Mullanpur: Indian player shake hands after team's win on day three of a Test cricket match between India and Afghanistan, in Mullanpur, Monday, June 8, 2026. (PTI Photo/Atul Yadav)(PTI06_08_2026_000290A) *** Local Caption ***

മുല്ലന്‍‌പൂര്‍ ടെസ്റ്റില്‍ അഫ്ഗാനെതിരെ ഇന്ത്യയ്ക്ക് വന്‍ ജയം. ഒരു ഇന്നിങ്സിനും മുന്നൂറ് റണ്‍സിനുമാണ് അഫ്ഗാനെ തകര്‍ത്തത്. ടെസ്റ്റില്‍ ഇന്ത്യയുടെ ഏറ്റവും വലിയ ജയമാണിത്. രണ്ടാം ഇന്നിങ്സില്‍ അഫ്ഗാനിസ്ഥാന്‍ 35.5 ഓവറിൽ 112 റൺസിന് പുറത്തായി. ഇന്ത്യയ്ക്കായി വാഷിങ്ടൺ സുന്ദർ നാലും കുൽദീപ് യാദവ് മൂന്നും വിക്കറ്റുകൾ വീഴ്ത്തി. മാനവ് സുതാർ, മുഹമ്മദ് സിറാജ് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. സ്കോർ: ഇന്ത്യ – ഒന്നാം ഇന്നിങ്സ്: 8ന് 564 ഡിക്ലയേഡ്; അഫ്ഗാനിസ്ഥാൻ –152 & 112. 

ആറു വിക്കറ്റ് വീഴ്ത്തിയ മാനവ് സുതാറാണ് അഫ്ഗാനിസ്ഥാനെ ഒന്നാം ഇന്നിങ്സില്‍ 152 റൺസിന് ഓൾഔട്ടാക്കിയത്. പ്രസിദ്ധ് കൃഷ്ണ മൂന്നും വാഷിങ്ടൻ സുന്ദർ ഒരു വിക്കറ്റെടുത്തു. ഒന്നാം ഇന്നിങ്സിൽ ഇന്ത്യ 412 റൺസ് ലീഡു നേടി. രണ്ടാം ഇന്നിങ്സിലും അഫ്ഗാനിസ്ഥാന്‍ ബാറ്റര്‍മാര്‍ക്ക് തിളങ്ങാനായില്ല. രണ്ടാം ഇന്നിങ്സിൽ ഓപ്പണർ സെദിഖുള്ള അടൽ (42), റഹ്മാനുള്ള ഗുർബാസ് ( 24), റഹ്മത്ത് ഷാ (13) എന്നിവർ മാത്രമാണ് രണ്ടക്കം കടന്നത്. 112 റൺസിന് അഫ്ഗാന്‍ പുറത്തായി. ഒരു ഇന്നിങ്സിലും മുന്നൂറ് റണ്‍സിനും ടീം ഇന്ത്യക്ക് വമ്പന്‍ ജയം. 2018ൽ വെസ്റ്റിൻഡീനെതിരെ ഇന്നിങ്സിനും 272 റൺസിനും നേടിയ വിജയമായിരുന്നു ഇതുവരെ ഏറ്റവും വലുത്. 

 

ക്യാപ്റ്റൻ ശുഭ്മൻ ഗിൽ (126), കെ.എൽ. രാഹുൽ (100) എന്നിവരുടെ സെഞ്ചറികളും ഋഷഭ് പന്ത് (81), വാഷിങ്ടൻ സുന്ദർ (52) എന്നിവരുടെ അർധസെഞ്ചറികളും ഉൾപ്പെടെ 8 വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ 564 റൺസ് നേടി ഇന്നിങ്സ് ഡിക്ലയർ ചെയ്തത്. അഫ്ഗാനിസ്ഥാനായി പേസർ മുഹമ്മദ് സലിം ആറ് വിക്കറ്റ് നേടി. 

ENGLISH SUMMARY:

India registered the biggest victory in its Test cricket history by defeating Afghanistan by an innings and 300 runs in the Mullanpur Test. Shubman Gill and KL Rahul scored centuries, while Manav Suthar, Washington Sundar, and Kuldeep Yadav starred with the ball. Afghanistan were bowled out for 152 and 112 as India dominated the match from start to finish. The win surpasses India's previous record Test victory against the West Indies in 2018.