ട്വന്‍റി20 ലോകകപ്പ് ടൂര്‍ണമെന്‍റിനിടെ ദക്ഷിണാഫ്രിക്കയ്ക്കയോട് സൂപ്പര്‍ എട്ടില്‍ കൂറ്റന്‍ തോല്‍വി ഏറ്റുവാങ്ങിയതില്‍ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്. തീരുമാനങ്ങള്‍ അമ്പേ പിഴച്ചുപോയ മല്‍സരമായിരുന്നു അതെന്നും സൂര്യകുമാര്‍ വെളിപ്പെടുത്തി. ടീമിനായി തന്ത്രപരമായ ചില തീരുമാനങ്ങള്‍ കൈക്കൊണ്ടുവെന്നായിരുന്നു ദക്ഷിണാഫ്രിക്കയ്ക്കെതിരായ മല്‍സരത്തെ കുറിച്ച് ഇത്രകാലവും ടീം വിശദീകരിച്ചത്. 76 റണ്‍സിന് ദക്ഷിണാഫ്രിക്കയോട് തോറ്റ ഇന്ത്യ സെമി കാണാതെ ലോകകപ്പില്‍ നിന്ന് പുറത്താകുന്നതിന്‍റെ വക്കോളം എത്തുകയും ചെയ്തു.
അതിരൂക്ഷമായ വിമര്‍ശനങ്ങളാണ് മാനേജ്മെന്‍റിന്‍റെ തീരുമാനങ്ങള്‍ക്കെതിരെ സമൂഹമാധ്യമങ്ങളിലടക്കം നിറഞ്ഞത്. നിര്‍ണായകമായൊരു മല്‍സരത്തില്‍ വൈസ് ക്യാപ്റ്റന്‍ കൂടിയായ അക്സര്‍ പട്ടേലിനെ പുറത്തിരുത്തുകയെന്ന മണ്ടന്‍ തീരുമാനമാണ് ഇന്ത്യ എടുത്തത്. പകരം വാഷിങ്ടണ‍് സുന്ദറിനെ പ്ലേയിങ് ഇലവനില്‍ എടുത്തു. ദക്ഷിണാഫ്രിക്കന്‍ നിരയില്‍ ഇടങ്കയ്യന്‍ ബാറ്റര്‍മാരാണ് കൂടുതല്‍ എന്നത് ചൂണ്ടിക്കാട്ടിയായിരുന്നു ഈ തീരുമാനം എന്നാല്‍ കനത്ത തോല്‍വിയാണ് ഇന്ത്യയെ കാത്തിരുന്നത്. ടീം ഇന്ത്യയുടെ ഡ്രസിങ് റൂമില്‍ വലിയ കോലാഹലം ആ തീരുമാനം ഉണ്ടാക്കി. പ്ലേയിങ് ഇലവനില്‍ നിന്ന് ഒഴിവാക്കപ്പെട്ടതോടെ അക്സര്‍ പട്ടേല്‍ പൊട്ടിത്തെറിച്ചുവെന്ന് ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് സൂര്യകുമാര്‍ യാദവ് വെളിപ്പെടുത്തിയത്. താന്‍ പിന്നീട് അക്സറിനടുത്തെത്തി ക്ഷമ ചോദിച്ചിരുന്നുവെന്നും തെറ്റിപ്പോയെന്ന് തുറന്ന് പറഞ്ഞുവെന്നും സൂര്യ വിശദീകരിക്കുന്നു.
'അക്സര്‍ നല്ല ദേഷ്യത്തിലായിരുന്നു. അതങ്ങനെ ആകും. പരിചയസമ്പന്നനായ കളിക്കാരനാണ് അദ്ദേഹം. നായകനെന്ന് പേരെടുത്തയാളാണ്. സ്വാഭാവികമായും ദേഷ്യം വരും. ഞാന്‍ മാപ്പു പറഞ്ഞു. എനിക്കൊരു തെറ്റുപറ്റിപ്പോയെന്നും ടീമിന് വേണ്ടിയെടുത്ത തീരുമാനമായിരുന്നുവെന്നും അക്സറിനോട് പറഞ്ഞു. വളരെ ബുദ്ധിമുട്ടായിരുന്നു ആ സംഭാഷണം'- സൂര്യകുമാര്‍ തുറന്ന് പറഞ്ഞു.
ദക്ഷിണാഫ്രിക്കയോട് തോറ്റതാണ് ഇന്ത്യയെ സംബന്ധിച്ച് ടൂര്‍ണമെന്റില്‍ വഴിത്തിരിവായതെന്നും ക്യാപ്റ്റന്‍ പറയുന്നു. കണ്ണ് തുറപ്പിച്ച മല്‍സരമായിരുന്നു അതെന്നും സൂര്യ കൂട്ടിച്ചേര്‍ത്തു. 'ഈ ടീമിനെ കുറിച്ച്, അവരുടെ കഴിവില്‍ എനിക്കൊരു സംശയവുമുണ്ടായിരുന്നില്ല.ദക്ഷിണാഫ്രിക്കയോടേറ്റ തോല്‍വി സമ്മര്‍ദത്തിലാക്കി. തിരിച്ചു പോക്ക് അസാധ്യമായിരുന്നു. സിംബാബ്വെയ്ക്കെതിരായ മല്‍സരം ഞങ്ങളെ സംബന്ധിച്ചിടത്തോളം പ്രീ ക്വാര്‍ട്ടര്‍ ഫൈനലായി. വിന്‍ഡീസിനെതിരായ മല്‍സരം ക്വാര്‍ട്ടറും.ഓരോ കളിയും നോക്കൗട്ട് മല്‍സരമായാണ് ഞങ്ങള്‍ക്ക് അനുഭവപ്പെട്ടത്'- സൂര്യകുമാര്‍ വെളിപ്പെടുത്തി.
ദക്ഷിണാഫ്രിക്കയോട് തോറ്റത് നന്നായെന്നായിരുന്നു മുന്‍താരവും കോച്ചുമായ രവി ശാസ്ത്രി അഭിപ്രായപ്പെട്ടത്. സഞ്ജു സാംസണെയും ദക്ഷിണാഫ്രിക്കയ്ക്കെതിരായ മല്‍സരത്തില്‍ കളിപ്പിച്ചിരുന്നില്ല. നമീബിയയ്ക്കെതിരായ ഒരു മല്‍സരം മാത്രമാണ് അതുവരെ സഞ്ജു കളിച്ചത്. ദക്ഷിണാഫ്രിക്കയോടേറ്റ തോല്‍വിക്ക് പിന്നാലെ തുടര്‍ന്നുള്ള മല്‍സരങ്ങളില്‍ സഞ്ജു ടീമിലെത്തി. ടൂര്‍ണമെന്‍റിന്‍റെ താരമായിട്ടാണ് സഞ്ജു ലോകകപ്പ് അവസാനിപ്പിച്ചതും. പരാജയങ്ങളില്‍ നിന്ന് പാഠമുള്‍ക്കൊണ്ട ഇന്ത്യ സിംബാബ്വെയ്ക്കെതിരെയും വിന്‍ഡീസിനെതിരെയും ജയം നേടി. സെമിയില്‍ ഇംഗ്ലണ്ടിനെ തകര്‍ത്തു. ഫൈനലില്‍ കിവീസിനെയും തോല്‍പ്പിച്ചതോടെ ബാക് ടു ബാക് ട്വന്‍റി 20 കിരീടം നേടിയ ആദ്യ ടീമുമായി.