FILE PHOTO: Tankers are seen off the coast of the Fujairah, as Iran vows to close the Strait of Hormuz, amid the U.S.-Israel conflict with Iran, in Fujairah, United Arab Emirates, March 3, 2026. REUTERS/Amr Alfiky/File Photo
ഹോര്‍മുസ് കടലിടുക്കില്‍ കൂടെ ചൈനയുടെ കപ്പലുകള്‍ മാത്രം ഇറാന്‍ കടത്തിവിടുമെന്ന് റിപ്പോര്‍ട്ട്. ചൈന ഇറാനോട് കാണിക്കുന്ന മൃദുസമീപനത്തിന്‍റെ ഭാഗമായാണ് നീക്കം. സംഘർഷം രൂക്ഷമായതോടെ ഹോർമുസ് കടലിടുക്കിലൂടെയുള്ള സുരക്ഷിത യാത്ര ഉറപ്പാക്കാൻ പുതിയ വഴികൾ തേടുകയാണ് ചരക്കുകപ്പലുകൾ.
യുഎസും ഇസ്രയേലും ഇറാനും ആക്രമണ പ്രത്യാക്രമണങ്ങളുമായി മുന്നോട്ടുപോകുന്ന സാഹചര്യത്തിൽ, ഈ തന്ത്രപ്രധാന പാതയിലൂടെയുള്ള കപ്പൽ ഗതാഗതം ഏതാണ്ട് നിലച്ച മട്ടാണ്. ഹോര്‍മുസ് കടലിടുക്കിന്‍റെ നിയന്ത്രണം ഇപ്പോള്‍ ടെഹ്റാന്‍റെ എലൈറ്റ് ഫോഴ്സിന്‍റെ കൈകളിലാണെന്നാണ് ഇറാന്‍റെ വാദം. കടന്നുപോകാന്‍ ശ്രമിക്കുന്ന കപ്പലുകളെ ആക്രമിക്കുമെന്നും ഇറാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ആഗോള സമ്പദ് വ്യവസ്ഥ തകരാറിലാകുമെന്ന ചൈനയുടെ മുന്നറിയിപ്പിനെതുടര്‍ന്നാണ് ഇറാന്‍ നിലപാട് മാറ്റിയതെന്ന് കരുതുന്നു.
ചൈനീസ് കപ്പലുകള്‍ക്ക് മാത്രം ഹോര്‍മുസ് വഴി പോകാന്‍ അനുവദിച്ചേക്കും. ഇതിന്‍റെ ചുവടുപിടിച്ച് സുരക്ഷിത യാത്രയ്ക്ക് പുതിയ വഴികൾ തേടുകയാണ് മറ്റ് ചരക്കുകപ്പലുകൾ. കഴിഞ്ഞ വ്യാഴാഴ്ച ഒമാൻ തീരം ചേർന്ന് കടലിടുക്ക് കടന്ന 'അയൺ മെയ്ഡൻ' എന്ന കപ്പല്‍ ലക്ഷ്യസ്ഥാനം 'ഫോർ ഓർഡേഴ്സ്' എന്നതിൽ നിന്ന് 'ചൈനീസ് ഉടമ' എന്നാക്കി മാറ്റിയിരുന്നു. ചൈനയുടെ എണ്ണ ഇറക്കുമതിയുടെ 40 മുതല്‍ 50 ശതമാനംവരെ ഹോര്‍മുസ് വഴിയാണ് വരുന്നത്. അതിനാല്‍ തന്നെ കടലിടുക്കിലെ തടസങ്ങള്‍ ചൈനയെ നേരിട്ട് ബാധിച്ചേക്കും. ഈ സാഹചര്യത്തിലാണ് ഇറാന്‍റെ ഇടപെടല്‍.