നവകേരള സര്‍വേയ്ക്ക് ബുക്കും പാഡും ബ്രോഷറും  തയ്യാറാക്കാനായി  ചെലവാക്കിയത് എട്ടുകോടി രൂപ. 85,000 ബുക്ക്‌‌ലെറ്റുകള്‍ അച്ചടിച്ചത് സാധൂകരിക്കാന്‍ നല്‍കിയ ഉത്തരവിലാണ് ഈ വിശദാംശങ്ങളുള്ളത്. സര്‍വേ ഫോം, ഫീഡ് ബാക്ക്, ബ്രോഷറുകള്‍, പാഡ്,  നോട്ട്ബുക്കുകള്‍ എന്നിവക്കാണ്  എട്ടു കോടി രൂപ ചെലവഴിച്ചിരിക്കുന്നത്. 

 

സര്‍വേ നടത്തിയ സന്നദ്ധ സേനാംഗങ്ങള്‍ക്കാണ് സ്റ്റേഷനറിയും ഫോമുകളും മറ്റും  കൈമാറിയത്.  ബുക്ക് ലെറ്റുകള്‍ അച്ചടിക്കുന്നതിന് കെ.ബി.പി.എസിന് നിര്‍ദേശം നല്‍കിയിരുന്നു. സര്‍ക്കാര്‍ ഉത്തരവില്ലാതെ നവംബര്‍ 25 ന് വര്‍ക്ക് ഓഡര്‍ നല്‍കിയതിനെ സാധൂകരിക്കാന്‍ നല്‍കിയ ഉത്തരവ് ഇന്നലെയാണ് പിആര്‍ഡി പുറപ്പെടുവിച്ചത്. 

 

ഹൈക്കോടതിയുടെ പ്രഹരങ്ങള്‍ക്കിടെ സുപ്രീം കോടതിയില്‍ നിന്ന് സംസ്ഥാന സര്‍ക്കാരിന് അനുകൂല വിധികിട്ടിയിരുന്നു. ഹൈക്കോടതി വിധിക്കെതിരായ സര്‍ക്കാരിന്‍റെ അപ്പീല്‍ പരിഗണിച്ചാണ്  നവകേരള സര്‍വേ റദ്ദാക്കിയ വിധി സുപ്രീം കോടതി സ്റ്റേ ചെയ്തത്. സര്‍വേ നടത്താനുള്ള പദ്ധതിയില്‍ എന്താണ് തെറ്റെന്ന് തുടക്കത്തിൽ തന്നെ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ചോദിച്ചിരുന്നു.   കോടിക്കണക്കിന് രൂപ ചെലവഴിച്ചുള്ള ക്ഷേമ പദ്ധതികളെക്കുറിച്ച് ജനങ്ങളുടെ അഭിപ്രായമാണ് സർക്കാർ തേടുന്നത്.  നയം രൂപീകരിക്കുന്നതിന് പഠനം നടത്തുന്നതില്‍ എന്താണ് തെറ്റെന്നും ചീഫ് ജസ്റ്റിസ്  അധ്യക്ഷനായ ബെഞ്ച് ചോദിച്ചിരുന്നു. 

 

തിരഞ്ഞെടുപ്പ് അടുത്തിരിക്കെ  20 കോടി രൂപ ചെലവിട്ട് പിആർ ക്യാംപെയ്‌നാണ് നടന്നതെന്നും പാര്‍ട്ടി പ്രവര്‍ത്തകരാണ് സര്‍വേക്കായിവീടുകളിലെത്തിയതെന്നും എതിര്‍കക്ഷികളായ മുബാസും കെ.എസ്.യു സംസ്ഥാന പ്രസി‍ഡന്‍റ് അലോഷ്യസ് സേവ്യറും വാദിച്ചിരുന്നു. ഏപ്രില്‍ 13–നാണ് അപ്പീല്‍ പരിഗണിക്കുക. 

ENGLISH SUMMARY:

The Kerala government spent ₹8 crore on books, pads, brochures, and survey materials for the Nava Kerala Survey, according to a government order. The stationery was distributed to volunteers conducting the survey across the state. The issue has sparked political debate, with opposition leaders alleging it was a costly PR campaign ahead of elections, while the Supreme Court has stayed the High Court order that cancelled the survey.