പി.കെ.ശശിയെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കി സിപിഎം. പ്രാഥമിക അംഗത്വത്തില്‍നിന്നാണ് പുറത്താക്കിയത്. പാലക്കാട് നടന്ന വിമത കൺവെൻഷനിൽ പങ്കെടുത്തതിന് തൊട്ടുപിന്നാലെയാണ് ശശിക്കെതിരെ നടപടി എടുത്തത്. പാലക്കാട് ജില്ലാ നേതൃത്വത്തിനെതിരെ രൂക്ഷവിമർശനമാണ് ശശി നടത്തിയത്. ഇതിന് പിന്നാലെയാണ് പുറത്താക്കല്‍. പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയെന്ന് അറിഞ്ഞെന്നും ഇനി എങ്ങനെയാണ് പാര്‍ട്ടിയുമായി ബന്ധമുണ്ടാകുകയെന്നും പി.കെ.ശശി പ്രതികരിച്ചു. Also Read: ‘ഞങ്ങളാണ് കമ്യൂണിസ്റ്റുകള്‍’; പി.കെ.ശശി സിപിഎം വിമത കണ്‍വെന്‍ഷനില്‍
പാലക്കാട്ടെ സി.പി.എം നേതൃത്വത്തെ കടന്നാക്രമിച്ച് വിമതരുടെ കണ്‍വെന്‍ഷന്‍ വേദിയില്‍ മുന്‍ എം.എല്‍.എ പി.കെ.ശശി. പരിപാടിയുടെ സംഘാടകര്‍ വിമതരല്ലെന്നും ആത്മാഭിമാനമുള്ള കമ്യൂണിസ്റ്റുകാരാണെന്നും കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് ശശി പറഞ്ഞു. മുദ്രാവാക്യം വിളികളോടെയാണ് ശശിയെ പ്രവര്‍ത്തകര്‍ സ്വാഗതം ചെയ്തത്. വേദിയില്‍ എത്താന്‍ ഒട്ടും ആഗ്രഹിച്ചിരുന്നില്ലെന്നും, ജില്ലാ നേതൃത്വത്തിന്റെ ദുഷ്ചെയ്തികളാണ് ഇവിടെ എത്തിച്ചതെന്നും ശശി കൂട്ടിച്ചേര്‍ത്തു. ജില്ലാ സെക്രട്ടറി പി.കെ.സുരേഷ്ബാബു സ്പിരിറ്റ് കച്ചവടക്കാരനാണ്. സെക്രട്ടറിയെ മാറ്റാതെ ജില്ലയിലെ പാര്‍ട്ടി രക്ഷപ്പെടില്ല. ഏഴ് ജില്ലാ കമ്മിറ്റിയംഗങ്ങളുടെ പിന്തുണ തനിക്കുണ്ടെന്നും ശശി അവകാശപ്പെട്ടു
സംസ്ഥാന നേതൃത്വത്തിനെതിരെ ഒരക്ഷരം പറയില്ലെന്ന് സി.പി.എം വിമതരുടെ വേദിയില്‍ പി.കെ.ശശി. ജില്ലയിലെ പാര്‍ട്ടിയെ വീണ്ടെടുക്കാന്‍ സംസ്ഥാന നേതൃത്വം ഇടപെടണം, എന്നാല്‍ സംസ്ഥാന സെക്രട്ടറി ഇടപെടേണ്ട. കോടിയേരി മരിച്ചതോടെ ഉണ്ടായ ശൂന്യത നിലനില്‍ക്കുകയാണ്. എല്ലാം ശരിപ്പെടുത്തിയെടുക്കുംവരെ നിന്നുതരുന്ന കാലം കഴിഞ്ഞു. ധിക്കാരത്തിന് മുന്നില്‍ വാലാട്ടാന്‍ നായ്ക്കളെ കിട്ടുമെന്നും ഉശിരുള്ള കമ്യൂണിസ്റ്റുകളെ കിട്ടില്ലെന്നും ശശി തുറന്നടിച്ചു.