Image Credit : Twitter
നീറ്റ് പരീക്ഷാക്രമക്കേടിനെതിരെ ജന്തര്‍ മന്ദറില്‍ നടക്കുന്ന പ്രക്ഷോഭത്തില്‍ പങ്കെടുക്കാനെത്തിയ വിദ്യാര്‍ഥികളെ ഭീഷണിപ്പെടുത്തി പൊലീസ് ഉദ്യോഗസ്ഥന്‍. ലഹരിക്കേസില്‍ കുടുക്കി ജീവിതം നശിപ്പിച്ചുകളയുമെന്ന് പറഞ്ഞ് വിദ്യാര്‍ഥികളെ ഭീഷണിപ്പെടുത്തുന്നതിന്‍റെ ദൃശ്യങ്ങള്‍ ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചുകഴിഞ്ഞു. പൊലീസ് ജീപ്പിനകത്തുകയറ്റി ഇരുത്തിയ ശേഷമാണ് പൊലീസ് ഉദ്യോഗസ്ഥന്‍ വിദ്യാര്‍ഥികളെ ഭീഷണിപ്പെടുത്തിയത്. വിഡിയോ വൈറലായതോടെ പൊലീസ് ഉദ്യോഗസ്ഥനെ സർവീസിൽനിന്നു സസ്പെൻഡ് ചെയ്തതായി ഉന്നത ഉദ്യോഗസ്ഥര്‍ അറിയിച്ചു.
സിജെപി പ്രതിഷേധത്തില്‍ അണിചേരാനായി രാജ്യത്തിന്‍റെ വിവിധ കോണുകളില്‍ നിന്ന് ആയിരക്കണക്കിന് വിദ്യാര്‍ഥികളാണ് ഡല്‍ഹിയില്‍ എത്തിച്ചേര്‍ന്നത്. ഇതോടെ പ്രതിഷേധം കൂടുതല്‍ ശക്തമാകുകയും പൊലീസ് വിദ്യാര്‍ഥികളെ ക്രൂരമായി തല്ലിച്ചതയ്ക്കുകയും ചെയ്തു. മര്‍ദനമേറ്റ വിദ്യാര്‍ഥികള്‍ക്ക് പിന്തുണയുമായി കൂടുതല്‍ പേര്‍ സമരമുഖത്തേക്ക് എത്തിയതോടെയാണ് വിദ്യാര്‍ഥികളെ ഭീഷണിപ്പെടുത്തി ഓടിക്കാമെന്ന നീക്കം പൊലീസ് നടത്തിയിരിക്കുന്നത്. പ്രതിഷേധത്തിനിടയില്‍ അറസ്റ്റ് ചെയ്ത് ജീപ്പില്‍ കയറ്റിയ വിദ്യാര്‍ഥികളോടാണ് ഡ്രൈവര്‍ സീറ്റിലിരുന്ന പൊലീസ് ഉദ്യോഗസ്ഥന്‍ ഭീഷണിയുയര്‍ത്തിയത്.
'നിങ്ങളെ ഇനി ഇവിടെ കണ്ടാല്‍ നിങ്ങളുടെ ജീവിതം ഞാന്‍ തകര്‍ക്കും. നിങ്ങളുടെ ബാഗില്‍ 50 ഗ്രാം പൗഡര്‍ നിക്ഷേപിക്കും.അതോടെ നിങ്ങളുടെ ജീവിതം തകരും' എന്നാണ് പൊലീസുകാരന്‍ വിഡിയോയില്‍ പറയുന്നത്. പ്രതിഷേധക്കാർ തങ്ങളുടെ ജീവിതം ദുരിതത്തിലാക്കിയെന്നും പോലീസുകാരൻ പറയുന്നുണ്ട്. എന്നാല്‍ ഇതെല്ലാം വിദ്യാര്‍ഥികള്‍ വിഡിയോയില്‍ പകര്‍ത്തുന്നുണ്ടായിരുന്നു. ഈ വീഡിയോ മുംബൈ കോൺഗ്രസ് എക്സ് ഹാൻഡിലിൽ പോസ്റ്റ് ചെയ്തു. വിഡിയോ വൈറലായതിന് പിന്നാലെ സംഭവത്തില്‍ മുംബൈ പൊലീസ് അന്വേഷണം പ്രഖ്യാപിച്ചു. അന്വേഷണ റിപ്പോര്‍ട്ട് വരുന്നത് വരെ ആരോപണവിധേയനായ പൊലീസുകാരനെ സസ്പെന്‍ഡ് ചെയ്തതായും പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.