ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ഏകദിനത്തിനായി വിശാഖപട്ടണം ഒരുങ്ങിക്കഴിഞ്ഞു. തുടക്കത്തില്‍ മന്ദഗതിയിലായിരുന്ന ടിക്കറ്റ് വില്‍പ്പന വിരാട് കോലിയുടെ തുടരെ തുടരെയുള്ള സെഞ്ചറികളോടെ കുതിച്ചുയര്‍ന്നുവെന്നും വിറ്റുതീര്‍ന്നുവെന്നുമാണ് റിപ്പോര്‍ട്ട്. നവംബര്‍ 28നായിരുന്നു ആദ്യഘട്ട വില്‍പ്പന. കാര്യമായി ടിക്കറ്റുകള്‍ വിറ്റുപോയില്ല. രണ്ടാം ഘട്ട വില്‍പ്പന തുടങ്ങിയപ്പോഴേക്ക് റാഞ്ചിയില്‍ കോലി സെഞ്ചറി നേടിയിരുന്നു. ഇത് ചിത്രം മാറ്റി. മിനിറ്റുകള്‍ക്കകം ടിക്കറ്റ് വിറ്റു തീര്‍ന്നുവെന്ന് ആന്ധ്ര ക്രിക്കറ്റ് അസോസിയേഷന്‍റെ മീഡിയ ഓപ്പറഷേന്‍സ് അംഗം വൈ. വെങ്കിടേഷ് പറഞ്ഞതായി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
കോലിയുടെ ഭാഗ്യ ഗ്രൗണ്ട് കൂടിയാണ് വിശാഖപട്ടണത്തേത്. ഏഴ് മല്‍സരങ്ങളില്‍ നിന്നായി ഇവിടെ നിന്ന് 587 റണ്‍സ് താരം അടിച്ചുകൂട്ടിയിട്ടുണ്ട്. പുറത്താകാതെ നേടിയ 157 റണ്‍സും വിശാഖപട്ടണത്തേതാണ്. കോലിക്ക് പുറമെ രോഹിതിന്‍റെയും രാഹുലിന്‍റെയും മികച്ച പ്രകടനങ്ങളും വിശാഖപട്ടണത്തുണ്ടായിട്ടുണ്ട്.
മൂന്ന് മല്‍സരങ്ങളുടെ പരമ്പരയില്‍ ഇരു ടീമുകളും ഓരോ മല്‍സരം വീതം ജയിച്ചു. അതുകൊണ്ട് തന്നെ നാളത്തെ കളിയാകും പരമ്പര നിശ്ചയിക്കുക. ടെസ്റ്റില്‍ നാണംകെട്ട തോല്‍വിയേറ്റു വാങ്ങിയതിന്‍റെ ക്ഷീണം ഏകദിന പരമ്പര നേടി തീര്‍ക്കാനാകും ഇന്ത്യയുടെ ശ്രമം. ദക്ഷിണാഫ്രിക്കയാവട്ടെ സമ്പൂര്‍ണ ആധിപത്യം ലക്ഷ്യമിട്ടാണ് കളിക്കാനിറങ്ങുക.