India's Sanju Samson bowled out by New Zealand's Matt Henry during the third T20 cricket match between India and New Zealand in Guwahati, India, Sunday, Jan. 25, 2026. (AP Photo/Anupam Nath)
ട്വന്‍റി 20യില്‍ ഓപ്പണിങ് സ്ഥാനത്തേക്ക് തിരിച്ചെത്തിയിട്ടും ഫോം വീണ്ടെടുക്കാനാവാതെ കുഴങ്ങുന്ന സഞ്ജു സാംസണ് നേരെ രൂക്ഷ വിമര്‍ശനം. ഇങ്ങനെ കളിക്കുന്ന സഞ്ജുവുമായി ലോകകപ്പിന് പോയാല്‍ എന്താകും സ്ഥിതിയെന്ന ആശങ്കയാണ് ആരാധകരും മുന്‍താരങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുന്നത്. ലോകകപ്പിന് മുന്നോടിയായി ന്യൂസീലന്‍ഡിനെതിരെ നടക്കുന്ന പരമ്പരയില്‍ തീര്‍ത്തും മോശം പ്രകടനമാണ് സഞ്ജുവിന്‍റേത്. കഴിഞ്ഞ മൂന്ന് കളികളില്‍ 10,6, പൂജ്യം എന്നിങ്ങനെയാണ് സ്കോര്‍. ഈ പ്രകടനവുമായി സഞ്ജുവിന് മുന്നോട്ട് പോകാനാകില്ലെന്നും ഇഷാന്‍ കിഷനാണ് മികച്ച താരമെന്നുമാണ് സമൂഹ മാധ്യമങ്ങളിലെ വിമര്‍ശനം.
ഗില്‍ സഞ്ജുവിന്‍റെ അവസരങ്ങള്‍ തട്ടിയെടുത്തുവെന്നായിരുന്നു ആദ്യം പരാതിയെന്നും എന്നാലിപ്പോള്‍ ഗില്‍ പോയി ഓപ്പണറായി തിരികെ എത്തിയിട്ടും സ്ഥിരതയാര്‍ന്ന പ്രകടനം പുറത്തെടുക്കാന്‍ സഞ്ജുവിന് കഴിയുന്നില്ലെന്നും മുന്‍താരങ്ങള്‍ തുറന്നടിക്കുന്നു. എന്നാല്‍, തിലകിന് പകരക്കാരനായി ടീമിലെത്തിയ ഇഷാന്‍ കിഷനാവട്ടെ വീണുകിട്ടിയ അവസരം നന്നായി ഉപയോഗിക്കുന്നുണ്ടെന്നും താരങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ആദ്യ കളിയില്‍ തിളങ്ങിയില്ലെങ്കിലും പിന്നീടുള്ള രണ്ട് മല്‍സരങ്ങളിലും 76 , 28 എന്നിങ്ങനെയായിരുന്നു ഇഷാന്‍റെ സ്കോര്‍.
ഇടവേളയ്ക്ക് ശേഷം ടീമിലെത്തി മികച്ച പ്രകടനം പുറത്തെടുത്ത ഇഷാന്‍ കിഷനെ ഇനി പുറത്തിരുത്താന്‍ സാധ്യമല്ലെന്നും സഞ്ജുവിന് പുറത്തേക്കുള്ള വഴി തെളിയുകയാണെന്നും കൃഷ്ണമാചാരി ശ്രീകാന്ത് പറയുന്നു. ആവശ്യത്തിന് അവസരങ്ങള്‍ ലഭിച്ചിട്ടും സ്ഥിരത കൈവരിക്കാന്‍ കഴിയാത്തതാണ് സഞ്ജുവിന്‍റെ പ്രശ്നമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. 'ഇഷാന്‍ കിഷനെ കണ്ടില്ലെന്ന് നടിക്കാന്‍ ഇനി കഴിയില്ല. സഞ്ജുവിനെക്കാള്‍ മികച്ച താരം ഇഷാനാണ്. സഞ്ജുവിനെയോര്‍ത്ത് കഷ്ടം തോന്നുന്നുണ്ട്. തീര്‍ത്തും നിരാശനാണ് സഞ്ജു. കുറച്ചെങ്കിലും ബോധമുണ്ടെങ്കില്‍ നന്നായി കളിക്കാന്‍ നോക്കിയേനെ'– ശ്രീകാന്ത് തുറന്നടിച്ചു.
അങ്ങനെയിരിക്കുമ്പോള്‍ സഞ്ജു ഒരു സെഞ്ചറിയടിക്കും. പക്ഷേ അടുത്ത കളിയില്‍ അത് തുടരില്ല. കഴിഞ്ഞ ഒന്നര വര്‍ഷമായി ഇങ്ങനെ കയറിയും ഇറങ്ങിയുമാണ് സഞ്ജുവിന്‍റെ പ്രകടനമെന്നും ശ്രീകാന്ത് കുറ്റപ്പെടുത്തുന്നു. അതുകൊണ്ട് തന്നെ ലോകകപ്പിനുള്ള പ്ലേയിങ് ഇലവനില്‍ സഞ്ജു ഉണ്ടാകാന്‍ സാധ്യത കുറവാണ്. ദൗര്‍ഭാഗ്യത്തെ പഴിച്ചിട്ട് മാത്രം കാര്യമില്ല. കടുത്ത മല്‍സരമാണ് പ്ലേയിങ് ഇലവനിലുള്ളത്. തിലക് വര്‍മ, ഇഷാന്‍ കിഷന്‍, അഭിഷേക് ഇവര്‍ മൂവരും ഉറപ്പായ സ്ഥിതിക്ക് സഞ്ജു പുറത്തിരിക്കേണ്ടി വരും. ഇഷാന്‍ കിഷന്‍ കീപ്പറെന്ന നിലയിലും മികച്ച ഫോമിലാണ്'- അദ്ദേഹം വിശദീകരിച്ചു.
ന്യൂസീലന്‍ഡിനെതിരായ മൂന്നാം ട്വന്‍റി 20യില്‍ എട്ടു വിക്കറ്റിന്‍റെ ജയമാണ് ഇന്ത്യ നേടിയത്. ഗോള്‍ഡന്‍ ഡക്കായി സഞ്ജു മടങ്ങിയപ്പോള്‍ പിന്നാലെ എത്തിയ സൂര്യകുമാറുമായി ചേര്‍ന്ന് അഭിഷേക് ശര്‍മ വെടിക്കെട്ട് പ്രകടനം പുറത്തെടുത്തു. 60 പന്തിലാണ് ഇന്ത്യ കിവീസ് ഉയര്‍ത്തിയ 154 റണ്‍സ് വിജയലക്ഷ്യം മറികടന്നത്. 2025 ല്‍ ഒരു അര്‍ധ സെഞ്ചറി പോലും നേടാതിരുന്ന സൂര്യകുമാര്‍ 2026 ല്‍ ഫോം വീണ്ടെടുത്തതാണ് ഇന്ത്യയ്ക്ക് ആശ്വാസം. കഴിഞ്ഞ രണ്ട് കളിയിലും താരം അര്‍ധ സെഞ്ചറി നേടുകയും ചെയ്തു.