്രേലിയയ്ക്ക് എട്ടാം ഓവറില്‍ ആദ്യവിക്കറ്റ് നഷ്ടമായി. മിച്ചല്‍ മാര്‍ഷിനെ അര്‍ഷ്ദീപ് സിങ് കെ.എല്‍.രാഹുലിന്റെ കൈകളിലെത്തിക്കുമ്പോള്‍ ഓസ്ട്രേലിയന്‍ സ്കോര്‍ 30. എന്നാല്‍ പകരമെത്തിയ മാത്യു ഷോര്‍ട്ട് തകര്‍ത്തടിച്ചു. ഓപ്പണര്‍ ട്രാവിസ് ഹെഡും മാറ്റ് റെന്‍ഷോയും ഷോര്‍ട്ടിന് നല്ല പിന്തുണ നല്‍കി. ഓസീസ് സ്കോര്‍ 187 റണ്‍സില്‍ നില്‍ക്കുമ്പോഴാണ് ഹര്‍ഷിത് റാണയുടെ പന്തില്‍ സിറാജ് ക്യാച്ചെടുത്ത് ഷോര്‍ട്ട് പുറത്തായത്. 78 പന്തില്‍ 2 സിക്സും 4 ഫോറുമടക്കം 74 റണ്‍സ് ആയിരുന്നു സംഭാവന. തുടര്‍ന്ന് കൂപ്പര്‍ കൊണോലിയും മിച്ചല്‍ ഓവനും ആതിഥേയരെ അനായാസം വിജയത്തോടടുപ്പിച്ചു. 

24 റണ്‍സെടുക്കുന്നതിനിടെ മൂന്നുവിക്കറ്റ് വീണെങ്കിലും കൂപ്പര്‍ കൊണോലി ഉറച്ചുനിന്നതോടെ ഇന്ത്യന്‍ പ്രതീക്ഷ അസ്തമിച്ചു. ഓസ്ട്രേലിയ 46.2 ഓവറില്‍ 8 വിക്കറ്റിന് 265 റണ്‍സ്! ഇന്ത്യന്‍ ബോളര്‍മാരില്‍ 8.2 ഓവറില്‍ 41 റണ്‍സ് വഴങ്ങി രണ്ടുവിക്കറ്റെടുത്ത അര്‍ഷ്ദീപ് സിങ്ങാണ് ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചത്. റാണയും വാഷിങ്ടണ്‍ സുന്ദറും രണ്ടുവീതം വിക്കറ്റെടുത്തു. സിറാജിനും അക്സര്‍ പട്ടേലിനും ഓരോ വിക്കറ്റ് ലഭിച്ചു. ഈമാസം 25ന് സിഡ്നിയിലാണ് അവസാന ഏകദിനം. 29 മുതല്‍ ട്വന്‍റി ട്വന്‍റി പരമ്പര ആരംഭിക്കും. അഞ്ചുമല്‍സരങ്ങാണ് ട്വന്‍റി20 പരമ്പരയിലുള്ളത്.

ENGLISH SUMMARY:

India vs Australia ODI Series: Australia secured victory in the second ODI, winning the series. The Indian cricket team couldn't withstand the Australian batting strength, leading to their defeat.