മുതിര്‍ന്ന താരങ്ങളും കോച്ച് ഗൗതം ഗംഭീറും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ തീരുന്നില്ലെന്ന് റിപ്പോര്‍ട്ട്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ഏകദിനത്തിനായി റായ്പുരിലെത്തിയപ്പോഴും ഗംഭീറിനെ അവഗണിക്കുന്നത് കോലി തുടര്‍ന്നുവെന്നാണ് പുറത്തുവരുന്ന ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ രോഹിത് ശര്‍മയാവട്ടെ ഗംഭീറിനോട് കാര്യങ്ങള്‍ സംസാരിക്കാന്‍ തയാറാവുന്നുമുണ്ട്. കോലിയും ഗംഭീറും തമ്മിലുള്ള പിണക്കം തീര്‍ക്കാന്‍ പ്രഗ്യാന്‍ ഓജയെ ബോര്‍ഡ് ചുമതലപ്പെടുത്തിയതായും വിവരമുണ്ട്.
ഇന്നലെ നെറ്റ്സില്‍ നടന്ന പ്രാക്ടീസിന് ശേഷം മടങ്ങവേയാണ് കോലി, ഗംഭീറിനെ ഗൗനിക്കാതെ നടന്ന് നീങ്ങിയത്. രണ്ട് തോളിലും ബാറ്റുമായി നടന്നു നീങ്ങിയ കോലി, ഗംഭീറിനോട് മിണ്ടാന്‍ പോലും കൂട്ടാക്കിയില്ലെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. തൊട്ടുപിന്നാലെയെത്തിയ രോഹിതാവട്ടെ ഗംഭീറിനടുത്ത് ഒരു നിമിഷം നിന്ന് സംസാരിച്ചിട്ടാണ് പോയത്.
ഏകദിന പരമ്പരയുടെ തുടക്കത്തില്‍ തന്നെ കോച്ചും മുതിര്‍ന്ന താരങ്ങളും തമ്മില്‍ അത്ര രസത്തിലല്ലെന്ന് സമൂഹമാധ്യമങ്ങളില്‍ കുറിപ്പുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഡഗൗട്ടില്‍ നിന്നുള്ള ദൃശ്യങ്ങള്‍ ഇത് ശരിവയ്ക്കുന്നതുമായിരുന്നു. ഒന്നാം ഏകദിനത്തിലെ മിന്നും പ്രകടനത്തിന് ശേഷം ഡ്രസിങ് റൂമിലേക്ക് തിരികെ കയറിയപ്പോഴും ഗംഭീറിനെ കോലി ശ്രദ്ധിച്ചിരുന്നില്ല. പിന്നാലെ ഹോട്ടല്‍ റൂമില്‍ നടന്ന കേക്കുമുറി ആഘോഷത്തിലും പങ്കെടുത്തില്ല. രോഹിത്താവട്ടെ കടുത്ത ഭിന്നതയ്ക്കിടയിലും ഗംഭീറുമായി നിരന്തര ആശയവിനിമയം തുടരുന്നുമുണ്ട്.
രണ്ടാം ഏകദിനത്തിന് മണിക്കൂറുകള്‍ ശേഷിക്കെ കോലിയിലും രോഹിത്തിലും തന്നെയാണ് ഇന്ത്യന്‍ പ്രതീക്ഷ. ഓസീസ് പരമ്പരയില്‍ രോഹിതായിരുന്നു ടോപ് സ്കോറര്‍ എങ്കില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ കോലിയും രോഹിതും ഇന്ത്യന്‍ ബാറ്റങിന്‍റെ നെടുന്തൂണായി. റായ്പുര്‍ ഏകദിനം കൂടി ജയിച്ച് പരമ്പര സ്വന്തമാക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.