Ranchi: India's Virat Kohli at Birsa Munda Airport as he departs for Raipur ahead of the second ODI cricket match between India and South Africa, in Ranchi, Monday, Dec. 01, 2025. (PTI Photo)(PTI12_01_2025_000318B)
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ഏകദിനത്തില്‍ 17 റണ്‍സ് വിജയം നേടിയ ശേഷം ടീം ഹോട്ടലില്‍ നടത്തിയ കേക്കുമുറിക്കല്‍ ആഘോഷത്തില്‍ വിരാട് കോലി പങ്കെടുത്തില്ലെന്ന് റിപ്പോര്‍ട്ട്. കളിയിലെ താരമായ കോലി ഹോട്ടല്‍ ലോബിയിലേക്ക് കയറുമ്പോഴാണ് രാഹുല്‍ കേക്ക് മുറിക്കുന്നത് കണ്ടത്. ടീം അംഗങ്ങള്‍ ആവര്‍ത്തിച്ച് വിളിച്ചെങ്കിലും താരം നേരെ ലിഫ്റ്റിനടുത്തേക്ക് നടന്ന് നീങ്ങുകയായിരുന്നു.
കളി കഴിഞ്ഞ് ഡ്രസിങ് റൂമിലേക്ക് കയറുമ്പോഴും കോലി , ഗംഭീറിനെ ഒഴിവാക്കി ഫോണില്‍ നോക്കി നടന്നു നീങ്ങുന്നതിന്‍റെ വിഡിയോ ദൃശ്യങ്ങള്‍ വൈറലായിരുന്നു. എന്നാല്‍ കോലി സെഞ്ചറി നേടിയപ്പോഴും രോഹിത് അര്‍ധ സെഞ്ചറി നേടിയപ്പോഴും ഗംഭീര്‍ ആഹ്ലാദം മറച്ചുവച്ചില്ല. അതിനിടെ രോഹിത് ശര്‍മയും ഗംഭീറുമായി ഹോട്ടല്‍ ലോബിയില്‍ വച്ച് ഗഹനമായി സംസാരിക്കുന്നതിന്‍റെ ദൃശ്യങ്ങളും പുറത്തുവരുന്നുണ്ട്. രാഹുലിന് തൊട്ടുപിന്നിലായി നിന്നാണ് ഇരുവരും സംസാരിച്ചത്. ഇന്ത്യയുടെ ജയത്തിന് പിന്നാലെ ഡ്രസിങ് റൂമില്‍ വച്ചും ഇരുവരും സംസാരിച്ചതും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു. ബാറ്റിങ് കോച്ച് സിതാന്‍ഷു കോട്ടകും ഇരുവര്‍ക്കുമൊപ്പമുണ്ടായിരുന്നു.
വൈറല്‍ വിഡിയോകള്‍ക്ക് പിന്നാലെയാണ് ടീമിനുള്ളില്‍ കാര്യങ്ങളത്ര സുഖത്തിലല്ലെന്ന വാര്‍ത്തകള്‍ പരന്നത്. നാളെ റായ്പുരില്‍ രണ്ടാം ഏകദിനം നടക്കുന്നതിന് മുന്‍പ് ബിസിസിഐ നിര്‍ണായക യോഗം ചേരും. ബിസിസിഐ സെക്രട്ടറി ദേവാജിത് സാകിയ, ജോയിന്‍റ് സെക്രട്ടറി പ്രഭാതേദ് സിങ് ഭാട്യ, ഗംഭീര്‍, അജിത് അഗാര്‍ക്കര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കുമെന്നും മുതിര്‍ന്ന താരങ്ങളെയും വിളിപ്പിച്ചേക്കുമെന്നും സ്പോര്‍ട്സ് സ്റ്റാര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
Ranchi: India's Virat Kohli, left, celebrates his half century with Rohit Sharma during the first ODI cricket match of a series between India and South Africa, at JSCA International Stadium Complex, in Ranchi, Jharkhand, Sunday, Nov. 30, 2025. (PTI Photo/Kamal Kishore) (PTI11_30_2025_000241B)
ടീം സെലക്ഷനെ കുറിച്ച് ഉയര്‍ന്ന വിമര്‍ശനങ്ങള്‍ പരിഹരിക്കുന്നതിനായാണ് യോഗം ചേരുകയെന്നാണ് റിപ്പോര്‍ട്ട്. ടെസ്റ്റിലെ ദയനീയ പരാജയത്തില്‍ അഗാര്‍ക്കറിനും സെലക്ഷന്‍ കമ്മിറ്റിക്കും വന്‍ പഴിയാണ് കേള്‍ക്കേണ്ടി വന്നത്. തന്ത്രങ്ങളിലും ടീമിന്‍റെ വിന്യാസത്തിലുമെല്ലാം വലിയ പാളിച്ച ടെസ്റ്റില്‍ സംഭവിച്ചു. അടുത്ത ടെസ്റ്റ് പരമ്പരയില്‍ ഇത് പരിഹരിക്കേണ്ടതുണ്ടെന്നും ബിസിസിഐ ഉന്നതര്‍ വെളിപ്പെടുത്തുന്നു. എന്നാല്‍ പ്രധാന അജന്‍ഡ ഇതാണെങ്കിലും ഏകദിന ടീമിലെ ആശയവിനിമയത്തിലെ പ്രശ്നങ്ങള്‍ ബിസിസിഐ ഗൗരവമായെടുത്തുവെന്നും ഇക്കാര്യവും ചര്‍ച്ചയാകുമെന്നും റിപ്പോര്‍ട്ട് പറയുന്നു. ടീം മാനേജ്മെന്‍റും മുതിര്‍ന്ന താരങ്ങളായ കോലിയും രോഹിതും തമ്മിലുള്ള ആശയവിനിമയം എളുപ്പമാക്കേണ്ടതുണ്ടെന്നും ഇരുവര്‍ക്കും മാനേജ്മെന്‍റിനുമിടയിലെ മഞ്ഞുരുക്കം അനിവാര്യമാണെന്നും ഉന്നതര്‍ വിലയിരുത്തുന്നു. ട്വന്‍റി20 ലോകകപ്പ് കിരീടം നിലനിര്‍ത്തേണ്ടതുണ്ടെന്നും ഏകദിന ലോകകപ്പ് നേടേണ്ടതുണ്ടെന്നും അതുകൊണ്ടുതന്നെ ടീം ഒറ്റക്കെട്ടായി മുന്നോട്ട് പോകേണ്ടത് ആവശ്യമാണെന്നുമാണ് വിലയിരുത്തല്‍.
2027ലെ ലോകകപ്പോടെ വിരമിക്കാനാണ് കോലിയും രോഹിതും ലക്ഷ്യമിടുന്നത്. അവസാനം ഇന്ത്യ കളിച്ച നാല് ഏകദിനങ്ങളില്‍ രണ്ടെണ്ണത്തിലാണ് ഇന്ത്യ ജയിച്ചത്. ജയിച്ച മത്സരങ്ങളിലാവട്ടെ കോലിയും രോഹിതുമായിരുന്നു കളിയിലെ താരങ്ങള്‍. ഓസീസ് പര്യടനത്തില്‍ രോഹിത് പ്ലേയര്‍ ഓഫ് ദ് സീരിസായപ്പോള്‍ കഴിഞ്ഞ രണ്ട് ഏകദിനങ്ങളിലും കോലി മികച്ച പ്രകടനമാണ് പുറത്തെടുത്തത്.