നാളെ നടക്കുന്ന ടി20 ലോകകപ്പ് സെമിഫൈനലിൽ ഇംഗ്ലണ്ടിനെ നേരിടാന്‍ ഒരുങ്ങുകയാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം. ആവേശകരമായ മത്സരത്തിന് മുന്നോടിയായുള്ള അവസാനഘട്ട പരിശീലനവും പുരോഗമിക്കുയാണ്. എന്നാല്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇന്നലെ വൈകീട്ട് ടീം പരിശീലനത്തിനിറങ്ങാന്‍ വൈകിയിരുന്നു. എന്നാല്‍ അതിന്‍റെ കാരണമാണ് ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയാകുന്നത്.
പൂര്‍ണ ചന്ദ്രഗ്രഹണ ദിവസമായിരുന്നു ഇന്നലെ. ഗ്രഹണം കാരണമാണ് ടീം മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലെ പരിശീലനം വൈകിപ്പിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍. വൈകുന്നേരം 6 മണിക്കായിരുന്നു പരിശീലനം നിശ്ചയിച്ചതെങ്കിലും ഒരു മണിക്കൂർ വൈകിയാണ് പരിശീലന സെഷന്‍ ആരംഭിച്ചത്. ഇന്ത്യന്‍ സമയം വൈകീട്ട് 3.20 മുതൽ 6.47 വരെയായിരുന്നു ഇന്നലെ ചന്ദ്രഗ്രഹണം.
ഗ്രഹണം അവസാനിക്കുന്നതിന് മുന്‍പ് പരിശീലനം നടത്തുന്നത് അശുഭകരമായി തോന്നിയതിനാലാണ് പരിശീലനം വൈകിപ്പിച്ചെന്നാണ് കളിക്കാരെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്. ചിലതാരങ്ങൾ പരിശീലന സമയം മാറ്റാന്‍ ആവശ്യപ്പെട്ടുവെന്നാണ് സൂചന. ടീം മാനേജ്മെന്റ് അത് അംഗീകരിക്കുകയും പരിശീലനം ഒരു മണിക്കൂർ മാറ്റിവയ്ക്കുകയും ചെയ്യുകയായിരുന്നു. തുടര്‍ന്ന് വൈകുന്നേരം 7:30 നാണ് പരിശീലനം ആരംഭിച്ചത്. രാത്രി പത്തുമണിയോടെ പരിശീലന സെഷന്‍ അവസാനിക്കുകയും ചെയ്തു.
ടീമിലെ കളിക്കാരിലും സ്റ്റാഫ് അംഗങ്ങളിലും ധാരാളം വിശ്വാസികളുണ്ട്. പലരും കൃത്യമായി ആചാരങ്ങളും അനുഷ്ഠാനങ്ങളും പാലിക്കുന്നവരാണ്. മത്സരത്തിന് തലേന്ന് താരങ്ങള്‍ ആരാധനാലയങ്ങളും സന്ദര്‍ശിക്കുന്നതും പ്രാര്‍ഥിക്കുന്നതും മുന്‍പും വാര്‍ത്തയായിരുന്നു. ചന്ദ്രഗ്രഹണ സമയം അശുഭകരമായിരിക്കാമെന്ന് കരുതിയാണ് ടീം പരിശീനം മാറ്റിവച്ചതെങ്കിലും ഈ വാദത്തെ പിന്തുണയ്ക്കുന്ന ശാസ്ത്രീയ തെളിവുകളൊന്നുമില്ല.
അതേസമയം, ട്വന്റി 20 ലോകകപ്പിലെ ആദ്യ സെമി ഫൈനലില്‍ ഇന്ന് ദക്ഷിണാഫ്രിക്കയ്ക്കെതിരെ ന്യൂസിലൻഡ് ഇറങ്ങും. രാത്രി ഏഴിന് ഈഡന്‍ ഗാര്‍ഡന്‍സിലാണ് മല്‍സരം. ഗ്രൂപ്പ് ഘട്ടത്തില്‍ കീവിസിനെ തോല്‍പിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ദക്ഷിണാഫ്രിക്ക. ടൂര്‍ണമെന്റിലെ ഒരു മല്‍സരം പോലും തോല്‍ക്കാതെയാണ് പോർട്ടീസിന്റെ മുന്നേറ്റം. പാകിസ്ഥാനുമായുള്ള ആദ്യ കളി മഴമൂലം ഉപേക്ഷിച്ചപ്പോൾ റൺറേറ്റിന്റെ അടിസ്ഥാനത്തിലാണ് ന്യൂസിലാൻഡ് സെമിയില്‍ കടന്നത്. മികച്ച ഫോമിലുള്ള ക്യാപ്റ്റൻ എയ്ഡൻ മക്രത്തിലാണ് ദക്ഷിണാഫ്രിക്കയുടെ പ്രതീക്ഷ. രണ്ടാം സെമിയില്‍ ഇന്ത്യ– ഇംഗ്ലണ്ടിനെ നേരിടും, നാളെ മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലാണ് മല്‍സരം.