വിൻഡീസിനെതിരേ ക്ലാസ് ഇന്നിങ്‌സുമായി ഇന്ത്യയെ സെമിയിലെത്തിച്ച് ഹീറോ ആയ സഞ്ജു സാംസണെപ്പറ്റി വൈറല്‍ കുറിപ്പുമായി കണ്ടന്‍റ് ക്രിയേറ്റര്‍ സന്ദീപ് ദാസ്. 2026-ലെ ടി-20 ലോകകപ്പിലെ ഇന്ത്യ-വെസ്റ്റ് ഇൻഡീസ്  'ക്വാർട്ടർ ഫൈനൽ' കണ്ടുകൊണ്ടിരുന്നപ്പോൾ  സ്റ്റീവ് വോയുടെ ഒരു പഴയ ഇന്നിംഗ്സിനെക്കുറിച്ചാണ് ഓർത്തുപോയതെന്ന് അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു. പണ്ട് സ്റ്റീവിൽ കണ്ട അതേ മനോബലവും പോരാട്ടവീര്യവും സഞ്ജു വിശ്വനാഥ് സാംസണില്‍ കണ്ടുവെന്നും അദ്ദേഹം വിശദീകരിക്കുന്നു

'മൂന്ന് പതിറ്റാണ്ടുകൾക്ക് മുൻപുള്ള കഥയാണ്. ഓസ്ട്രേലിയയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള ഒരു ടെസ്റ്റ് പരമ്പര കരീബിയൻ ദ്വീപുകളിൽ വെച്ച് നടത്തപ്പെടുകയായിരുന്നു. മൂന്ന് മത്സരങ്ങൾ കഴിഞ്ഞപ്പോൾ ഇരു ടീമുകളും ഓരോ ടെസ്റ്റ് വീതം ജയിച്ചു. അങ്ങനെ ജമൈക്കയിൽ നടന്ന അവസാന ടെസ്റ്റ് അതീവ നിർണ്ണായകമായി മാറി.

ജമൈക്ക ടെസ്റ്റ് സ്റ്റീവ് വോയും കർട്ലി ആംബ്രോസും തമ്മിലുള്ള പോരാട്ടമായിരുന്നു. ഷോർട്ട്പിച്ച് ബോളിങ്ങിനെതിരെയുള്ള സ്റ്റീവ് വോയുടെ ദൗർബല്യങ്ങൾ വിശ്വപ്രസിദ്ധമായിരുന്നു. ആറടിയിലേറെ ഉയരമുണ്ടായിരുന്ന ആംബ്രോസ് എന്ന ഇതിഹാസതുല്യനായ ബോളർക്കുമുന്നിൽ സ്റ്റീവ് തലകുനിക്കുമെന്ന് ക്രിക്കറ്റ് ലോകം വിചാരിച്ചു. 

മത്സരം ആരംഭിച്ചപ്പോൾ ആംബ്രോസും കോർട്നി വാൽഷും ചേർന്ന് സ്റ്റീവിനെതിരെ ബൗൺസറുകൾ വർഷിച്ചു. അയാളുടെ കൈയ്യിലും നെഞ്ചിലും വയറിലും ഏറുകൊണ്ടു! ആ ശരീരത്തിൽ ചതവുകൾ രൂപപ്പെട്ടു! പക്ഷേ ഉറച്ചുനിന്ന് പൊരുതിയ സ്റ്റീവ് ഡബിൾ സെഞ്ച്വറി നേടി!!

അങ്ങനെ ആ ടെസ്റ്റ് സീരീസിൽ കംഗാരുപ്പട വിജയം കരസ്ഥമാക്കി. സ്റ്റീവ് കളിച്ച ഇന്നിംഗ്സ് ഒരു മഹാത്ഭുതം തന്നെയായിരുന്നു! തൻ്റെ സാങ്കേതികമായ പരിമിതികളെ ഇച്ഛാശക്തി കൊണ്ടും പോരാട്ടവീര്യം കൊണ്ടും സ്റ്റീവ് മറികടന്നു!

2026-ലെ ടി-20 ലോകകപ്പിലെ ഇന്ത്യ-വെസ്റ്റ് ഇൻഡീസ്  'ക്വാർട്ടർ ഫൈനൽ' കണ്ടുകൊണ്ടിരുന്നപ്പോൾ ഞാൻ സ്റ്റീവ് വോയുടെ ആ പഴയ ഇന്നിംഗ്സിനെക്കുറിച്ച് ഓർത്തുപോയി. പണ്ട് സ്റ്റീവിൽ കണ്ട അതേ മനോബലവും പോരാട്ടവീര്യവും ഒരു മലയാളിയിൽ നാം ദർശിച്ചു. പേര് സഞ്ജു വിശ്വനാഥ് സാംസൺ!!

196 എന്ന പടുകൂറ്റൻ ലക്ഷ്യം ഭേദിക്കാനിറങ്ങിയ ഇന്ത്യയ്ക്ക് പവർപ്ലേ കഴിഞ്ഞപ്പോഴേയ്ക്കും രണ്ട് വിക്കറ്റുകൾ നഷ്ടപ്പെട്ടിരുന്നു. ടെലിവിഷൻ സ്ക്രീനിൽ വിൻ പ്രെഡിക്ടർ ദൃശ്യമായി. ആ സമയത്ത് വിൻഡീസിന് 72% വിജയസാദ്ധ്യതയുണ്ടായിരുന്നു!

അപ്പോഴാണ് ജെയ്സൻ ഹോൾഡർ പന്ത് കൈയ്യിലെടുക്കുന്നത്.നാല് തവണ സഞ്ജുവിനെ പുറത്താക്കിയ ചരിത്രമുള്ള ഹോൾഡർ ആദ്യമായി ഒരു ഷോർട്ട്ബോളാണ് സഞ്ജുവിനെതിരെ തൊടുത്തുവിട്ടത്‌. സഞ്ജു ബാക്ക്ഫൂട്ടിൽ പഞ്ച് ചെയ്തു-ബൗണ്ടറി!

ആ ഓവറിലെ അവസാന പന്തിൽ ഹോൾഡർ വീണ്ടും ഷോർട്ട്ബോളെറിഞ്ഞു. സ്ക്വയർലെഗ് ബൗണ്ടറിയിൽ ഫീൽഡറും ഉണ്ടായിരുന്നു. പക്ഷേ സഞ്ജു കെണിയിൽ അകപ്പെട്ടില്ല! പുൾ ഷോട്ടിലൂടെ സിംഗിൾ നേടി!

സഞ്ജു ഹോൾഡറോട് പറയാതെ പറയുകയായിരുന്നു-

''ബൗൺസറുകൾ എറിഞ്ഞാൽ എന്നെ ഒതുക്കാം എന്നൊരു വിശ്വാസം ക്രിക്കറ്റ് ലോകത്ത് നിലനിൽക്കുന്നുണ്ട്. പക്ഷേ ഈ ദിവസം ഞാൻ ആ ധാരണയെ കത്തിച്ച് ചാമ്പലാക്കിയിരിക്കും...!!''

ഈഡൻ ഗാർഡൻസിൽ നടന്നത് ഒരു യുദ്ധം തന്നെയായിരുന്നു! സഞ്ജുവും കരീബിയൻ കരുത്തൻമാരും തമ്മിലുള്ള മാനസിക യുദ്ധം!!

മാത്യു ഫോർഡ് എറിഞ്ഞ ഒരു ഇൻസ്വിംഗറാണ് സഞ്ജു ആദ്യം നേരിട്ട ഡെലിവെറി. സഞ്ജു ബീറ്റൺ ആയപ്പോൾ ഫോർഡ് ആഗ്രസീവ് ആയി ബാറ്റർക്കുനേരെ ഓടിയടുത്തു! അത് വരാനിരിക്കുന്ന ആക്രമണോത്സുകതയുടെ ഒരു സൂചന മാത്രമായിരുന്നു! 

അഭിഷേക് ശർമ്മയെ പുറത്താക്കിയപ്പോൾ അക്കീൽ ഹൊസെയ്ൻ കാണികൾക്കുനേരെ ''ഷട്ട് അപ് '' എന്ന് ആക്രോശിച്ചു! ഇഷാൻ കിഷനെ ഒരു ഷോർട്ട്ബോളിലൂടെ കീഴടക്കിയപ്പോൾ ഹോൾഡർ ആവേശത്താൽ അലറിവിളിച്ചു! സൂര്യയുടെ ക്യാച്ച് എടുത്തതിനുശേഷം റതർഫോഡ് ദേഷ്യത്തോടെ പന്ത് ഗ്രൗണ്ടിലേയ്ക്ക് വലിച്ചെറിഞ്ഞു! എതിരാളികളുടെ ചോര വീഴ്ത്തുന്ന പഴയകാല പാരമ്പര്യം വിൻഡീസ് ഏദന്‍തോട്ടത്തിൽ തിരിച്ചുപിടിക്കുകയായിരുന്നു!!

ഷിംറോൺ ഹെറ്റ്മെയർ എന്ന ഫീൽഡർ ഗ്രൗണ്ടിൽ എല്ലായിടത്തും നിറഞ്ഞുനിൽക്കുകയായിരുന്നു! തിലക് വർമ്മയുടെ ക്യാച്ച് കേവലം 1.6 സെക്കൻ്റ് സമയംകൊണ്ടാണ് ഹെറ്റ്മയർ ചാടി ഉയർന്ന് കൈപ്പിടിയിലൊതുക്കിയത്!

പക്ഷേ ഒരു കൊടുങ്കാറ്റിലും ഉലയാതെ നിന്ന സഞ്ജുവിന് മുന്നിൽ എതിരാളികളുടെ എല്ലാ പദ്ധതികളും ചീട്ടുകൊട്ടാരം പോലെ തകർന്നുവീണു!

ഹൊസെയ്ൻ ബോൾ ചെയ്യാൻ വന്നപ്പോൾ സഞ്ജു മൂന്ന് സ്റ്റംമ്പുകളും ദൃശ്യമാക്കി. അതോടെ ഹൊസെയ്ൻ വിക്കറ്റ് ഉന്നം വെച്ച് എറിഞ്ഞു. അടുത്ത നിമിഷത്തിൽ പന്ത് വേലികടന്നു!

ഹൊസെയ്ൻ എറിഞ്ഞത് ഒരു മോശം ബോളായിരുന്നില്ല. ബോളർ മനസ്സിൽ കണ്ടത് സഞ്ജു മാനത്ത് കണ്ടു എന്ന് മാത്രം!!

ഗുധഗേഷ് മോത്തി, റൊമാരിയോ ഷെപ്പേർഡ് എന്നിവർക്കുമേൽ സഞ്ജു ആധിപത്യം സ്ഥാപിച്ച രീതി ശ്രദ്ധിക്കുക. ബൗണ്ടറി അടിച്ചുകൊണ്ടാണ് സഞ്ജു മോത്തിയെ സ്വീകരിച്ചത്! ഷെപ്പേർഡ് പ്രയോഗിച്ച സ്ലോബോൾ നിലംതൊടാതെ ഗാലറിയിൽ പതിക്കുകയും ചെയ്തു!

ഷമാർ ജോസഫുമായിട്ടുള്ള സഞ്ജുവിൻ്റെ അങ്കം തീപാറുന്നതായിരുന്നു. റൺ-അപ് തുടങ്ങിയതിനുശേഷം പന്തെറിയാതെ പിൻവാങ്ങുന്ന ജോസഫിനെ നാം പലതവണ കണ്ടു! സഞ്ജുവിൻ്റെ ഫോക്കസ് നഷ്ടപ്പെടുത്തുക എന്നതായിരുന്നു ജോസഫ് ലക്ഷ്യമിട്ടത്!

അതിനുപിന്നാലെ 141 കിലോമീറ്റർ വേഗതയുള്ള പന്ത് സഞ്ജുവിന് നേരെ എത്തി! അതിൻ്റെ ഇരട്ടി സ്പീഡിൽ പന്ത് അപ്രത്യക്ഷമായി! അതും ബോളറുടെ തൊട്ടരികിലൂടെ! 

''കളി എന്നോട് വേണ്ട'' എന്ന സഞ്ജുവിൻ്റെ പ്രസ്താവനയായിരുന്നു ആ ഹിറ്റ്!! ജോസഫ് നിഷ്പ്രഭനായി!

അവസാന ഓവറിൽ ഏഴ് റൺസ് വേണം എന്ന നിലയിലേയ്ക്ക് കാര്യങ്ങൾ എത്തിയപ്പോൾ വിൻഡീസുകാരനായ സാമുവൽ ബാദ്രി കമൻ്ററി ബോക്സിൽ ഇരുന്ന് ചോദിക്കുന്നത് കേട്ടു-

''ഇനി ഈ കളിയിൽ എന്തെങ്കിലും ട്വിസ്റ്റുകൾ അവശേഷിക്കുന്നുണ്ടോ...!!?"

ബാദ്രി ഇന്ത്യയുടെ പരാജയം ആഗ്രഹിച്ചിരുന്നു എന്നത് വ്യക്തം. തൊട്ടടുത്ത നിമിഷത്തിൽ തന്നെ ബാദ്രിയുടെ പ്രതീക്ഷകളെ സഞ്ജു ചവിട്ടിമെതിച്ച് പൊട്ടക്കിണറ്റിൽ തള്ളി! ഷെപ്പേർഡിനെതിരെ സിക്സും ഫോറും പിറന്നു!! അതോടെ ഇന്ത്യൻ ഡ്രെസ്സിംഗ് റൂം ആവേശത്താൽ പൊട്ടിത്തെറിച്ചു! എല്ലാ കാണികളും എഴുന്നേറ്റ് നിന്ന് കയ്യടിച്ചു!!

2014-ലെ ടി-20 ലോകകപ്പിലെ സെമിഫൈനലിൽ ദക്ഷിണാഫ്രിക്ക വെച്ചുനീട്ടിയ 173 റണ്ണുകളുടെ വിജയലക്ഷ്യം ഇന്ത്യ വിരാട് കോഹ്ലിയുടെ ബലത്തിൽ മറികടന്നിരുന്നു. ആ റൺചേസ് റെക്കോർഡും സഞ്ജുവിൻ്റെ തേരോട്ടത്തിൽ തകർന്നു! സാക്ഷാൽ വിരാടിനുപോലും അഭിമാനിക്കാവുന്ന സഞ്ജു ഷോ!!

മത്സരം ആരംഭിക്കുന്നതിന് മുമ്പ് വിൻഡീസ് ഹെഡ് കോച്ച് ദാരെൻ സമ്മി പറഞ്ഞിരുന്നു-

''ഇന്ത്യ എന്ന ഗോലിയാത്തിനെ നേരിടാൻ എൻ്റെ സൈനികർ തയ്യാറാണ്...!!''

അങ്ങനെ പറഞ്ഞ സമ്മി മത്സരം നടക്കുമ്പോൾ ഡഗ്-ഔട്ടിൽ ഇരിപ്പുറയ്ക്കാതെ പരിഭ്രാന്തനായി പാഞ്ഞുനടന്നു! 2016-ൽ മുംബൈയിൽ വെച്ച് സെമിഫൈനൽ പരാജയം സമ്മാനിച്ച സമ്മിയോട് ഇന്ത്യ പകരംവീട്ടി!! അതായിരുന്നു സഞ്ജു ഇഫക്റ്റ്!!

1967-ൽ ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള ഒരു ടെസ്റ്റ് മത്സരം ഇതേ ഈഡൻ ഗാർഡൻസിൽ വെച്ച് അരങ്ങേറിയിരുന്നു. കൊൽക്കത്ത എന്ന നഗരത്തിന് ഒരിക്കലും മറക്കാനാവാത്ത ഒരു മാച്ച് ആയിരുന്നു അത്.

അന്ന് ഈഡൻ ഗാർഡൻസിൽ 60,000 സീറ്റുകളാണ് ഉണ്ടായിരുന്നത്. പക്ഷേ ഇന്ത്യ-വിൻഡീസ് പോരാട്ടത്തിൻ്റെ ഭാഗമായി എൺപതിനായിരത്തോളം ടിക്കറ്റുകളാണ് സംഘാടകർ വിറ്റഴിച്ചത്!

സ്വാഭാവികമായും സ്റ്റേഡിയത്തിൽ വലിയ ജനക്കൂട്ടം രൂപപ്പെട്ടു! തിരക്ക് നിയന്ത്രിക്കാൻ പൊലീസിന് ലാത്തിയും ടിയർ ഗ്യാസും ഉപയോഗിക്കേണ്ടിവന്നു! അതോടെ ക്ഷുഭിതരായ കാണികൾ ഗാലറികളിൽ തീയിട്ടു!

ഗ്രൗണ്ടിൽ സ്ഥാപിച്ചിരുന്ന ഇരു രാജ്യങ്ങളുടേയും ദേശീയ പതാകകൾ കത്തി നശിക്കാനുള്ള സാദ്ധ്യതയുണ്ടായിരുന്നു. കരീബിയൻ പടയുടെ ഉപനായകനായിരുന്ന കൊൺറാഡ് ഹണ്ടേയുടെ സമയോചിതമായ ഇടപെടൽ മൂലം ആ പതാകകൾ സംരക്ഷിക്കപ്പെട്ടു എന്ന ഐതിഹ്യം ഏറെക്കാലം ക്രിക്കറ്റിൽ ഉണ്ടായിരുന്നു.

എന്നാൽ പിൽക്കാലത്ത് തൻ്റെ ആത്മകഥയിലൂടെ ഹണ്ടേ ഒരു വെളിപ്പെടുത്തൽ നടത്തി-

''തീ ആളിപ്പർന്നപ്പോൾ വിൻഡീസ് പതാകയും ഇന്ത്യൻ പതാകയും അഴിച്ചുമാറ്റാൻ ഞാൻ തുനിഞ്ഞതാണ്. പക്ഷേ ഒരു പൊലീസുകാരൻ എന്നെ തടഞ്ഞു. അയാൾ എന്നെ സുരക്ഷിതമായി അകറ്റിനിർത്തുകയും രണ്ട് ദേശീയ പതാകകളെ അഗ്നിയിൽനിന്ന് രക്ഷിക്കുകയും ചെയ്തു...!!''

നിർഭാഗ്യവശാൽ ആ പൊലീസ് ഉദ്യോഗസ്ഥൻ ആരാണെന്ന് ഇന്നും നമുക്കറിയില്ല. ആരും അയാളെ അന്വേഷിച്ച് ചെന്നില്ല. അയാൾ സ്വയം മുന്നോട്ട് വന്ന് സ്വന്തം ഐഡൻ്റിറ്റി വെളിപ്പെടുത്തിയതുമില്ല.

പ്രിയപ്പെട്ട അജ്ഞാതനായ പൊലീസുകാരാ, അന്ന് നിങ്ങൾ സംരക്ഷിച്ച ഇന്ത്യൻ പതാകയെ സഞ്ജു സാംസൺ വാനോളം ഉയർത്തിയിട്ടുണ്ട്! എങ്ങോ ഇരുന്ന് നിങ്ങളിത് കാണുന്നില്ലേ...!?'- ഇങ്ങനെയാണ് സന്ദീപ് ദാസ്  കുറിപ്പ് അവസാനിപ്പിക്കുന്നത്. 

ENGLISH SUMMARY:

Sanju Samson's match-winning innings against the West Indies in the T20 World Cup has gone viral, drawing comparisons to Steve Waugh's legendary performance. Content creator Sandeep Das shared a detailed post on Facebook highlighting Samson's grit and determination, reminiscent of Waugh's fighting spirit.