ഫൈനല്‍ മത്സരത്തില്‍ 15 റണ്‍സ് മാത്രം വിട്ടുകൊടുത്ത് നാലു വിക്കറ്റെടുത്ത ജസപ്രിത് ബുമ്രയാണ് കിവീസിന്‍റെ കീഴടങ്ങല്‍ വേഗത്തിലാക്കിയത്. ഈ പ്രകടനത്തിനാണ് ഫൈനലിലെ മാന്‍ ഓഫ് ദ മാച്ച് പുരസ്കാരം. നിര്‍ണായക മൂന്നു മത്സരങ്ങളിലെ ഇന്നിങ്സാണ് സഞ്ജു സാംസണെ മാന്‍ ഓഫ് ദ് സീരിസാക്കി മാറ്റിയത്. അതേസമയം, ഇരുവര്‍ക്കും പുരസ്കാരം നല്‍കിയപ്പോള്‍ പോഡിയത്തിൽ പതിവായി കാണുന്ന വലിയ ചെക്ക് ഇത്തവണ ഉണ്ടായിരുന്നില്ല എന്നതാണ് ശ്രദ്ധേയം.
വ്യക്തിഗത പുരസ്കാരങ്ങള്‍ക്ക് പണം നല്‍കുന്ന ഫ്രാഞ്ചൈസി മോഡല്‍ ഐസിസി പിന്തുടരുന്നില്ലെന്നതാണ് ഇതിനു കാരണം. ഐസിസി പിന്തുടരുന്ന ഘടനാപരമായ ശൈലിയാണിത്. പകരം ടോട്ടല്‍ പ്രൈസ് പൂള്‍ സിസ്റ്റമാണ് ഐസിസി പിന്തുടരുന്നത്. വ്യക്തിഗത സമ്മാനങ്ങളില്ലെങ്കിലും കോടികളാണ് ഓരോ ബോര്‍ഡുകള്‍ക്കും ഐസിസി നല്‍കുന്നത്. വരുമാനം പരിശീലകരും സപ്പോര്‍ട്ടിങ് സ്റ്റാഫും അടക്കമുള്ള മുഴുവന്‍ സ്ക്വാഡിനും വിഭജിക്കേണ്ടത് ബോർഡിന്റെ ഉത്തരവാദിത്തമാണ്.
ഇത്തവണത്തെ ട്വന്‍റി 20 ലോകകപ്പിന് രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ നല്‍കുന്ന ആകെ സമ്മാനത്തുക 13.5 മില്യണ്‍ ഡോളറാണ്, ഏകദേശം 120 കോടി രൂപയ്ക്ക് മുകളില്‍. ചാംപ്യന്മാരാകുന്ന ടീമിന് ലഭിക്കുന്നത് 3 മില്യണ്‍ ഡോളറാണ്. ഇന്ത്യന്‍ ടീമിന് ഏകദേശം 27.48 കോടി രൂപ സമ്മാനമായി ലഭിക്കും. രണ്ടാം സ്ഥാനക്കാരായ ന്യൂസീലന്‍ഡിന് 1.6 മില്യണ്‍ അഥവാ 14.65 കോടി രൂപയാണ് സമ്മാനത്തുകയായി ലഭിക്കുക.