Image Credit: ANI

ട്വന്‍റി 20 ലോകകപ്പിന്‍റെ ഫൈനലില്‍ ഇന്ത്യയുടെ ഓപ്പണര്‍മാരായ അഭിഷേക് ശര്‍മയും സഞ്ജു സാംസണും തകര്‍ത്തടിച്ചു. 98 റണ്‍സാണ് ഇരുവരും ചേര്‍ന്ന് പവര്‍പ്ലേയില്‍ അടിച്ചുകൂട്ടിയത്. ഈ കരുത്തില്‍ 20 ഓവറില്‍ ഇന്ത്യ 255 റണ്‍സെന്ന കൂറ്റന്‍ സ്കോറിലെത്തി. ബോളര്‍മാര്‍ കൂടി കരുത്തുകാട്ടിയതോടെ ന്യൂസീലന്‍ഡിനെ തകര്‍ത്ത് കിരീടം നിലനിര്‍ത്തി. ഈ വിജയത്തില്‍ നിര്‍ണായക പങ്ക് അഭിഷേക് ശര്‍മയുടേതായിരുന്നുവെന്ന് തുറന്ന് പറയുകയാണ് സഞ്ജു സാംസണ്‍. അഭിഷേകുമായി കളിക്കുമ്പോള്‍ സന്തുലിതമായാണ് ബാറ്റിങ് പോകുന്നതെന്നും ഒട്ടും ആയാസമില്ലെന്നും താരം പറയുന്നു. രണ്ടാളും ഫയര്‍ ആണെന്നും സഞ്ജു കൂട്ടിച്ചേര്‍ത്തു. 

'ഞങ്ങള്‍ ഐസും ഫയറും പോലെയല്ല, ഫയറും ഫയറും തന്നെയാണ്. ചിലപ്പോള്‍ അഭിഷേകാവും വെടിക്കെട്ട് ബാറ്റിങ്, ചിലപ്പോള്‍ ഞാനും. ആ കോമ്പിനേഷന്‍ ഞങ്ങള്‍ ആസ്വദിക്കുന്നുണ്ട്. 2024 മുതല്‍ ഞങ്ങള്‍ ഇങ്ങനെയാണ്. ഒരു പഞ്ചാബി–കേരള സൗഹൃദം കൂടിച്ചേരുമ്പോള്‍ കാര്യങ്ങള്‍ എളുപ്പമാണ്. ഒരു കാര്യത്തിനും പ്രത്യേക പരിശ്രമം ഞങ്ങള്‍ക്കിടയില്‍ വേണ്ടി വന്നിട്ടില്ല. ചിലപ്പോഴൊക്കെ പന്തെങ്ങനെ എന്ന് അഭിഷേക് ചോദിക്കും. അത് സാധാരണ പന്താണ്, സിക്സര്‍ പറത്തിക്കോ എന്ന് ഞാന്‍ പറയും. അഭിഷേകിന് അത് സിംപിളാണ്. ധൈര്യശാലിയുമാണ്. അവന്‍റെ രീതി എനിക്ക് ഇഷ്ടമാണ്. ഫീല്‍ഡിലും പുറത്തുമുള്ള ആ സൗഹൃദം ഞാന്‍ ആസ്വദിക്കുന്നു'- സ‍ഞ്ജു ഇന്ത്യ ടുഡേ കോണ്‍ക്ലേവില്‍ പറഞ്ഞു.

സിനിമയെ വെല്ലുന്ന ജീവിതമെന്ന് പറയാറില്ലേ, അതിലും ട്വിസ്റ്റുകള്‍ നിറഞ്ഞതായിരുന്നു സഞ്ജുവിന് ഈ ലോകകപ്പ്. യുഎഇയുമായുള്ള ആദ്യ മല്‍സരത്തില്‍ അഭിഷേകിന് സുഖമില്ലാതായതോടെ ഫീല്‍ഡിങിനിറങ്ങി. നമീബിയയുമായുള്ള മല്‍സരത്തില്‍ കളിച്ചു. അഭിഷേക് ടീമിലേക്ക് മടങ്ങിയെത്തിയതോടെ സ‍ഞ്ജു ബെഞ്ചില്‍ ഇരിപ്പുറപ്പിച്ചു. ഇഷാനും അഭിഷേകുമായി ഓപ്പണര്‍മാര്‍. എന്നാല്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരായ തോല്‍വിയോടെ ടീം ഇന്ത്യ മാറിച്ചിന്തിച്ചു. സഞ്ജു വീണ്ടും ഓപ്പണറായി. പിന്നീട് നടന്നത് ചരിത്രം. അഞ്ച് ഇന്നിങ്സുകളില്‍ നിന്ന് 321 റണ്‍സ്  അതും 199.37 സ്ട്രൈക്ക് റേറ്റില്‍. 27 ഫോറും 24 സിക്സും ആ ബാറ്റില്‍ നിന്ന് പിറന്നു. ഈ ട്വന്‍റി 20  ലോകകപ്പിലെ ഉയര്‍ന്ന സ്കോറുകാരുടെ പട്ടികയില്‍ മൂന്നാമനും പ്ലേയര്‍ ഓഫ് ദ് ടൂര്‍ണമെന്‍റുമായി മടക്കം. 

ENGLISH SUMMARY:

Sanju Samson opens up about his dynamic opening partnership with Abhishek Sharma during India's T20 World Cup 2026 win. After a record-breaking 98-run powerplay in the final against New Zealand, Sanju described their bond as 'Fire and Fire.' Scoring 321 runs at a strike rate of 199.37, Sanju emerged as the Player of the Tournament.