From left, India's Sanju Samson, Ishan Kishan and Arshdeep Singh celebrate after winning the fifth and final T20 International cricket match between India and New Zealand, at the Greenfield International Stadium, in Thiruvananthapuram, Kerala, Saturday, Jan. 31, 2026. (PTI Photo/R SenthilKumar)

വെടിക്കെട്ട് ബാറ്റിങിന് ശേഷം വിക്കറ്റ് കീപ്പിങും ലഭിച്ചതോടെ കാര്യവട്ടത്തെ ട്വന്‍റി 20 മത്സരം ഇഷാന്‍ കിഷന്‍ ടീമില്‍ സ്ഥാനം ഉറപ്പിക്കുന്നതിന്‍റെ സൂചനയാണോയെന്ന ചോദ്യം ആരാധകര്‍ ഉയര്‍ത്തിയിരുന്നു. സ്ഥിരം വിക്കറ്റ് കീപ്പറായ സഞ്ജു സാംസണ് പകരം കാര്യവട്ടത്ത് കീപ്പങ് ജോലി ചെയ്തത് ഇഷാന്‍ കിഷനാണ്. പരമ്പരയിലെ നാലു മത്സരങ്ങളിലും സഞ്ജുവായിരുന്നു വിക്കറ്റ് കീപ്പര്‍. പിന്നെ എന്തിന് കീപ്പിങില്‍ നിന്നും സഞ്ജുവിനെ മാറ്റി? ഈ ചോദ്യത്തിന് മറുപടി പറയുകയാണ് ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്. 

സഞ്ജുവിന്‍റെ നാട്ടില്‍ ഇഷാന്‍റെ വെടിക്കെട്ട്; പിന്നാലെ വിക്കറ്റ് കീപ്പിങും കയ്യില്‍

ഇഷാനെ വിക്കറ്റ് കീപ്പിങിലേക്ക് കൊണ്ടുവരാനുള്ള തീരുമാനം ഒറ്റരാത്രി കൊണ്ട് ഉണ്ടായതല്ലെന്ന് സൂര്യകുമാര്‍ യാദവ് വ്യക്തമാക്കുന്നു. തിലക് വര്‍മ ടീമില്ലാത്തതിനാലാണ് രണ്ടു വിക്കറ്റ് കീപ്പര്‍മാര്‍ക്കും അവസരം ലഭിച്ചത്. എന്നാല്‍ വിക്കറ്റ് കീപ്പറെ മാറ്റാനുള്ള തീരുമാനം പരമ്പര ആരംഭിക്കുന്നതിന് മുന്‍പ് തന്നെ എടുത്തിരുന്നു എന്നാണ് മത്സരശേഷം ക്യാപ്റ്റന്‍ മാധ്യമങ്ങളോട് പറഞ്ഞത്.

 

'സഞ്ജു ആദ്യ മൂന്നു മത്സരങ്ങളിലും ഇഷാന്‍ ശേഷമുള്ള രണ്ട് മത്സരങ്ങളിലും വിക്കറ്റ് കീപ്പ് ചെയ്യാനാണ് തീരുമാനിച്ചിരുന്നത്. പരുക്ക് മൂലം നാലാം മത്സരത്തില്‍ ഇഷാന് കളിക്കാന്‍ സാധിച്ചില്ല. അഞ്ചാം മല്‍സരത്തില്‍ ഇഷാന്‍ മടങ്ങിയെത്തിയതോടെ മുന്‍നിശ്ചയിച്ചത് പോലെ കീപ്പിങ് ഇഷാനെ ഏല്‍പ്പിക്കുകയായിരുന്നു. ലോകകപ്പിന് മുന്നോടിയായി കൈക്കൊണ്ട തീരുമാനമാണിത്'– സൂര്യകുമാര്‍ പറഞ്ഞു. 

 

'ഇഷാന്‍  ടീമിനായി എന്തുകൊണ്ടുവരും എന്ന് ഞങ്ങള്‍ക്കറിയാം. ഈ പരമ്പരയ്ക്ക് മുന്‍പ് ആഭ്യന്തര ക്രിക്കറ്റില്‍ ഇഷാന്‍റെ പ്രകടനം കണ്ടതാണ്. അതേരീതിയില്‍ ഇഷാന്‍ ബാറ്റിങ് തുടരുകയാണ് ഞങ്ങള്‍ക്ക് ആവശ്യം. അത് ഓപ്പണിങില്‍ ആയാലും മൂന്നാം നമ്പറിലായാലും' എന്നും സൂര്യകുമാര്‍ വ്യക്തമാക്കി.

 

അതേസമയം, കാര്യവട്ടം ട്വന്‍റി 20യില്‍ ടീം ഷീറ്റില്‍ സഞ്ജു സാംസണാണ് വിക്കറ്റ് കീപ്പറായി ഉണ്ടായിരുന്നത്. എന്നാല്‍ രണ്ടാം ഇന്നിങിസില്‍ ഇഷാന്‍ കീപ്പറായി എത്തുകയായിരുന്നു. ബാറ്റിങിലെ സെഞ്ചറി പ്രകടനത്തിന് ശേഷമാണ് ഇഷാന്‍ കീപ്പിങിലേക്ക് എത്തിയത്. 43 പന്തുകളില്‍ നിന്ന് ഇഷാൻ 103 റണ്‍സെടുത്തു. 10 സിക്സുകളും ആറു ഫോറുകളും അടങ്ങുന്നതായിരുന്നു ഇഷാന്‍റെ ഇന്നിങ്സ്. കഴിഞ്ഞ വര്‍ഷം സഞ്ജുവായിരുന്നു ഇന്ത്യയുടെ ട്വന്‍റി 20 സ്ക്വാഡില്‍ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്കുള്ള പ്രഥമപരിഗണന. ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനത്തിന് പിന്നാലെയാണ് ന്യൂസീലന്‍ഡിനെതിരായ പരമ്പരയിലും ലോകകപ്പ് ടീമിലും ഇഷാന്‍ കിഷന്‌ സ്ഥാനം ലഭിച്ചത്.

 

അതേസമയം, ന്യൂസീലന്‍ഡ് സീരിസില്‍ ബാറ്റിങില്‍ തീര്‍ത്തും പരാജയമായിരുന്നു സഞ്ജു. അഞ്ചു മത്സരവും കളിച്ച സഞ്ജു ആകെ നേടിയത് 46 റണ്‍സാണ്. ആദ്യ മത്സരത്തിലും (10 റണ്‍സ്) നാലം ഏകദിനത്തിലും (26 റണ്‍സ്) മാത്രമാണ് സഞ്ജുവിന് രണ്ടക്കം കടക്കാനായത്. ഫുട് വര്‍കിലെ പാളിച്ചകളും ആത്മവിശ്വാസക്കുറവും സമ്മര്‍ദവുമാണ് സഞ്ജുവിനെ വലയ്ക്കുന്നതെന്ന വിലയിരുത്തലുകളും പുറത്തുവന്നിട്ടുണ്ട്. 

ENGLISH SUMMARY:

Ishan Kishan's exceptional batting and wicket-keeping in the recent T20 match at Karyavattom signals a strong claim for his position in the team. This move comes as Captain Suryakumar Yadav clarifies the decision to give Ishan wicket-keeping duties, emphasizing it was a pre-planned strategy for the World Cup build-up.