സീൻ 1 - അമ്മകു, കൂതുരികി ജരിഗിന പൊരപാടൂ: ആന്ധ്രപ്രദേശിൽ നിന്ന് കേരളത്തിൽ എൽ.എൽ.ബി എൻട്രൻസ് പരീക്ഷ എഴുതാനെത്തിയ പെൺകുട്ടിയുടെയും അമ്മയ്ക്കും തുണയായി എറണാകുളം ട്രാഫിക് ഈസ്റ്റ് സ്റ്റേഷനിലെ പൊലീസുകാർ. ഞായറാഴ്ച വൈകിട്ട് നാലിന് ആന്ധ്രയിലെ ഈസ്റ്റ് ഗോദാവരി സ്വദേശിനിയായ ലളിത റാണിയും മകൾ ജാഷ്ണവിയും കൺനിറഞ്ഞ് വൈറ്റില ട്രാഫിക് ടവറിലേക്ക് കടന്നുവരുന്നത്. ഡ്യൂട്ടിയിലുണ്ടായിരുന്ന എറണാകുളം ഈസ്റ്റ് ട്രാഫിക് എസ്.ഐ ജോയ് ജോസഫും എ.എസ്.ഐ ജിജേഷും ഇരുവരെയും കേട്ടു. കാക്കനാട് രാജഗിരി കോളജിലെ പരീക്ഷയ്ക്ക് ശേഷം വൈറ്റില ഹബിൽ നിന്ന് ഹൈക്കോടതിയിലേക്കുള്ള ബസിലാണ് ഇവർ സഞ്ചരിച്ചത്. ഹൈക്കോടതി സ്റ്റോപ്പ് എത്തിയെന്ന കണ്ടക്ടറുടെ വിളി കേട്ട് ധൃതിയിലിറങ്ങിയപ്പോൾ സീറ്റിന് മുകളിലെ സ്ഥലത്ത് വച്ചിരുന്ന ബാഗ് എടുക്കാൻ ഇരുവരും മറന്നു.അമ്മയ്ക്കും മകൾക്കും പറ്റിയ അബദ്ധം. ജാഷ്ണവിയുടെ പഠന സർട്ടിഫിക്കറ്റുകളും രേഖകളും പണവും, നാട്ടിലേക്ക് തിരികെ പോകാനുള്ള ട്രെയിൻ ടിക്കറ്റും വരെ ആ ബാഗിലായിരുന്നു. കൈവശം ആകെയുണ്ടായിരുന്നത് ഒരു ബസ് ടിക്കറ്റ് മാത്രം!
സീൻ 2 - കനത്ത മഴയിലെ തിരച്ചിൽ: അമ്മയുടെയും മകളുടെയും അവസ്ഥ മനസ്സിലാക്കിയ എ.എസ്.ഐ ജിജേഷും എസ്.ഐ ജോയ് ജോസഫും ഒട്ടും സമയം കളയാതെ അവരെയും കൂട്ടി വൈറ്റില ഹബിലേക്ക് തിരിച്ചു. അപ്പോൾ വൈറ്റിലയിലും പരിസരങ്ങളിലും മഴ തകർത്തുപെയ്യുകയായിരുന്നു. ബസ് ടിക്കറ്റിന്റെ ഫോട്ടോ ഉടൻ തന്നെ വാട്സ്ആപ്പ് വഴി പല ബസ് ഉടമകൾക്കും അയച്ചുകൊടുത്തു.
യാത്രയ്ക്കിടയിൽ ജാഷ്ണവി ഫോണിൽ പകർത്തിയ 3 സെക്കൻഡ് മാത്രം ദൈർഘ്യമുള്ള ഒരു വീഡിയോ മാത്രമായിരുന്നു ആകെയുള്ള സൂചന. അത് പരിശോധിച്ചപ്പോൾ എറണാകുളം ടൗൺ ഹാൾ ദൃശ്യങ്ങളിൽ കണ്ടു. ഇതോടെ അന്വേഷണം വൈറ്റില-വൈറ്റില സർക്കുലർ ബസുകളിലേക്ക് കേന്ദ്രീകരിച്ചു.
ബസ് ഓണേഴ്‌സ് അസോസിയേഷൻ ഭാരവാഹിയായ നെൽസനെ ബന്ധപ്പെട്ടെങ്കിലും, ഞായറാഴ്ചയായതിനാൽ ഓഫീസിന് അവധിയാണെന്നും തിങ്കളാഴ്ച രാവിലെ വിവരങ്ങൾ തരാമെന്നുമായിരുന്നു മറുപടി. എന്നാൽ, ഞായറാഴ്ച രാത്രി 8ന് നാട്ടിലേക്കുള്ള ട്രെയിൻ ഉള്ളതിനാൽ ഇരുവർക്കും കാത്തിരിക്കാൻ കഴിയുമായിരുന്നില്ല. ഓരോ ബസ് വരുമ്പോഴും ആ പെൺകുട്ടിയും പൊലീസുകാർക്കൊപ്പം പ്രതീക്ഷയോടെ ബസുകളിലേക്ക് ഓടിക്കയറി. പക്ഷെ ബാഗ് കണ്ടെത്താനായില്ല. ഞായറാഴ്ചയായതിനാൽ പല ബസുകളും സർവീസ് അവസാനിപ്പിച്ചു തുടങ്ങിയ സമയം. സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാനുള്ള ശ്രമവും ഹബ് ഓഫീസ് അവധിയായതിനാൽ പരാജയപ്പെട്ടു.
സീൻ 3 - അവസാന വട്ട ശ്രമം; ആ രക്ഷകൻ എത്തിയത് അപ്രതീക്ഷിതമായി: 28ന് രാത്രി 7.' ഇന്ന് ഇനി ബാഗ് കിട്ടില്ല, തിങ്കളാഴ്ച രാവിലെ അസോസിയേഷൻ ഓഫീസ് തുറക്കുമ്പോൾ നോക്കാം' എന്ന് പറഞ്ഞ് ഒരു റൂമിലേക്ക് മാറാൻ പൊലീസ് അമ്മയോടും മകളോടും നിർദേശിച്ചു. എന്നാൽ കണ്ണീരോടെ ജാഷ്ണവി എ.എസ്.ഐ ജിജേഷിനോട് അപേക്ഷിച്ചു: "സാർ, ആ നിർത്തിയിട്ടിട്ടുള്ള ബസുകൾ ഒന്നുകൂടി നോക്കാമോ?"
ആ പെൺകുട്ടിയുടെ കണ്ണുകളിലെ പ്രതീക്ഷയിൽ പൊലീസ് വീണ്ടുമിറങ്ങി. മഴ നനഞ്ഞ് നിർത്തിയിട്ടിരുന്ന ഇരുപതോളം ബസുകൾ എ.എസ്.ഐ ജിജേഷ് പരിശോധിച്ചെങ്കിലും നിരാശ മാത്രം. ഒടുവിൽ അവിടെയുണ്ടായിരുന്ന ചില ബസ് തൊഴിലാളികളോട് ജിജേഷ് സങ്കടത്തോടെ പറഞ്ഞു: "ആ പെൺകുട്ടി റീൽ എടുത്തപ്പോൾ ഒരു സെക്കൻഡ് കൂടി എടുത്തിരുന്നെങ്കിൽ കണ്ടക്ടറെ തിരിച്ചറിയാമായിരുന്നു, അവർക്ക് ഭാഗ്യമില്ല."
"ബസിന്റെ ഉള്ളിലെ വീഡിയോ ഉണ്ടെങ്കിൽ അത് ആദ്യം പറയണ്ടേ സാറേ... അതൊന്ന് കാണിച്ചാൽ ഞാൻ ബസിന്റെ പേര് പറയാം!"
തൊഴിലാളികളിൽ ഒരാൾ ഓടിവന്ന് പറഞ്ഞ ഈ വാക്കുകളാണ് വഴിത്തിരിവായത്. ഉടൻ തന്നെ ആ 3 സെക്കൻഡ് വീഡിയോ കണ്ട ആ തൊഴിലാളി ഒട്ടും സംശയിക്കാതെ വിളിച്ചുപറഞ്ഞു: "സാറേ, ഇത് ഫ്രണ്ട്സ് ബസാണ്!"
സീൻ 4 - ആശ്വാസത്തിന്റെ കണ്ണീർ: 'ഫ്രണ്ട്സ്' ബസിന് അടുത്തേക്കുള്ള ഓട്ടമായിരുന്നു. ജിജേഷ് ബസിനകത്ത് കയറി പരിശോധിച്ചപ്പോൾ ആ ഇളം നീല നിറത്തിലുള്ള ബാഗ് അവിടെത്തന്നെയുണ്ടായിരുന്നു!. സുരക്ഷിതമായി ബാഗ് തിരികെ ലഭിച്ചപ്പോൾ മുകളിലേക്ക് നോക്കി പ്രാർഥിച്ച ജാഷ്ണവിയുടെയും അമ്മയുടെയും കണ്ണുകളിൽ ആശ്വാസക്കണ്ണീർ. ആ കാഴ്ചയോടെ കഴിഞ്ഞ നാല് മണിക്കൂറായി തങ്ങൾ അനുഭവിച്ച കഠിനമായ ഡ്യൂട്ടിയുടെ ക്ഷീണമെല്ലാം ഒരൊറ്റ നിമിഷം കൊണ്ട് ഇല്ലാതായെന്ന് എ.എസ്.ഐ ജിജേഷ് ഓർക്കുന്നു. യാത്രപറയും മുൻപ് ആ അമ്മയും മകളും പൊലീസുകാരുടെ കൈകളിൽ പിടിച്ച് നന്ദിപൂർവ്വം പറഞ്ഞ വാക്കുകൾ
"Thank you so much, sir. This feels possible only in Kerala. Thank you so much to Kerala Police for all the support, they literally didn’t even sit for those 4 hours. This wouldn’t have been possible in any other state.” (വളരെ നന്ദി സാർ, ഇത് കേരളത്തിൽ മാത്രമേ സാധ്യമാകൂ. ആ നാല് മണിക്കൂർ നിങ്ങൾ ഒരിക്കൽ പോലും ഇരിക്കുക പോലും ചെയ്യാതെയാണ് ഞങ്ങളെ സഹായിച്ചത്. മറ്റൊരു സംസ്ഥാനത്തും ഇത് നടക്കില്ല.)
പിന്നീട് ഇൻസ്റ്റഗ്രാമിൽ ജാഷ്ണവി ആ അനുഭവം കുറിച്ചു.
ഇത് താൻഡാ പൊലീസ്.