AFP

ചോദ്യപേപ്പർ ചോർച്ചയിൽ ഉൾപ്പെട്ടവർക്ക് കർശന ശിക്ഷ ഉറപ്പാക്കാൻ അതിവേഗ കോടതികൾ സ്ഥാപിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സിജെപി പ്രതിഷേധം ശക്തമായതോടെയാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.  പിന്നാലെ കേന്ദ്രം വീണ്ടും ചർച്ചയ്ക്ക് സന്നദ്ധത അറിയിച്ചു. ചർച്ച വേദിയെച്ചൊല്ലിയാണ് അനിശ്ചിതത്വം തുടരുന്നത്. 

രാജ്യതലസ്ഥാനം വിറച്ച യുവജനരോഷത്തിനൊടുവിൽ മൗനം വെടിഞ്ഞിരിക്കുകയാണ് പ്രധാനമന്ത്രി. ചോദ്യപേപ്പർ ചോർച്ച കേസുകളിൽ വേഗത്തിലും കർശനവുമായ ശിക്ഷ ഉറപ്പാക്കാൻ പ്രത്യേക അതിവേഗ കോടതികൾ സ്ഥാപിക്കും. ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ നിർദേശം നൽകിക്കഴിഞ്ഞു. യുവാക്കളുടെ ഭാവിയെ അപകടപ്പെടുത്താൻ ശ്രമിക്കുന്നവരെ വെറുതെ വിടില്ലെന്നും നരേന്ദ്ര മോദി എക്സിൽ കുറിച്ചു. സമരക്കാരെ ശാന്തരാക്കാനും സമവായം ലക്ഷ്യമിട്ടുമാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം.  ചോദ്യപേപ്പർ ചോർച്ച കേസിലെ പ്രതികൾ ശിക്ഷിക്കപ്പെട്ടില്ല എന്ന് രാഹുൽ ഗാന്ധി ആരോപിച്ചിരുന്നു. ആദ്യം ധർമേന്ദ്ര പ്രധാന്റെ രാജിയടക്കം വിദ്യാർഥികളുടെ ആവശ്യങ്ങൾ അംഗീകരിക്കൂ എന്നും വിദ്യാഭ്യാസ രംഗം തകർക്കാൻ നിങ്ങൾ കൂട്ടുനിന്നു എന്നും രാഹുൽ ഗാന്ധി പ്രധാനമന്ത്രിക്ക് മറുപടി നൽകി. വിട്ടുവീഴ്ചയ്ക്കില്ലെന്ന് സിജെപിയും വ്യക്തമാക്കി.  

Also Read: 'ലഹരിക്കേസില്‍ പിടിച്ച് അകത്തിടും'; പ്രതിഷേധത്തിനെത്തിയ വിദ്യാര്‍ഥികളെ ഭീഷണിപ്പെടുത്തി പൊലീസുകാരന്‍


ധർമ്മേന്ദ്ര പ്രധാൻ രാജിവയ്ക്കുന്നതുവരെ സമരം ഇതേപടി തുടരുമെന്ന് അഭിജിത് ദീപ്കെ പറഞ്ഞു. സമരത്തിലേക്ക് ബിജെപി ഗുണ്ടകൾ കടന്നുകയറി അക്രമം അഴിച്ചുവിടുകയാണ്. സർക്കാർ വിദ്യാർഥികൾക്കൊപ്പമാണെങ്കില്‍ അതിവേഗ കോടതി ഉണ്ടാക്കാൻ നിൽക്കാതെ രാജിവെച്ച് ഒഴിയുകയാണ് വേണ്ടതെന്ന് സമരത്തിന് എത്തിയ മലയാളികൾ പ്രതികരിച്ചു. ഇതിനിടെ കെ സുധാകന്‍ എംപി ഐക്യദാര്‍ഢ്യമറിയിച്ച് ജന്തര്‍മന്തറിലെത്തി. കോണ്‍ഗ്രസ് സിജെപി സമരത്തില്‍ നിന്ന് അകലം പാലിക്കുന്നതിനിടെ കെ സുധാകരന്‍എംപി ജന്തര്‍മന്തറിലെത്തി.  തിരക്ക് മൂലം വേദിയിലേക്ക് കയറിയില്ല. എല്ലാവരും വന്ന് പിന്തുണക്കേണ്ടതുണ്ടെന്നായിരുന്നു സുധാകരന്റെ ആദ്യ പ്രതികരണം. ചോദ്യങ്ങള്‍ ആവര്‍ത്തിച്ചപ്പോള്‍ തന്റെ പിന്തുണ സിജെപിക്കല്ല വിദ്യാർത്ഥികൾക്കെന്ന് തിരുത്ത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ സി.ജെ.പിയുമായി നാലുതവണ ചര്‍ച്ചയ്ക്ക് സന്നദ്ധത അറിയിച്ചെന്ന് കേന്ദ്ര സർക്കാർ അവകാശപ്പെട്ടു. വസതിയിലോ ഓഫിസിലോ ചര്‍ച്ച നടത്താമെന്ന് 

ജെ.പി.നഡ്ഡ അറിയിച്ചു. ജന്തർ മന്തറിലോ നിഷ്പക്ഷമായ മറ്റിടങ്ങളിലോ ചർച്ച നടത്തണമെന്ന് സിജെപി ആവർത്തിച്ചതോടെ സമവായ സാധ്യത അകലുകയാണ്.  അതിനിടെ 

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ കോൺഗ്രസ് പ്രതിഷേധം ആത്മാർത്ഥതയില്ലാത്തതാണെന്ന് സോനം വാങ്ചുകിന്റെ ഭാര്യ ഗീതാഞ്ജലി ആങ്മോ വിമർശിച്ചു. 

നിലപാട് കടുപ്പിച്ച് പ്രതിപക്ഷം

പരീക്ഷ ച്യോദ്യപ്പേപ്പര്‍ ചോര്‍ച്ചയില്‍ പാര്‍ലമെന്‍റില്‍ നിലപാട് കടുപ്പിച്ച് പ്രതിപക്ഷം. ധര്‍മേന്ദ്ര പ്രധാന്‍ രാജിവയ്ക്കാതെ ചര്‍ച്ചയ്ക്കില്ലെന്ന് വ്യക്തമാക്കി. ഉപാധികളോടെ ചര്‍ച്ച പറ്റില്ലെന്ന് പാര്‍ലമെന്‍ററികാര്യ മന്ത്രി കിരണ്‍ റിജിജു പറഞ്ഞു. മകര കവാടത്തില്‍ ഭരണ– പ്രതിപക്ഷാംഗങ്ങള്‍ തമ്മില്‍ ഉന്തും തള്ളുമുണ്ടായി. തുടര്‍ച്ചയായി നാലാംദിവസവും ഇരുസഭകളും പൂര്‍ണമായി സ്തംഭിച്ചു. ലോക്സഭാ എംപിമാരുടെ യോഗം അല്‍പസമയത്തിനകം രാഹുല്‍ ഗാന്ധിയുടെ വസതിയില്‍ ചേരും. 

ഇതിനിടെ സുരക്ഷക്ക്  45 കമ്പനി സേനയെ നിയോഗിച്ചു. 16 മെട്രോ സ്റ്റേഷനുകൾ അടച്ചു. ഇൻറർനെറ്റ് സേവനങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തി. ബസ് സർവീസ് റൂട്ട് മാറ്റി. ടാക്സി വാഹനങ്ങളും ലഭിക്കുന്നില്ല. 6 മണിക്ക് സിപിയിലെ കടകള്‍ അടക്കാന്‍ NDMC  നിര്‍ദേശം നല്‍കി. സര്‍ക്കാരിന്റെയും പൊലീസിന്റെയും ഈ നിയന്ത്രണങ്ങള്‍ എല്ലാം മറികടന്ന് കിലോമീറ്റർ നടന്നാണ് സമരക്കാർ ജന്തര്‍മന്തറില്‍ എത്തുന്നത്. അനുചിതമായതൊന്നും ഉണ്ടാകരുതെന്നും ബിജെപി ഗുണ്ടകൾ സമരം അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്നും അഭിജിത്ത് ദീപ് കെ ആരോപിച്ചു.

വിദ്യാര്‍ഥികളെ  കേള്‍ക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് സമര വേദിയില്‍ എത്തിയ കേരള കൗൺസിൽ ഓഫ് ചർച്ചസ് പ്രതിനിധി ഫാ. സുനിൽ രാജ് പറഞ്ഞു. വിദ്യാര്‍ഥികളെ പിന്തുണച്ച് അണ്ണാ ഹസാരെ മഹാരാഷ്ട്രയില്‍ രണ്ടു മണിക്കൂർ മൗന സമരം നടത്തി. പാര്‍ലമെന്റ് മാര്‍ച്ചിടെ കേന്ദ്ര സേന വിദ്യാര്‍ഥികള്‍ക്ക് നേരെ പെല്ലറ്റ് തോക്കുകള്‍ ഉപയോഗിച്ചെന്ന് ആശുപത്രി രേഖകകളില്‍ വ്യക്തമാണെന്നാണ് റിപ്പോര്‍ട്ടുകള്‍

ENGLISH SUMMARY:

Question paper leaks have ignited a nationwide protest, leading the government to call for further discussions. However, the opposition has rejected the proposals, demanding the resignation of the Education Minister and the establishment of fast-track courts for those involved in exam paper leaks.