ഓസ്ട്രേലിയയ്ക്കെതിരായ യൂത്ത് ടെസ്റ്റ് മല്‍സരത്തിലും സെഞ്ചറി നേടി പതിനാലുവയസുകാരന്‍ വൈഭവ് സൂര്യവംശി. ഓസ്ട്രേലിയ അണ്ടര്‍ 19 ടീമിനെതിരായ ടെസ്റ്റ് മല്‍സരത്തില്‍ 78 പന്തില്‍ നിന്നാണ് വൈഭവിന്റെ സെഞ്ചറി നേട്ടം.
എട്ട് സിക്സും ഒന്‍പത് ഫോറും.... 86 പന്തില്‍ 113 റണ്‍സ്.... പന്തിന്റെ നിറംമാറിയാലും വൈഭവിന്റെ ബാറ്റിങ്ങ് സ്റ്റൈലില്‍ മാറ്റമില്ല. വൈഭവിനൊപ്പം വേദാന്ത് ത്രിവേദി കൂടി ചേര്‍ന്നതോടെ ഇന്ത്യ അണ്ടര്‍ 19 ടീമിന് 185 റണ്‍സ് ലീഡ്. 82 ഓവറില്‍ 428 റണ്‍സെടുത്ത് ഇന്ത്യ പുറത്തായി. ത്രിവേദി 140 റണ്‍സെടുത്തു. ഇരുവരും ചേര്‍ന്ന കൂട്ടുകെട്ട് 152 റണ്‍സ് നേടിയാണ് പിരിഞ്ഞത്.
ഇംഗ്ലണ്ട് പര്യടനത്തിന് ശേഷമാണ് ഇന്ത്യന്‍ ടീം ഓസ്ട്രേലിയയിലെത്തിയത്. ഇംഗ്ലണ്ടില്‍ ഒരു സെഞ്ചറിയും ഒരു അര്‍ധസെഞ്ചറിയും നേടിയ വൈഭവിന്റെ ഓസ്ട്രേലിയയിലെ ആദ്യ സെഞ്ചറി നേട്ടമാണ്. യൂത്ത് ടെസ്റ്റില്‍ ഓസ്ട്രേലിയയിലെ അതിവേഗ സെഞ്ച്വറിയെന്ന നേട്ടവും വൈഭവ് പേരിലാക്കി. ഇംഗ്ലണ്ടിനെതിരായ ഏകദിനത്തില്‍ 52 പന്തില്‍ സെഞ്ചറി നേടിക്കൊണ്ട് യൂത്ത് ഏകദിനത്തിലെ അതിവേഗ സെഞ്ചറിയുടെ റെക്കോര്‍ഡും വൈഭവ് സ്വന്തമാക്കിയിരുന്നു.