പരുക്കേറ്റ് വിശ്രമത്തിലുള്ള തിലക് വര്‍മ ട്വന്‍റി 20 ലോകകപ്പിനുണ്ടാകില്ലെന്ന അഭ്യൂഹങ്ങള്‍ ശക്തമാക്കി റിപ്പോര്‍ട്ടുകള്‍. തിലക് ഫിറ്റ്നസ് വീണ്ടെടുക്കാന്‍ വൈകുമെന്നും അതിനാല്‍ ശ്രേയസ് അയ്യര്‍ ടീമില്‍ തുടരുമെന്നുമാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്. ന്യൂസീലന്‍ഡിനെതിരായ ട്വന്‍റി 20 പരമ്പരയിലെ ആദ്യത്തെ മൂന്ന് മല്‍സരങ്ങള്‍ക്കായാണ് ശ്രേയസ് അയ്യരെ ടീമില്‍ ഉള്‍പ്പെടുത്തിയത്. ശേഷിക്കുന്ന രണ്ട് മല്‍സരങ്ങളില്‍ തിലക് വര്‍മ തന്നെ കളിക്കുമെന്നും നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ റിസ്കെടുക്കേണ്ട സാഹചര്യം ഇപ്പോള്‍ ഇല്ലെന്നും വേദനയില്‍ നിന്ന് താരം മുക്തനായെങ്കിലും വിശ്രമം തുടരട്ടെയെന്നുമാണ് ബിസിസിഐയുടെ വിലയിരുത്തല്‍.
'തിലക് വര്‍മയ്ക്കിപ്പോള്‍ വേദനയില്ല. ആരോഗ്യനിലയില്‍ കാര്യമായ പുരോഗതിയുമുണ്ട്. പക്ഷേ സെന്‍റര്‍ ഓഫ് എക്സലന്‍സിന്‍റെ അഭിപ്രായപ്രകാരം തിലകിന് കൂടുതല്‍ വിശ്രമം അനുവദിക്കുകയാണ്. ലോകകപ്പിന് മുന്‍പ് പരമാവധി വിശ്രമം നല്‍കുകയാണ് പദ്ധതി.നാലാം ട്വന്‍റി 20യില്‍ തിലക് കളിക്കില്ല. അഞ്ചാമത്തെ കളിയില്‍ താരം ടീമിലുണ്ടാകുമെങ്കിലും അപ്പോഴത്തെ സാഹചര്യങ്ങള്‍ നോക്കിയാകും അന്തിമ തീരുമാനം'- ബിസിസിഐ ഉന്നതന്‍ വെളിപ്പെടുത്തിയതായി ടൈംസ് ഓഫ് ഇന്ത്യ പറയുന്നു.
ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നുവെങ്കിലും ന്യൂസീലന്‍ഡിനെതിരായ ആദ്യ മൂന്ന് കളികളിലും ശ്രേയസ് അയ്യര്‍ ഇറങ്ങിയിരുന്നില്ല. ഇഷാന്‍ കിഷനാണ് അവസരം ലഭിച്ചത്. ഇഷാന്‍ മിന്നുന്ന ഫോമിലായതിനാല്‍ തന്നെ ശേഷിക്കുന്ന രണ്ട് മല്‍സരങ്ങളിലും ശ്രേയസിനെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തുമോയെന്നതിലും തീര്‍ച്ചയില്ല.