Jaipur: Rajasthan Royals captain Sanju Samson and coach Rahul Dravid during a training session ahead of the Indian Premier League (IPL) 2025 match between Rajasthan Royals and Royal Challengers Bengaluru, at Sawai Mansingh Stadium, in Jaipur, Saturday, April 12, 2025. (PTI Photo)(PTI04_12_2025_000219A)
രാജസ്ഥന്‍ റോയല്‍സിന്‍റെ പരിശീലക സ്ഥാനം ഒഴിഞ്ഞ് രാഹുല്‍ ദ്രാവിഡ്. സഞ്ജു സാംസണ്‍ ടീം വിടാന്‍ താല്‍പര്യം പ്രകടിപ്പിച്ചു എന്ന വാര്‍ത്തകള്‍ക്കിടയിലാണ് മുഖ്യപരിശീലകന്‍ ടീം വിടുന്നത്. കഴിഞ്ഞ സീസണില്‍ ദ്രാവിഡ് പരിശീലിപ്പിച്ച ടീം നാലു മല്‍സരങ്ങള്‍ മാത്രമാണ് വിജയിച്ചത്. ദ്രാവിഡ് ടീം വിടുന്നതായി രാജസ്ഥാന്‍ റോയല്‍സ് സ്ഥിരീകരിച്ചു. ദേശിയ ടീം പരിശീലകനായിരുന്ന ദ്രാവിഡ് ഈ സ്ഥാനം ഒഴിഞ്ഞതിന് പിന്നാലെ 2024 സെപ്റ്റംബര്‍ ആറിനാണ് രാജസ്ഥാന്റെ പരിശീലകനായി എത്തിയത്.
ഫ്രാഞ്ചൈസിയുടെ വിപുലീകരണത്തിന്‍റെ ഭാഗമായി ദ്രാവിഡിന് ഉന്നത ചുമതല വാഗ്ദാനം ചെയ്തിരുന്നെങ്കിലും അതു സ്വീകരിച്ചില്ല. ഇതോടെ 2026 സീസണില്‍ പുതിയ പരിശീലകന് കീഴിലാകും രാജസ്ഥാന്‍ ഐപിഎല്‍ കളിക്കുക. കഴിഞ്ഞ സീസണില്‍14 മല്‍സരങ്ങളില് നിന്നും ആറു വിജയവുമായി ഒന്‍പതാം സ്ഥാനത്തായിരുന്നു ടീം. നെറ്റ് റണ്‍റേറ്റിന്‍റെ അടിസ്ഥാനത്തിലാണ് ടീം അവസാന സ്ഥാനത്തു നിന്നും രക്ഷപ്പെട്ടത്.
2011 ലാണ് രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിലെത്തുന്നത്. മൂന്നു വര്‍ഷമാണ് ദ്രാവിഡ് രാജസ്ഥാനില്‍ കളിച്ചത്. രാജസ്ഥാന്‍ റോയല്‍സിനായി 46 മല്‍സരങ്ങളാണ് ദ്രാവിഡ് കളിച്ചത്. 2013 ല്‍ വിരമിച്ച ശേഷമാണ് ദ്രാവിഡ് പരിശീലകനായി ടീമിനൊപ്പം ചേരുന്നത്. 2014, 2015 സീസണുകളില്‍ ദ്രാവിഡ് രാജസ്ഥാന്‍റെ പരിശീലിപ്പിച്ചു.
കഴിഞ്ഞ സീസണിലെ പരാജയത്തിന് ശേഷം ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ ടീം വിടാനുള്ള താല്‍പര്യം അറിയിച്ച ശേഷമാണ് രാജസ്ഥാനില്‍ നിന്നും ദ്രാവിഡും ഇറങ്ങുന്നത്. സഞ്ജു ചെന്നൈ സൂപ്പര്‍ കിങ്സിലേക്ക് പോകുമെന്നാണ് റിപ്പോര്‍ട്ടുണ്ടായത്. അതേസമയം ടീമിന്‍റെ കോച്ചിങ് സ്റ്റാഫില്‍ മാറ്റം വരുന്ന അവസ്ഥയില്‍ സഞ്ജു ടീമിനൊപ്പം തുടരുമോ എന്നതിലാണ് ആകാംഷ.
ടീമില്‍ ക്യാപ്റ്റനായിരുന്നിട്ട് പോലും സ്വന്തം ബാറ്റിങ് പൊസിഷന്‍ തീരുമാനിക്കാന്‍ സാധിക്കാത്തതാണ് സഞ്ജു ടീം മാറുന്നത് ചിന്തിക്കാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ട്. ഓപ്പണറായി ഇറങ്ങാനാണ് സഞ്ജുവിന് താല്‍പര്യം. ട്വന്‍റി20 ദേശിയ ടീമിലും സഞ്ജു ഓപ്പണിങ് ബാറ്റ്സ്മാനാണ്. അവസാന സീസണില്‍ യശസ്വി ജയ്സ്വാള്‍– വൈഭവ് സൂര്യവംശി കൂട്ടുകെട്ട് രാജസ്ഥാന്‍റെ ഓപ്പണിങില്‍ തിളങ്ങിയിരുന്നു. ഇതോടെ സഞ്ജുവിന് സ്ഥാനം നഷ്ടമായത് മാനേജ്മെന്‍റുമായുള്ള തര്‍ക്കത്തിന് കാരണമായി.