Image Credit: instagram/viratkohli (Left), PTI (Left)
ട്വന്‍റി 20 ലോകകപ്പ് കിരീടം ടീം ഇന്ത്യ നിലനിര്‍ത്തിയപ്പോള്‍ ഗാലറിയില്‍ ആരാധകര്‍ തിരഞ്ഞത് വിരാട് കോലിയെയാണ്. ധോണിയും രോഹിത് ശര്‍മയും വിഐപി ബോക്സില്‍ താരങ്ങളായപ്പോള്‍ കോലി തന്‍റെ അഭാവം കൊണ്ട് ശ്രദ്ധിക്കപ്പെട്ടു. കോലി കൂടെയുണ്ടായിരുന്നെങ്കില്‍ ഇന്ത്യ കിരീടമുയര്‍ത്തിയ നിമിഷത്തിന് മാധുര്യമേറിയേനെയെന്നാണ് ആരാധകര്‍ പറയുന്നത്. 96 റണ്‍സിന്‍റെ കൂറ്റന്‍ ജയമാണ് ഫൈനലില്‍ ന്യൂസീലന്‍ഡിനെതിരെ ഇന്ത്യന്‍ ടീം നേടിയത്.
അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിലേക്ക് കോലി എത്താതിരുന്നതിന് പ്രധാനമായും രണ്ട് കാരണങ്ങളാണ് ഉള്ളത്. ട്വന്‍റി 20 ലോകകപ്പ് ഫൈനലിന് കോലി എത്തണമെന്ന് നിര്‍ബന്ധമൊന്നുമില്ലെന്നതാണ് അതില്‍ പ്രധാനം. ധോണിയും രോഹിത് ശര്‍മയും ട്വന്‍റി 20 കിരീടം നേടിയ മുന്‍ ക്യാപ്റ്റന്‍മാര്‍ എന്ന നിലയിലാണ് ഫൈനല്‍ കാണാന്‍ എത്തിയത്. 2007 ല്‍ കന്നി ലോകകപ്പ് കിരീടം തന്നെ ഇന്ത്യയ്ക്കായി നേടിയ ക്യാപ്റ്റനാണ് ധോണി. രോഹിത് ശര്‍മയാവട്ടെ നീണ്ടകാലത്തിന് ശേഷം കിരീടത്തിലേക്ക് ഇന്ത്യയെ എത്തിച്ച ക്യാപ്റ്റനും (2024). കോലിയാവട്ടെ, ക്യാപ്റ്റനെന്ന നിലയില്‍ ട്വന്‍റി 20 ലോകകപ്പ് നേടിയിട്ടുമില്ല. അതുകൊണ്ട് തന്നെ കോലി എത്തിയിരുന്നുവെങ്കിലും ഔദ്യോഗികമായ ഒരു ചുമതലകളും താരത്തിന് നിര്‍വഹിക്കാനുണ്ടായിരുന്നില്ല.
കുടുംബപരമായ തിരക്കുകളാണ് മറ്റൊരു ഘടകമായി ചൂണ്ടിക്കാട്ടപ്പെടുന്നത്. രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും പൂര്‍ണമായും കോലി വിരമിച്ചിട്ടില്ലെങ്കിലും ട്വന്‍റി 20യില്‍ നിന്നും ടെസ്റ്റില്‍ നിന്നും വിരമിച്ച ശേഷം കൂടുതല്‍ സമയം താരം കുടുംബത്തിനൊപ്പമാണ് ചിലവഴിക്കുന്നത്. മുന്‍പൊരിക്കല്‍ നല്‍കിയ അഭിമുഖത്തില്‍ ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ശേഷമുള്ള തന്‍റെ ജീവിതം എങ്ങനെയാകുമെന്ന് താരം കൃത്യമായി വ്യക്തമാക്കുന്നുമുണ്ട്. 'ഒരിക്കല്‍ ഞാന്‍ അവസാനിപ്പിച്ചാല്‍ അതോടുകൂടി പോകും. പിന്നെ നിങ്ങള്‍ എന്നെ കാണുകയില്ല.അതുകൊണ്ട് കളിക്കുന്ന കാലത്ത് എന്നെത്തന്നെ സമ്പൂര്‍ണമായി സമര്‍പ്പിച്ചാണ് ഞാന്‍ കളിക്കുന്നത്. അതാണ് എന്‍റെ നിലപാടും'- കോലി വ്യക്തമാക്കി. അതുകൊണ്ട് താരം അനുഷ്കയ്ക്കും മക്കള്‍ക്കുമൊപ്പം വീട്ടില്‍ ചെലവഴിച്ചിട്ടുണ്ടാകാനാണ് സാധ്യത. കിരീടം നിലനിര്‍ത്തിയതില്‍ ഇന്ത്യന്‍ ടീമിനെ അഭിനന്ദിച്ചും താരം സമൂഹമാധ്യമങ്ങളില്‍ പോസ്റ്റിട്ടിരുന്നു.