ഇന്ത്യ അണ്ടര്‍ 19 ടീമിനായി ചരിത്രം കുറിക്കുകയാണ് വൈഭവ് സൂര്യവംശി എന്ന പതിന്നാലുകാരന്‍. ഇംഗ്ലണ്ട് അണ്ടര്‍ 19 ടീമിനെതിരായ പരമ്പരയിൽ അതിവേഗ സെഞ്ചറി കുറിച്ച വൈഭവ് റെക്കോർഡുകള്‍ തിരുത്തിയെഴുതിയിരുന്നു. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യൻ കൗമാരപ്പട സ്വന്തമാക്കുകയും ചെയ്തു. വൈഭവിനെ കാണാനായി ഒട്ടേറെ ആരാധകരാണ് സ്റ്റേഡിയത്തിലെത്തുന്നത്. കഴിഞ്ഞ ദിവസം രണ്ട് ആരാധികമാർ വൈഭവിനെ കാണാനായി ഇംഗ്ലണ്ടിലെ സ്റ്റേഡിയത്തിലെത്തി. മണിക്കൂറുകളോളം യാത്രചെയ്താണ് ഇവർ താരത്തെ കാണാനായെത്തിയത്.
ആന്യ, റിവാ എന്നീ പെണ്‍കുട്ടികളാണ് വൈഭവിനെ കാണാനായി സ്റ്റേഡിയത്തിലെത്തിയത്. ആറുമണിക്കൂര്‍ യാത്രചെയ്താണ് ഇരുവരും സ്റ്റേഡിയത്തിലെത്തിയത്. രാജസ്ഥാന്‍ റോയല്‍സിന്‍റെ ജഴ്‌സിയണിഞ്ഞ ഇരുവരും വൈഭവിനൊപ്പം ചിത്രമെടുക്കുകയും ചെയ്തു. രാജസ്ഥാന്‍ റോയൽസ് ഈ ചിത്രം അവരുടെ സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്.
ഇംഗ്ലണ്ടിനെതിരായ നാലാം ഏകദിനത്തിലാണ് വൈഭവ് സെഞ്ചറിയുമായി തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തത്. 78 പന്തില്‍ നിന്ന് 143 റണ്‍സെടുത്താണ് താരം പുറത്തായത്. 13 ഫോറുകളും 10 സിക്‌സറുകളുമടങ്ങുന്നതായിരുന്നു വൈഭവിന്‍റെ ഇന്നിങ്‌സ്. യൂത്ത് ഏകദിന ചരിത്രത്തില്‍ ഏറ്റവും വേഗത്തില്‍ സെഞ്ചറി നേടുന്ന താരമെന്ന ചരിത്രനേട്ടവും വൈഭവ് സ്വന്തമാക്കി.