ഏഷ്യാ കപ്പ് റൈസിങ് സ്റ്റാർസ് ടൂർണമെന്റില്‍ 32 പന്തിൽ സെഞ്ചുറി നേടി ഋഷഭ് പന്തിന്റെ റെക്കോർഡിനൊപ്പമെത്തി 14കാരന്‍ വൈഭവ് സൂര്യവംശി. യുഎഇയ്ക്കെതിരെയാണ് വൈഭവിന്റെ വെടിക്കെട്ട്. 298 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തിയ ഇന്ത്യ,148 റണ്‍സിന് ജയിച്ചു. യുഎഇ 149 റണ്‍സില്‍ ഒതുങ്ങി.
ട്വന്റി20 ക്രിക്കറ്റിൽ ഒരു ഇന്ത്യൻ താരത്തിന്റെ വേഗമേറിയ രണ്ടാമത്തെ സെഞ്ചുറി. യുഎഇയ്ക്കെതിരെ 15 സിക്സറും 11 ഫോറും സഹിതം 42 പന്തിൽ 144 റൺസാണ് ഓപ്പണറായ വൈഭവ് നേടിയത്. 2018ൽ ഡല്‍ഹി താരമായിരിക്കെ ഹിമാചല്‍ പ്രദേശിനെതിരെ ഋഷഭ് പന്ത് കുറിച്ച റെക്കോർഡിനൊപ്പമാണ് സൂര്യവംശി എത്തിയത്. സൂര്യവംശിയുടെ വെടിക്കെട്ട് ബാറ്റിങ്ങിന്റെ കരുത്തിൽ ഇന്ത്യ എ 4 വിക്കറ്റ് നഷ്ടത്തിൽ 297 റൺസ് നേടി.
നായകൻ ജിതേഷ് ശർമ 32 പന്തിൽ 83 റൺസെടുത്തു. കഴിഞ്ഞ സീസണിൽ ഐപിഎല്ലിൽ അരങ്ങേറ്റം കുറിച്ച സൂര്യവംശിയുടെ പേരിലാണ് ടൂർണമെന്റിലെ വേഗമേറിയ രണ്ടാമത്തെ സെഞ്ചുറിയുടെ റെക്കോർഡും. ഗുജറാത്ത് ടൈറ്റൻസിനെതിരെ രാജസ്ഥാൻ റോയൽസിനായി 35 പന്തിലാണ് താരം സെഞ്ചുറി നേടിയത്.