Bengaluru: Cricketer Vaibhav Suryavanshi attends the match on day three of the Duleep trophy 2025 final cricket match between South Zone and Central Zone, at BCCI Centre of Excellence ground, in Bengaluru, Karnataka, Saturday, Sept. 13, 2025. (PTI Photo/Shailendra Bhojak) (PTI09_13_2025_000324B)
രഞ്ജി ട്രോഫിക്കുള്ള ബിഹാര്‍ ടീമിന്റെ വൈസ് ക്യാപ്റ്റനായി കൗമാര പ്രതിഭ വൈഭവ് സൂര്യവംശി. ഓസ്ട്രേലിയയില്‍ ഇന്ത്യന്‍ അണ്ടര്‍ 19 ടീമിനായി മികച്ച പ്രകടനം നടത്തിയതിന് പിന്നാലെയാണ് രഞ്ജി ടീമിന്റെ ഉപനായക സ്ഥാനം 14കാരനായ സൂര്യവംശിയെ തേടിയെത്തിയത്. ഓസ്ട്രേലിയയില്‍ നടന്ന യൂത്ത് ടെസ്റ്റില്‍ 78 പന്തില്‍ നിന്ന് വൈഭവ് സൂര്യവംശി സെഞ്ചറി നേടിയിരുന്നു. ആദ്യ രണ്ട് റൗണ്ട് മല്‍സരങ്ങള്‍ക്കുള്ള ടീമിനെ മാത്രമാണ് ബിഹാര്‍ പ്രഖ്യാപിച്ചത്.
അണ്ടര്‍ 19 ലോകകപ്പ് അടുത്തവര്‍ഷം ആദ്യമായതിനാല്‍ രഞ്ജി ട്രോഫിയില്‍ മുഴുവന്‍ മല്‍സരങ്ങളിലും വൈഭവിന് ബിഹാറിനായി കളിക്കാനാകില്ല. കഴിഞ്ഞ സീസണില്‍ ഒരു മല്‍സരം പോലും ബിഹാര്‍ ടീമിന് ജയിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഏഴുമല്‍സരങ്ങളില്‍ ആറിലും തോറ്റ ബിഹാര്‍ പ്ലേറ്റ് ലീഗിലേക്ക് തരംതാഴ്ത്തപ്പെടുകയും ചെയ്തു. അരുണാചല്‍ പ്രദേശ്, മണിപ്പുര്‍ ടീമുകള്‍ക്കെതിരായ മല്‍സരത്തിനുള്ള ടീമിനെയാണ് നിലവില്‍ പ്രഖ്യാപിച്ചിരിക്കുന്നത്
2024ല്‍ 12 വയസും 284 ദിവസവും പ്രായമായിരിക്കെയാണ് വൈഭവ് ബിഹാറിനായി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചത്. അഞ്ച് ഫസ്റ്റ് ക്ലാസ് മല്‍സരങ്ങള്‍ കളിച്ചിട്ടുണ്ട്. പത്ത് ഇന്നിങ്സുകളില്‍ നിന്നായി 100 റണ്‍സാണ് ഇതുവരെ നേട്ടം. 41 റണ്‍സാണ് കൗമാരതാരത്തിന്റെ ഉയര്‍ന്ന സ്കോര്‍. ഈ വര്‍ഷമാദ്യം ഐപിഎലില്‍ സെഞ്ചറി നേടിയതോടെയാണ് സൂര്യവംശി സ്റ്റാറായത്. രാജസ്ഥാന്‍ റോയല്‍സിനായി 38 പന്തില്‍ നിന്ന് 101 റണ്‍സാണ് അടിച്ചെടുത്തത്. പുരുഷ ട്വന്റി 20യില്‍ സെഞ്ചുറി നേടുന്ന പ്രായം കുറഞ്ഞ താരമെന്ന നേട്ടം വൈഭവ് സ്വന്തമാക്കിയിരുന്നു. ഇന്ത്യന്‍ അണ്ടര്‍ 19 ടീമിനൊപ്പം ഇംഗ്ലണ്ട് ഓസ്ട്രേലിയ പര്യടനങ്ങളിലും വൈഭവ് ഭാഗമായി. യൂത്ത് ഏകദിനത്തിലെ അതിവേഗ സെഞ്ചറി, യൂത്ത് ടെസ്റ്റിലെ അതിവേഗ സെഞ്ചറി തുടങ്ങിയ റെക്കോര്‍ഡുകളും വൈഭവ് സ്വന്തമാക്കി.