ചേര്‍ത്തലയില്‍ ദേശീയപാതയിലെ നിര്‍മ്മാണം പൂര്‍ത്തിയായ മേല്‍പ്പാലത്തിന്‍റെ ഒരുഭാഗം റോഡ് ഇടിഞ്ഞുതാഴ്ന്നു. താഴെഭാഗത്തുനിന്ന് മണ്ണ് ഒലിച്ചുപോയതാണ് റോഡില്‍ വലിയ ഗര്‍ത്തമുണ്ടാകാന്‍ കാരണം. വൈകിട്ട് ആറുമണിയോടെ രൂപപ്പെട്ട ഗര്‍ത്തം മൂടാന്‍ അധികൃതര്‍ രാത്രി ശ്രമിച്ചത് പ്രതിഷേധത്തിന് കാരണമായി. 

കലക്ടര്‍ എത്താതെ ഗര്‍ത്തം മൂടാന്‍ അനുവദിക്കില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. അന്വേഷണം ആവശ്യപ്പെട്ട് കെ.സി.വേണുഗോപാല്‍ എം.പി ദേശീയപാത അതോറിറ്റി ചെയര്‍മാന് കത്ത് നല്‍കി. നിര്‍മ്മാണ പ്രവൃത്തികളിലെ വീഴ്ച അന്വേഷിക്കണമെന്നാണ് ആവശ്യം .

അതേസമയം, ആലപ്പുഴ പതിനൊന്നാം മൈലിൽ ഉണ്ടായതുപോലെ മറ്റു സ്ഥലങ്ങളിലും ഉണ്ടാകുമോ എന്ന് പരിശോധിക്കണമെന്ന് സിപിഎം ജില്ലാ സെക്രട്ടറി ആർ നാസർ. എൻജിനീയറിങ് വിഭാഗത്തിന്റെ പരാജയമാണ് ഇപ്പോഴത്തെ പ്രശ്നത്തിന് കാരണം. ദേശീയപാതയുടെ മറ്റു ഭാഗങ്ങളിലും പരിശോധനയ്ക്ക് സിപിഎം ആവശ്യപ്പെട്ടു. റോഡ് നിർമ്മിക്കുമ്പോൾ എന്താണ് ഉപയോഗിക്കേണ്ടത് എന്നത് എൻജിനീയറിങ് വിഭാഗമാണ് തീരുമാനിക്കേണ്ടത്. മണ്ണ് ഒലിച്ചുപോയി എന്ന് പറയുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നും ആർ നാസർ പറഞ്ഞു.

ENGLISH SUMMARY:

A large sinkhole has appeared on the approach road of a newly constructed flyover on the National Highway in Cherthala after soil erosion beneath the road. Local residents blocked attempts to cover the crater, demanding the District Collector's intervention. MP K. C. Venugopal has sought an NHAI investigation into possible construction lapses.