സഞ്ജു സാംസണ്‍ നിരാശപ്പെടുത്തിയതിന്റെ ക്ഷീണം ഇഷാന്‍ കിഷന്‍ തീര്‍ത്തു. ആരാധകരുടെ മനസ് നിറഞ്ഞു. കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ന്യൂസീലന്‍ഡിനെതിരായ അഞ്ചാം ട്വന്റി 20 യില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 271 റൺസെടുത്തു. 43 പന്തുകളില്‍ നിന്ന് 103 റണ്‍സെടുത്ത ഇഷാൻ ആണ് ഇന്ത്യന്‍ സ്കോര്‍ബോര്‍ഡിന്റെ നട്ടെല്ലായത്. 10 സിക്സുകളും ആറു ഫോറുകളും അടങ്ങുന്നതായിരുന്നു ഇന്നിംങ്സ്. 28 പന്തുകളിൽ അർധ സെഞ്ചറിയിലെത്തിയ ഇഷാൻ പിന്നീടുള്ള 14 പന്തുകളിലാണ് 100 ലെത്തിയത്. 30 പന്തിൽ 63 റൺസെടുത്ത ക്യാപ്റ്റൻ സൂര്യകുമാർ യാദവും ഇന്ത്യയ്ക്കായി തിളങ്ങി
അഭിഷേക് ശർമ (16 പന്തിൽ 30), ഹാർദിക് പാണ്ഡ്യ (17 പന്തിൽ 42) എന്നിവരും ഇന്ത്യയ്ക്കായി മികച്ച പ്രകടനം പുറത്തെടുത്തു. ആറു പന്തുകൾ നേരിട്ട സഞ്ജു ആറ് റൺസെടുത്തു പുറത്തായി. മൂന്നാം ഓവറിലെ അഞ്ചാം പന്തിൽ ലോക്കി ഫെർഗൂസനെ കവറിനു മുകളിലൂടെ സിക്സർ പറത്താൻ ശ്രമിച്ച സഞ്ജുവിനു പിഴയ്ക്കുകയായിരുന്നു. ബെവൻ ജേക്കബ്സ് ക്യാച്ചെടുത്താണ് സഞ്ജുവിന്റെ മടക്കം.
മൂന്നു മത്സരങ്ങൾ ജയിച്ച ഇന്ത്യ പരമ്പര നേരത്തെ സ്വന്തമാക്കി കഴിഞ്ഞു.