Image Credi: AP (right)

ഐസിസി ട്വന്‍റി 20 ലോകകപ്പില്‍ പാക്കിസ്ഥാന്‍ പങ്കെടുക്കുന്നത് സംബന്ധിച്ച പിസിബിയുടെ നാടകം തുടരുന്നു. പതിനഞ്ചംഗ ടീമിനെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ടൂര്‍ണമെന്‍റില്‍ പങ്കെടുക്കണോ വേണ്ടയോ എന്നതില്‍ അന്തിമ തീരുമാനം കൈക്കൊണ്ടിട്ടില്ലെന്ന് പിസിബി ചെയര്‍മാന്‍ പ്രതികരിച്ചത്. സര്‍ക്കാരാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളേണ്ടതെന്നും അതനുസരിച്ച് മാത്രമേ പാക് ടീം പ്രവര്‍ത്തിക്കുകയുള്ളൂവെന്നും നഖ്വി വിശദീകരിക്കുകയും ചെയ്തു. ഇന്നാണ് അന്തിമ തീരുമാനം അറിയിക്കാന്‍ പാക്കിസ്ഥാന് നല്‍കിയിരിക്കുന്ന സമയം.

എന്നാല്‍ ടീം പ്രഖ്യാപനത്തിന് പിന്നാലെ അടച്ചിട്ട മുറയില്‍ താരങ്ങളുമായി നഖ്വി ചര്‍ച്ച നടത്തിയെന്നാണ് പുറത്തുവരുന്ന വിവരം. യോഗത്തില്‍ പാക് ക്രിക്കറ്റ് ബോര്‍ഡിന്‍റെ നിലപാട് നഖ്വി വ്യക്തമാക്കിയെന്നും സൂചനയുണ്ട്. സൗദിയില്‍ നിന്നും പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് മടങ്ങിയെത്തിയാലുടന്‍ തീരുമാനം കൈക്കൊള്ളുമെന്നും ടീം പ്രഖ്യാപിച്ചെന്ന് കരുതി ലോകകപ്പ് കളിക്കുമെന്ന് ആരും പ്രതീക്ഷിക്കേണ്ടതില്ലെന്നുമാണ് നഖ്വിയുടെ നിലപാട്. 'സര്‍ക്കാരിന്‍റെ ഉപദേശത്തിന് കാത്തിരിക്കുകയാണ് പിസിബി. സര്‍ക്കാര്‍ എന്ത് പറയുന്നോ അതുപോലെ ചെയ്യും. ലോകകപ്പിന് പോകേണ്ടതില്ലെന്ന് പറഞ്ഞാല്‍ അത് അനുസരിക്കും' എന്നായിരുന്നു പ്രധാന പരിശീലകനായ മൈക്ക് ഹസനോടും കളിക്കാരോടും നഖ്വി വിശദീകരിച്ചത്. സര്‍ക്കാര്‍ തീരുമാനത്തിനും പിസിബിയുടെ തീരുമാനത്തിനുമൊപ്പം നില്‍ക്കുമെന്ന് കളിക്കാര്‍ ഒന്നടങ്കം നഖ്വിയെ അറിയിച്ചതായും റിപ്പോര്‍ട്ടുണ്ട്.

ബഹിഷ്കരണ നീക്കവുമായി മുന്നോട്ട് പോയാല്‍ വന്‍ സാമ്പത്തിക പ്രതിസന്ധിയാണ് പാക്കിസ്ഥാനെ കാത്തിരിക്കുന്നത്. ദ്വിരാഷ്ട്ര പരമ്പരകള്‍ റദ്ദാക്കുമെന്നും വിദേശതാരങ്ങള്‍ക്ക് പിഎസ്എലില്‍ കളിക്കാന്‍ എന്‍ഒസി നല്‍കില്ലെന്നും ഏഷ്യാകപ്പില്‍ നിന്ന് പുറത്താക്കുമെന്നുമാണ് ഐസിസി നിലപാട്. അത്തരമൊരു വിലക്കിലേക്ക് ഐസിസി കടന്നാല്‍ പാക്കിസ്ഥാന്‍റെ സാമ്പത്തികാവസ്ഥ കൂടുതല്‍ മോശമാകും. ക്രിക്കറ്റ് കേവലം ആഭ്യന്തര തലത്തിലേക്ക് മാത്രമൊതുങ്ങും. 500,000 ഡോളര്‍ (നാലരക്കോടിയിലേറെ രൂപ) വീതമാണ് ലോകകപ്പ് ബഹിഷ്കരിച്ചാല്‍ ഗ്രൂപ്പിലെ മറ്റ് ടീമുകള്‍ക്ക് പാക്കിസ്ഥാന്‍ നല്‍കേണ്ടി വരിക.

മുസ്തഫിസുര്‍ റഹ്മാനെ ഐപിഎലില്‍ ഇന്ത്യ കളിപ്പിക്കാതിരിക്കുന്നതിനെ ചൊല്ലിയാണ് ബിസിബിയും ബിസിസിഐയും ഇടഞ്ഞത്. ഇതോടെ സുരക്ഷാകാരണങ്ങളാല്‍ ഇന്ത്യയിലേക്ക് ഇല്ലെന്ന് ബംഗ്ലദേശ് പ്രഖ്യാപിച്ചു. മൂന്നാഴ്ചയോളം ഐസിസി പ്രതിനിധികള്‍ ചര്‍ച്ച നടത്തിയിട്ടും ഇന്ത്യയിലേക്ക് വരില്ലെന്നും ബംഗ്ലദേശിന്‍റെ മല്‍സരങ്ങള്‍ ശ്രീലങ്കയിലേക്ക് മാറ്റണമെന്നുമുള്ള നിലപാടാണ് ബിസിബി കൈക്കൊണ്ടത്. സര്‍ക്കാര്‍ വക്താവും ഈ നിലപാടില്‍ ഉറച്ച് നിന്നു. എന്നാല്‍ ലോകകപ്പ് മുടക്കുന്നത് ആലോചിക്കാന്‍ വയ്യെന്നും കളിക്കമെന്നാണ് ആഗ്രഹമെന്നും ബംഗ്ലദേശ് താരങ്ങള്‍ പറഞ്ഞു. പക്ഷേ കാര്യമുണ്ടായില്ല. ബംഗ്ലദേശ് തീരുമാനത്തില്‍ ഉറച്ച് നിന്നതോടെ ടൂര്‍ണമെന്‍റില്‍ നിന്ന് പുറത്താക്കിയതായി ഐസിസി പ്രഖ്യാപിക്കുകയും  പകരക്കാരായി സ്കോട്​ലന്‍ഡിനെ തിരഞ്ഞെടുക്കുകയുമായിരുന്നു.  

ENGLISH SUMMARY:

The suspense over Pakistan’s participation in the T20 World Cup 2026 intensifies as PCB Chairman Mohsin Naqvi held a secret meeting with the national squad to discuss a potential boycott. Despite announcing a 15-member team led by Salman Ali Agha, Naqvi reiterated that the final decision rests solely with Prime Minister Shehbaz Sharif’s government. During the closed-door session, Naqvi informed Head Coach Mike Husson and the players that the board is ready to pull out if the government advises against traveling for the tournament. Players have reportedly pledged their full support to the board's decision, even as the ICC deadline for a final confirmation ends today. A boycott could trigger a massive financial crisis for Pakistan, with the ICC threatening a ban on international series and foreign players in the PSL. Additionally, Pakistan would be liable to pay over $500,000 in compensation to other group teams if they withdraw at this late stage. The dispute originated from Bangladesh’s refusal to travel to India, citing security concerns after the IPL-Mustafizur Rahman controversy. While Scotland has already replaced Bangladesh, Pakistan continues its standoff in solidarity with the BCB. The cricketing world is on edge as Pakistan’s decision today could reshape the entire World Cup schedule. Naqvi maintains that national pride and government directives take precedence over cricketing revenues. Global cricket fans are waiting for the Prime Minister’s official statement upon his return from abroad.