ARLINGTON, TEXAS - JUNE 30: Erling Haaland #9 of Norway celebrates with teammates after scoring the team's second goal during the FIFA World Cup 2026 Round Of 32 match between Cote d'Ivoire and Norway at Dallas Stadium on June 30, 2026 in Arlington, Texas. Lars Baron/Getty Images/AFP (Photo by Lars Baron / GETTY IMAGES NORTH AMERICA / Getty Images via AFP)
നിർണായക മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ഐവറി കോസ്റ്റിനെ തകർത്ത് നോർവേ ലോകകപ്പിന്റെ പ്രീ-ക്വാർട്ടറിലേക്ക് യോഗ്യത നേടി. സൂപ്പർ സ്ട്രൈക്കർ എർലിങ് ഹാളണ്ടിന്റെ വകയായിരുന്നു നോർവേയുടെ വിജയഗോൾ. ആവേശകരമായ പ്രീ-ക്വാർട്ടർ പോരാട്ടത്തിൽ കരുത്തരായ ബ്രസീലാണ് ഇനി നോർവേയുടെ എതിരാളികൾ.
മല്‍സരത്തിന്റെ തുടക്കം മുതൽ ഇരുടീമുകളും ആക്രമണ ഫുട്ബോളാണ് പുറത്തെടുത്തത്. ആദ്യ മിനിറ്റുകളിൽ ഐവറി കോസ്റ്റാണ് കളം നിറഞ്ഞുകളിച്ചത്. നോർവേ ഗോൾമുഖത്ത് അവർ നിരന്തരം ഭീതി വിതച്ചുകൊണ്ടിരുന്നു. എന്നാൽ എർലിങ് ഹാളണ്ടും അലക്സാണ്ടർ സോർലോത്തും നയിച്ച നോർവേ മുന്നേറ്റനിരയും പതിയെ താളം കണ്ടെത്തി പ്രത്യാക്രമണങ്ങൾ അഴിച്ചുവിട്ടു.
ARLINGTON, TEXAS - JUNE 30: Erling Haaland #9 of Norway celebrates scoring his team's second goal during the FIFA World Cup 2026 Round Of 32 match between Cote d'Ivoire and Norway at Dallas Stadium on June 30, 2026 in Arlington, Texas. Lars Baron/Getty Images/AFP (Photo by Lars Baron / GETTY IMAGES NORTH AMERICA / Getty Images via AFP)
മത്സരത്തിന്റെ 35-ാം മിനിറ്റിൽ ഐവറി കോസ്റ്റിന്റെ ഇമ്മാനുവൽ അഗ്ബദൗവിന് മികച്ചൊരു അവസരം ലഭിച്ചെങ്കിലും നോർവേ ഗോൾകീപ്പർ ഒർജാൻ ലനൈലാൻഡ് തകർപ്പൻ സേവുമായി ടീമിന്റെ രക്ഷകനായി. തൊട്ടുപിന്നാലെ ഹാളണ്ട് നടത്തിയ മുന്നേറ്റം ഐവറി കോസ്റ്റ് ഗോളി യഹിയ ഫൊഫാനയും നിഷ്പ്രഭമാക്കി. ഒടുവിൽ 39-ാം മിനിറ്റിൽ നോർവേ മത്സരത്തിൽ ആദ്യ ലീഡ് നേടി. ബോക്സിന്റെ ഇടതുമൂലയിൽ നിന്ന് വിങ്ങർ അന്റോണിയോ നൂസ ഉതിർത്ത തകർപ്പൻ ഷോട്ട് ഐവറി കോസ്റ്റ് വല കുലുക്കുകയായിരുന്നു. ഈ ഒറ്റ ഗോളിന്റെ ലീഡിലാണ് നോർവേ ആദ്യപകുതി അവസാനിപ്പിച്ചത്.
തിരിച്ചടിച്ച് ഡിയാലോ; കളി തിരിച്ച് ഹാളണ്ട്
രണ്ടാം പകുതിയിൽ കളി ജയിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഐവറി കോസ്റ്റ് ബൂട്ട് കെട്ടിയത്. നോർവേ പ്രതിരോധത്തെ അവർ പലതവണ പരീക്ഷണങ്ങളിലാഴ്ത്തി. 55-ാം മിനിറ്റിൽ നിക്കൊളാസ് പെപ്പെയുടെ ഒരു ഉഗ്രൻ ഷോട്ട് നോർവേ ഗോളി തട്ടിയകറ്റി. തുടർന്ന് പകരക്കാരെ ഇറക്കി ആക്രമണം ശക്തമാക്കിയ ഐവറി കോസ്റ്റ് അതിന്റെ ഫലം കണ്ടു. പകരക്കാരനായി എത്തിയ അമദ് ഡിയാലോയിലൂടെ അവർ സമനില പിടിച്ചു (1-1). വലതുവിങ്ങിലൂടെ പന്തുമായി കുതിച്ച്, നോർവേ പ്രതിരോധനിരക്കാരെ ഡ്രിബിൾ ചെയ്ത് വെട്ടിച്ച് ഡിയാലോ നേടിയ ഗോൾ മനോഹരമായിരുന്നു.
മത്സരം സമനിലയിലേക്ക് നീങ്ങുമെന്ന ഘട്ടത്തിലാണ് കളിയിലെ 86-ാം മിനിറ്റിൽ നോർവേയുടെ രക്ഷകനായി സൂപ്പർ താരം എർലിങ് ഹാളണ്ട് അവതരിക്കുന്നത്. പാട്രിക് ബെർഗ് നീട്ടിനൽകിയ പാസ് കൃത്യമായി ലക്ഷ്യത്തിലെത്തിച്ച് ഹാളണ്ട് നോർവേയ്ക്ക് ക്ലിനിക്കൽ വിജയം സമ്മാനിച്ചു. അവസാന മിനിറ്റുകളിൽ തിരിച്ചടിക്കാൻ ഐവറി കോസ്റ്റ് കിണഞ്ഞു ശ്രമിച്ചെങ്കിലും നോർവേ പ്രതിരോധം കോട്ടപോലെ ഉറച്ചുനിന്നു.