India's head coach Gautam Gambhir looks on in the end of the fifth day of the second Test cricket match between India and South Africa at the Barsapara Cricket Stadium in Guwahati on November 26, 2025. (Photo by Biju BORO / AFP) / -- IMAGE RESTRICTED TO EDITORIAL USE - STRICTLY NO COMMERCIAL USE --
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ നാണംകെട്ട തോല്‍വിക്ക് പിന്നാലെ കോച്ച് ഗൗതം ഗംഭീറിനെതിരെ വ്യാപക വിമര്‍ശനമാണ് ഉണ്ടായത്. ടെസ്റ്റ് ക്രിക്കറ്റില്‍ ദയനീയ പ്രകടനമാണ് ഇന്ത്യയുടേതെന്നും ഗംഭീറിന്‍റെ അനാവശ്യ പരിഷ്കാരങ്ങളാണ് എല്ലാ പ്രശ്നങ്ങള്‍ക്കും കാരണമെന്നും മുന്‍താരങ്ങളടക്കം വിമര്‍ശനം ഉന്നയിച്ചിരുന്നു. ഗംഭീറിനെ പുറത്താക്കണമെന്ന് മുറവിളി ഉയരുന്നുണ്ടെങ്കിലും ഉടനടി ആ തീരുമാനം ഉണ്ടാകില്ലെന്നാണ് ബിസിസിഐ ഉന്നതര്‍ വെളിപ്പെടുത്തുന്നത്. നിലവില്‍ ഗംഭീറിനൊപ്പം നില്‍ക്കാനാണ് ബിസിസിഐയുടെ തീരുമാനം.
എന്നിരുന്നാലും ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്‍റി20 പരമ്പര പൂര്‍ത്തിയായ ശേഷം ടീം മാനേജ്മെന്‍റും സെലക്ടര്‍മാരുമായി യോഗം ചേരുന്നുണ്ടെന്നും ഈ യോഗത്തില്‍ നിര്‍ണായക തീരുമാനങ്ങളുണ്ടായേക്കാമെന്നും ബിസിസിഐ പ്രതിനിധി എന്‍ഡിടിവിയോട് വെളിപ്പെടുത്തി. 'ഗംഭീറിനെ മാറ്റുന്നത് നിലവില്‍ പരിഗണിക്കുന്നില്ല. ടീമിനെ ഉടച്ച് വാര്‍ക്കുകയാണ് കോച്ചിപ്പോള്‍ ചെയ്യുന്നത്. 2027 വരെ ഗംഭീറിന് കരാര്‍ കാലാവധിയുണ്ട്' എന്നായിരുന്നു ബിസിസിഐ ഉന്നതന്‍റെ വാക്കുകള്‍. ' ഈ ട്രാന്‍സിഷന്‍ പിരീഡില്‍ ടീമിന്‍റെ പ്രകടനം എങ്ങനെ മെച്ചപ്പെടുത്താമെന്നതിനെ കുറിച്ച് ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനൊടുവില്‍ ചേരുന്ന യോഗത്തില്‍ പക്ഷേ വിശദീകരണം തേടും' എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഗംഭീറിനെ പിന്തുണച്ച് സുനില്‍ ഗവാസ്കറും നേരത്തെ രംഗത്തെത്തിയിരുന്നു. 'ഗംഭീര്‍ ഒരു കോച്ചാണ്. ടീമിനെ വാര്‍ത്തെടുക്കുകയാണ് കോച്ച് ചെയ്യുന്നത്. ഗംഭീറിനെ പോലെ പരിചയ സമ്പന്നനായ ഒരാള്‍ക്ക് ടീമിനെ കുറിച്ച് ഉറച്ച ബോധ്യങ്ങളുണ്ടാകും. കളിക്കാരാണ് മെച്ചപ്പെട്ട പ്രകടനം പുറത്തെടുക്കേണ്ടത്. ഗംഭീറിനെയല്ല കുറ്റപ്പെടുത്തേണ്ടത്. ഗംഭീറിന് കീഴില്‍ ഇന്ത്യ ചാംപ്യന്‍സ് ട്രോഫി നേടിയപ്പോഴും ഏഷ്യാക്കപ്പ് നേടിയപ്പോഴുമൊക്കെ വിമര്‍ശിക്കുന്നവര്‍ എവിടെയായിരുന്നു? അന്ന് ഗംഭീറിന്‍റെ കാലാവധി നീട്ടിക്കൊടുക്കണമെന്ന് പറയാതിരുന്നവര്‍ ഇപ്പോള്‍ പുറത്താക്കാന്‍ മുറവിളി കൂട്ടുന്നതെന്തിനെന്നും ഗവാസ്കര്‍ ചോദ്യമുയര്‍ത്തുന്നു. ടീം മോശം പ്രകടനം പുറത്തെടുത്താല്‍ കോച്ചിനെ കുറ്റപ്പെടുത്തുന്ന രീതി അവസാനിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഗംഭീര്‍ കോച്ചായതിന് പിന്നാലെ ഇത് രണ്ടാമതാണ് ഇന്ത്യ ടെസ്റ്റില്‍ സ്വന്തം മണ്ണില്‍ സമ്പൂര്‍ണ തോല്‍വിയേറ്റുവാങ്ങുന്നത്. ടെസ്റ്റ് ടീം പരിശീലകന്‍റെ സ്ഥാനത്ത് നിന്നും ഗംഭീറിനെ മാറ്റി പകരം ലക്ഷ്മണിനെ കൊണ്ടുവന്നേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. 408 റണ്‍സിനാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയോട് സ്വന്തം മണ്ണില്‍ പരാജയപ്പെട്ടത്. കൊല്‍ക്കത്ത ടെസ്റ്റില്‍ 30 റണ്‍സിനായിരുന്നു തോല്‍വി. പരമ്പരയിലെ ദയനീയ പ്രകടനത്തിന് പിന്നാലെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിലും ഇന്ത്യയുടെ സ്ഥാനം ഇടിഞ്ഞു.