India's Sanju Samson is clean bowled by New Zealand's captain Mitchell Santner during the fourth Twenty20 international cricket match between India and New Zealand at the Y.S. Rajasekhara Reddy Cricket Stadium in Visakhapatnam on January 28, 2026. (Photo by Noah SEELAM / AFP) / -- IMAGE RESTRICTED TO EDITORIAL USE - STRICTLY NO COMMERCIAL USE --
ന്യൂസീലന്‍ഡിനെതിരായ ട്വന്റി 20 പരമ്പരയില്‍ തുടരെ നാലുമല്‍സരങ്ങളില്‍ ഓപ്പണറായി അവസരം ലഭിച്ചിട്ടും സഞ്ജു സാംസണ്‍ നിരാശപ്പെടുത്തിയതില്‍ ആരാധകര്‍ക്ക് ആശങ്കയേറെയാണ്.6,10,0,24 എന്നിങ്ങനെയാണ് സഞ്ജുവിന്റെ സ്കോര്‍. ഇനി ഒരു മല്‍സരം ബാക്കിയുണ്ട്. അത് സഞ്ജുവിന്റെ ജന്മനാടായ തിരുവനന്തപുരത്താണ്. ഇതിനകം പരമ്പര സ്വന്തമാക്കിയ ഇന്ത്യ സഞ്ജുവിനെ തിരുവനന്തപുരത്തും കളിപ്പിക്കാനാണ് സാധ്യത. ഇവിടെയും തിളങ്ങാനായില്ലെങ്കില്‍ ട്വന്റി 20 ലോകകപ്പില്‍ സഞ്ജു കളിക്കുന്നകാര്യം സംശയമാണ്. ലോകകപ്പ് ടീമില്‍ ഉണ്ടെങ്കിലും നിലവില്‍ പരുക്കേറ്റ് പുറത്തിരിക്കുന്ന തിലക് വര്‍മ തിരിച്ചെത്തുമ്പോള്‍ സഞ്ജുവിന് പ്ലേയിങ് ഇലവനില്‍ നിന്ന് സ്ഥാനം നഷ്ടപ്പെടാതിരിക്കാന്‍ തിരുവനന്തപുരത്ത് ഇറങ്ങിയാല്‍ അടിച്ചുമിന്നിക്കേണ്ടിവരും.
എന്താണ് സഞ്ജുവിന് പറ്റിയത്
ഏതൊരു ക്രിക്കറ്റ് താരത്തിനും സംഭവിക്കുന്നതുപോലെ ഒരു ഫോം ഔട്ട്. പക്ഷേ കഴിഞ്ഞ വര്‍ഷം കളിച്ച 14 ഇന്നിങ്സില്‍ 238റണ്‍സാണ് നേടാനായത്. അതില്‍ ഒരു ഫിഫ്റ്റി മാത്രം, അത് ഒമാനെതിരെയായിരുന്നു. കഴിഞ്ഞവര്‍ഷം ആദ്യം ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ സഞ്ജുവിന്റെ കഷ്ടകാലം തുടങ്ങിയെന്ന് പറയാം. ഇംഗ്ലണ്ട് ബോളര്‍മാര്‍ തുടരെ ഷോട്ട് ബോളുകള്‍ എറിഞ്ഞ് സഞ്ജുവിനെ കുടുക്കാന്‍ നോക്കിയപ്പോള്‍ പുള്‍ ഷോട്ടിന് ശ്രമിച്ച് സഞ്ജു പുറത്താകുന്നതും ആ പരമ്പരയുടെ കാഴ്ചയായി. പിന്നാലെ ഏഷ്യകപ്പില്‍ ഇടം കിട്ടിയെങ്കിലും ബാറ്റിങ് സ്ലോട്ടില്‍ സ്ഥിരതയില്ലാത്തത് പ്രകടനത്തെയും ബാധിച്ചു.
സഞ്ജുവിന് പകരം കിഷനോ?
ഏറെ കാത്തിരിപ്പിനും അവഗണനയ്ക്കും ശേഷമാണ് ന്യൂസീലന്‍ഡിനെതിരെ സഞ്ജുവിന് ഓപ്പണറുടെ റോള്‍ കിട്ടിയത്. എന്നാലത് സഞ്ജുവിന് മുതലാക്കാനായില്ല. നാല് മല്‍സരങ്ങളില്‍ നിന്ന് 40 റണ്‍സാണ് നേടാനായത്. അതേസമയം മറ്റൊരു വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ആയ ഇഷാന്‍ കിഷന്‍ ന്യൂസീലന്‍ഡിനെതിരെ തകര്‍ത്തടിക്കുകയും ചെയ്തു. മികച്ച സ്ട്രോക്കുകളുമായി ഇഷന്‍ ആരാധകരെ മാത്രമല്ല ടീം മാനേജ്മെന്റിനെയും തൃപ്തിപ്പെടുത്തി. മൂന്ന് മല്‍സരത്തില്‍ നിന്ന് ഒരു ഫിഫ്റ്റി ഉള്‍പ്പെടെ 112 റണ്‍സ് നേടി. അതുകൊണ്ട് തന്നെ തിലക് വര്‍മ തിരിച്ചെത്തുമ്പോള്‍ സഞ്ജുവിന് പകരം ഇഷാന്‍ എത്തുമെന്നാണ് ക്രിക്കറ്റ് വിദഗ്ധരുടെ നിരീക്ഷണം.