ചാംപ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീം സെലക്ഷനുമായി ബന്ധപ്പെട്ട് കോച്ച് ഗൗതം ഗംഭീറും മുഖ്യ സെലക്ടറായ അഗാര്‍ക്കറും തമ്മില്‍ രൂക്ഷമായ വാഗ്വാദമുണ്ടായെന്ന് റിപ്പോര്‍ട്ട്. മധ്യനിരയിലെ ബാറ്റര്‍മാരുടെ തിരഞ്ഞെടുപ്പിനെ ചൊല്ലിയാണ് ഗംഭീറും അഗാര്‍ക്കറും വീണ്ടും ഇടഞ്ഞതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ചാംപ്യന്‍സ് ട്രോഫിക്കായുള്ള പ്രാഥമിക ടീം തിരഞ്ഞെടുപ്പ് സമയം മുതലേ പന്താകും ഒന്നാം വിക്കറ്റ് കീപ്പറെന്നാണ് അഗാര്‍ക്കര്‍ പറഞ്ഞിരുന്നത്. ടീമിലുണ്ടായിരുന്നെങ്കിലും ഇംഗ്ലണ്ടിനെതിരായ ഏകദിനത്തില്‍ ഒന്നുപോലും പന്തിന് അവസരം ലഭിച്ചിരുന്നില്ല. പരമ്പര പൂര്‍ത്തിയായതിന് പിന്നാലെ ചാംപ്യന്‍സ് ട്രോഫിയില്‍ കെ.എല്‍.രാഹുലാകും ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയുടെ പ്രധാന വിക്കറ്റ് കീപ്പറെന്ന് കോച്ച് ഗംഭീര്‍ വ്യക്തമാക്കുകയും ചെയ്തു. ഇതോടെ കോച്ചും മുഖ്യ സെലക്ടറും രണ്ട് തട്ടിലാണെന്ന് വാര്‍ത്തകള്‍ പരന്നു. രണ്ടുപേരും നിലപാട് മാറ്റാന്‍ തയ്യാറായതുമില്ല. ഇതോടെ ബിസിസിഐ പ്രതിസന്ധിയിലായെന്നും ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
'വ്യക്തികളെ കുറിച്ച് സംസാരിക്കുന്നത് സത്യത്തില്‍ വളരെ കടുപ്പം നിറഞ്ഞ കാര്യമാണ്. പക്ഷേ ഒരു കാര്യം പറയാതിരിക്കാനാവില്ല. പന്ത് ടീമിന്റെ ഭാഗമാണെങ്കില്‍ അദ്ദേഹത്തിന് തീര്‍ച്ചയായും അവസരം ലഭിച്ചിരിക്കും. എന്നാല്‍ ഈ നിമിഷത്തില്‍ , ഇപ്പോഴത്തെ സാഹചര്യത്തില്‍ കെ.എല്‍.രാഹുലാണ് നമ്മുടെ ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പര്‍. രാഹുലിന്റെ പ്രകടനം നമ്മള് കണ്ടതാണ്. ടീമില്‍ രണ്ട് വിക്കറ്റ് കീപ്പര്മാരുണ്ടാകുമ്പോള് രണ്ടുപേരെയും ഒന്നിച്ച് ഉപയോഗിക്കാന്‍ കഴിയില്ല. പന്തിന് അവസരം ലഭിക്കുമ്പോള്‍ പന്ത് അതിന് തയ്യാറായിരിക്കും'– എന്നായിരുന്നു ഗംഭീര്‍ വിശദീകരിച്ചത്. ഇംഗ്ലണ്ടിനെതിരായ പരമ്പരയിലും പന്തിനായി അഗാര്‍ക്കര്‍ വാദിച്ചെങ്കിലും തുടര്‍ച്ച വേണമെന്ന മറുവാദം ഉയര്‍ത്തി രാഹുലിനെ രോഹിതും ഗംഭീറും നിലനിര്‍ത്തുകയായിരുന്നു.
ശ്രേയസ് അയ്യരെ ടീമിലെടുക്കുന്നതുമായി ബന്ധപ്പെട്ടാണ് അടുത്ത തര്‍ക്കം ഉടലെടുത്തത്. ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തില്‍ ശ്രേയസ് അയ്യരെ കളിപ്പിക്കാന്‍ മാനെജ്മെന്റ് ഉദ്ദേശിച്ചിരുന്നില്ല. പക്ഷേ അവസാന നിമിഷം കോലിക്ക് പരുക്കേറ്റതോടെ മൂന്നാം നമ്പറില്‍ അയ്യര്‍ ഇറങ്ങുകയും അര്‍ധ സെഞ്ചറി നേടുകയുമായിരുന്നു. ഇതോടെ മറ്റ് രണ്ട് കളിയിലും അയ്യര്‍ ടീമിലിടം ഉറപ്പിച്ചു. മധ്യനിരയില്‍ ഇന്ത്യയ്ക്കായി ഏറ്റവുമധികം സ്കോര്‍ ചെയ്യാനും അയ്യര്‍ക്ക് സാധിച്ചു.60.33 ശരാശരിയില്‍ 181 റണ്‍സാണ് താരം അടിച്ചുകൂട്ടിയത്. രണ്ട് അര്‍ധ സെഞ്ചറികള്‍ ഉള്‍പ്പടെയാണ് ഈ നേട്ടം.
നിലവില്‍ അഞ്ചാം നമ്പരില്‍ കളിക്കുന്നത് അക്സര്‍ പട്ടേലാണ്. മധ്യനിരയില്‍ അക്സര്‍ മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നതെങ്കിലും ദീര്‍ഘകാലാടിസ്ഥാനത്തില്‍ അക്സറിനെ അഞ്ചാം നമ്പരില്‍ കാണാന്‍ കഴിയില്ലെന്ന അഭിപ്രായം മാനെജ്മെന്റിനുണ്ടെന്ന് മുന്‍ സെലക്ടറായ ദേബാങ് ഗാന്ധി അഭിപ്രായപ്പെടുന്നു.
ചാംപ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, കെ.എല്‍.രാഹുല്‍, വിരാട് കോലി, ഋഷഭ് പന്ത്, ശ്രേയസ് അയ്യര്‍, രവീന്ദ്ര ജഡേജ, ഹാര്‍ദിക് പാണ്ഡ്യ, അക്സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, ഹര്‍ഷിത് റാണ, മുഹമ്മദ് ഷമി, അര്‍ഷ്ദീപ് സിങ്, വാഷിങ്ടണ്‍ സുന്ദര്‍, വരുണ്‍ ചക്രവര്‍ത്തി.