Image Credit: X/Samsoncentral

2024 ലെ ട്വന്‍റി20 ലോകകപ്പ് വിജയത്തിന് ശേഷമാണ് രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്‍റെ പരിശീലകക്കുപ്പായം വീണ്ടും അണിഞ്ഞത്. 14 മത്സരങ്ങളില്‍ നിന്നും നാലു വിജയങ്ങളുമായി ഒന്‍പതാം സ്ഥാനത്താണ് കഴിഞ്ഞ സീസണില്‍ ടീം ഫിനിഷ് ചെയ്തത്. സഞ്ജു സാംസണ്‍ രാജസ്ഥാന്‍ റോയല്‍സ് വിടുന്നു എന്ന സൂചനയ്ക്കിടെയാണ് ദ്രാവിഡ് ടീമിന്‍റെ പരിശീലക സ്ഥാനത്ത് നിന്നും ഒഴിഞ്ഞത്.

Also Read: സഞ്ജുവിന് മുന്‍പേ ദ്രാവിഡ്; വലിയ ഓഫറിനോട് നോ പറഞ്ഞ് പിന്മാറ്റം; രാജസ്ഥാന്‍ റോയല്‍സില്‍ അടിമുടിമാറ്റം

രാഹുല്‍ ദ്രാവിഡിന് ടീമില്‍ ഉയര്‍ന്ന സ്ഥാനം വാഗ്ദാനം ചെയ്തിരുന്നു എന്നാണ് രാജസ്ഥാന്‍ റോയല്‍സ് വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചത്. ഇതിനെ രാജസ്ഥാന്‍ റോയല്‍സില്‍ ദ്രാവിഡ് പരിശീലകനായി തുടരുന്നതില്‍ ഫ്രാഞ്ചൈസിക്ക് താല്‍പര്യമില്ലെന്ന് ക്രിക്കറ്റ് ആരാധകര്‍ വായിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ സഞ്ജുവും ദ്രാവിഡും ഒന്നിച്ച് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിലേക്ക് ചേക്കേറുമോ എന്നതാണ് ചോദ്യം.

മുഖ്യപരിശീലകന്‍ ചന്ദ്രകാന്ത് പണ്ഡിറ്റുമായി കരാര്‍ അവസാനിപ്പിച്ച കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് പകരക്കാരനെ തേടുകയാണ്. പരിചയസമ്പന്നനായ ദ്രാവിഡിന്‍റെ സാന്നിധ്യം ടീമിന് മുതല്‍കൂട്ടാകും. ഫ്രാഞ്ചൈസിയുടെ മുഖം മിനുക്കല്‍ നടപടിയില്‍ ദ്രാവിഡിന്‍റെ സാന്നിധ്യം ടീമിന് മികച്ചതായിരിക്കും. യുവതാരങ്ങളെ വളര്‍ത്തിയെടുക്കാനും ടീം കെട്ടിപ്പടുക്കാനുമുള്ള കഴിവ് കൊല്‍ക്കത്ത ഫ്രാഞ്ചൈസിക്ക് മികച്ച രീതിയില്‍ ഉപയോഗിക്കാനാകും.

അതേസമയം സഞ്ജു സാംസണിനെ ടീമിലെത്തിക്കാനുള്ള ഡീലില്‍ രാജസ്ഥാനുമായി ചര്‍ച്ചകള്‍ വഴി മുട്ടിയ അവസ്ഥയിലാണ് കൊല്‍ക്കത്ത. ദ്രാവിഡ് പരിശീലകനായി ടീമിലെത്തിയാല്‍ സഞ്ജുവിന് വേണ്ടിയുള്ള ചര്‍ച്ചകള്‍ വീണ്ടും പുനരാരംഭിക്കാനാകും. നേരത്തെ ഒന്നിച്ച് കളിച്ച് പരിചയമുള്ള സഞ്ജുവും ദ്രാവിഡും കൊല്‍ക്കത്തയ്ക്ക് മുതല്‍കൂട്ടാകും.

സഞ്ജുവിനെ ടീമില്‍ ഉള്‍പ്പെടുത്താനുള്ള സ്ലോട്ട് കൊല്‍ക്കത്തയ്ക്കുണ്ട്. വിക്കറ്റ്കീപ്പര്‍ ബാറ്റ്സ്മാന്മാരായ റഹ്മാനുള്ള ഗുർബാസും ക്വിന്‍റൺ ഡി കോക്കും കഴിഞ്ഞ സീസണിൽ പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നിരുന്നില്ല. ഇന്ത്യന്‍ ഓപ്പണര്‍ എത്തുന്നത് കൊല്‍ക്കത്തയ്ക്ക് ടീമില്‍ പുതിയ വൈവിധ്യങ്ങള്‍ കൊണ്ടുവരാന്‍ സഹായിക്കും. കൂടാതെ ദീര്‍ഘനാള്‍ രാജസ്ഥാന്‍ റോയല്‍സിനെ നയിച്ച് പരിചയമുള്ള സഞ്ജു എത്തിയാല്‍ ക്യാപ്റ്റന്‍സിയില്‍ അജിങ്ക്യ രഹാനെയെ മാറ്റാൻ കൊല്‍ക്കത്തയ്ക്ക് സാധിക്കും.

ENGLISH SUMMARY:

Rahul Dravid's move to Kolkata Knight Riders is the central topic. Following the 2024 T20 World Cup, Rahul Dravid may join Kolkata Knight Riders as coach, potentially paving the way for Sanju Samson to join the team.