കനത്ത മഴയെ തുടര്‍ന്ന് വടക്കന്‍ കേരളത്തിലെ രണ്ടു ജില്ലകളില്‍ അവധി. കണ്ണൂരും കാസര്‍കോടും ജൂലൈ ഒന്നിന് പ്രൊഫഷണൽ കോളേജ് ഉൾപ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കലക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. കണ്ണൂർ ജില്ലയിൽ മൂന്ന് ദിവസം തുടർച്ചയായി ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാസര്‍കോടും ഓറഞ്ച് അലര്‍ട്ട് തുടരുകയാണ്.

കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ പ്രൊഫഷണൽ കോളജുകൾ, സ്കൂളുകൾ, അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ, ഐ.സി.എസ്.ഇ, സി.ബി.എസ്.ഇ. സ്കൂളുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, മദ്രസകൾ ഉൾപ്പെടെ ഉള്ള മതവിദ്യാഭ്യാസ സ്ഥാപനങ്ങൾ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. റസിഡൻഷ്യൽ സ്കൂളുകൾക്ക് അവധി ബാധകമല്ല. മുൻകൂട്ടി നിശ്ചയിച്ച സർവകലാശാല, പൊതുപരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റമില്ല. 

സംസ്ഥാനത്ത് മഴ തുടരുന്നു. കണ്ണൂരും കാസർകോടും ഓറഞ്ച് അലർട്ട് തുടരുന്നു. പത്തനംതിട്ട മുതൽ വയനാട് വരെയുള്ള പത്തു ജില്ലകളിൽ യെലോ അലർട്ടാണ്. നാലാം തീയതി വരെ സംസ്ഥാനത്ത് മഴതുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ENGLISH SUMMARY:

Due to heavy rainfall, the District Collectors of Kannur and Kasaragod have declared a public holiday for all educational institutions, including professional colleges and religious schools, on July 1. While residential schools remain exempt, all previously scheduled university and public examinations will proceed as planned. Both districts are currently under an Orange Alert, while ten other districts from Pathanamthitta to Wayanad are under a Yellow Alert. The Meteorological Department has forecasted continuous rainfall across the state until July 4.