ആഷസ് ആദ്യടെസ്റ്റ് രണ്ടുദിവസംകൊണ്ട് അവസാനിച്ചതോടെ ക്രിക്കറ്റ് ഓസ്ട്രേലിയക്ക് നഷ്ടം 25 കോടി രൂപ. മല്‍സരത്തിന്റെ മൂന്നാം ദിനത്തിലെ മുഴുവന്‍ ടിക്കറ്റുകളും വിറ്റുതീര്‍ന്നിരുന്നു.
റെക്കോർഡ് നേട്ടത്തിന്റെ വർഷമാകുമെന്ന് പ്രവചിച്ച് ആഴ്ചകൾ മാത്രം പിന്നിടുമ്പോൾ, ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റ്, ക്രിക്കറ്റ് ഓസ്ട്രേലിയക്ക് കോടികളുടെ സാമ്പത്തികനഷ്ടം വരുത്തിവച്ചു. ട്രാവിസ് ഹെഡിന്റെ എക്കാലത്തെയും മികച്ച ആഷസ് പ്രകടനങ്ങളിലൊന്നും, മിച്ചല്‍ സ്റ്റാര്‍ക്കിന്റെ പത്തുവിക്കറ്റ് നേട്ടവും ചേര്‍ന്നതോടെയാണ് ആഷസ് രണ്ടുദിവസംകൊണ്ട് അവസാനിച്ചത്. മൂന്നും നാലും ദിവസത്തെ ടിക്കറ്റെടുത്ത കാണികള്‍ക്ക് പണം ഇതോടെ തിരിച്ചുനല്‍കണം. ഇതിനുപുറമേ പരസ്യവരുമാനത്തിലുള്ള നഷ്ടം വേറെ. ടെസ്റ്റിന്റെ ആദ്യ രണ്ടു ദിനങ്ങളിലായി മത്സരം കാണാനെത്തിയത് ഒരുലക്ഷത്തിലേറെ കാണികളാണ്. കഴിഞ്ഞ വർഷം പെർത്തിൽ ഇന്ത്യ നാലു ദിവസം കൊണ്ട് വിജയിച്ച മത്സരത്തിലെ 96,463 കാണികൾ എന്ന റെക്കോർഡാണ് ആഷസ് പെര്‍ത്ത് ടെസ്റ്റ് മറികടന്നത്.