കാര്യവട്ടം ട്വന്‍റി 20യില്‍ വിക്കറ്റ് കീപ്പിങില്‍ സഞ്ജുവിന് പകരം ഇഷാന്‍ കിഷന്‍. വെടിക്കെട്ട് ബാറ്റിങിന് ശേഷമാണ് ഇഷാന്‍ വിക്കറ്റ് കീപ്പ് ചെയ്യുന്നത്. ടീം ഷീറ്റില്‍ സഞ്ജു സാംസണാണ് വിക്കറ്റ് കീപ്പറായിട്ടുള്ളതെങ്കിലും രണ്ടാം ഇന്നിങിസില്‍ ഇഷാന്‍ കീപ്പറായി എത്തുകയായിരുന്നു. 

 

സ്വന്തം നാട്ടില്‍ സഞ്ജു പരാജയപ്പെട്ട സമയത്ത് സെഞ്ചറി പ്രകടനമാണ് ഇഷാന്‍ നടത്തിയത്. 43 പന്തുകളില്‍ നിന്ന് ഇഷാൻ 103 റണ്‍സെടുത്തു. 10 സിക്സുകളും ആറു ഫോറുകളും അടങ്ങുന്നതായിരുന്നു ഇന്നിംങ്സ്. 28 പന്തുകളിൽ അർധ സെഞ്ചറിയിലെത്തിയ ഇഷാൻ പിന്നീടുള്ള 14 പന്തുകളിലാണ് സെഞ്ചറിയിലക്ക് എത്തിയത്. 

 

മത്സരത്തിന് തലേന്ന് ഇഷാന്‍ കിഷന്‍ ദീര്‍ഘനേരം കീപ്പിങ് പരിശീലിച്ചിരുന്നു. അതേസമയത്ത് സഞ്ജു ഫീല്‍ഡിങ് പരിശീലനത്തിലായിരുന്നു. ന്യൂസീലന്‍ഡ് പര്യടനത്തിലുടനീളം ബാറ്റിങില്‍ പരാജയപ്പെട്ട സഞ്ജുവിന് പകരം ട്വന്‍റി 20 ലോകകപ്പില്‍  സഞ്ജുവിന് പകരം ഇഷാനെ ഓപ്പണിങിലേക്കും വിക്കറ്റ് കീപ്പറമായും പരിഗണിക്കും എന്നതിന്‍റെ സൂചനയാണിതെന്നാണ് സോഷ്യല്‍ മീഡിയയിലെ സംസാരം. എന്നാല്‍ തീരുമാനത്തിന് പിന്നില്‍ സഞ്ജുവാണോ അതോ ടീം മാനേജ്‌മെന്റിന്റേതാണോ എന്ന കാര്യത്തിൽ വ്യക്തത വരേണ്ടതുണ്ട്. 

 

കഴിഞ്ഞ വര്‍ഷം സഞ്ജുവായിരുന്നു ഇന്ത്യയുടെ ട്വന്‍റി 20 സ്ക്വാഡില്‍ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്കുള്ള പ്രഥമപരിഗണന. ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനത്തിന് പിന്നാലെയാണ് ന്യൂസീലന്‍ഡിനെതിരായ പരമ്പരയിലും ലോകകപ്പ് ടീമിലും ഇഷാന്‍ കിഷന്‌ സ്ഥാനം ലഭിച്ചത്.

 

രണ്ടാം ട്വന്‍റി 20യിലും മികച്ച പ്രകടനം നടത്തി ഇഷാന്‍ ശ്രദ്ധനേടിയിരുന്നു. വിജയലക്ഷ്യം പിന്തുടരുന്നതിനിടെ 32 പന്തില്‍ 76 റണ്‍സാണ് ഇഷാന്‍ നേടിയത്. ഏഴു വിക്കറ്റിന് ഇന്ത്യ വിജയിച്ച മത്സരത്തില്‍ മാന്‍ ഓഫ് ദി മാച്ചും ഇഷാനായിരുന്നു.  മൂന്നാം മത്സരത്തില്‍ 28(13) റണ്‍സാണ് ഇഷാന്‍ നേടിയത്. എന്നാല്‍ സീരിസില്‍ സഞ്ജു ആകെ നേടിയത് 46 റണ്‍സാണ്. 

 

ENGLISH SUMMARY:

Ishan Kishan replaced Sanju Samson as wicket-keeper in the T20 match, delivering a sensational century. This performance raises questions about future selections for the T20 World Cup.