ബോക്സിങ് താരം മേരി കോമും ഭര്‍ത്താവും തമ്മില്‍ ആരോപണ പ്രത്യാരോപണങ്ങള്‍ തുടരുന്നതിനിടെ വീണ്ടും പ്രതികരിച്ച് മേരി കോം. തനിക്ക് വിവാഹേതര ബന്ധങ്ങളുണ്ടെന്ന ആരോപണങ്ങളെല്ലാം നിഷേധിച്ച മേരി കോം മുന്‍ഭര്‍ത്താവ് ഒരു നയാ പൈസ പോലും സമ്പാദിച്ചിട്ടില്ലെന്നും എന്ത് ത്യാഗമാണ് നടത്തിയതെന്നും ചോദിക്കുന്നു.
വീടിന്റെ ഏക വരുമാനസ്രോതസ് താനായിരുന്നുവെന്നും വീട്ടില്‍ കിടന്നുറങ്ങുക മാത്രമാണ് ഓണ്‍ലെര്‍ ചെയ്തതെന്നും മേരി കോം ഒരു അഭിമുഖത്തില്‍ പറയുന്നു. താന്‍ കുടുംബത്തിനു വേണ്ടി റിങ്ങില്‍ കഠിനാധ്വാനം ചെയ്തപ്പോള്‍ അയാള്‍ തന്റെ അക്കൗണ്ട് കാലിയാക്കിയെന്നും മേരി കോം കൂട്ടിച്ചേര്‍ത്തു.
‘എന്ത് സക്സസ്ഫുള്‍ കരിയര്‍? അയാള്‍ തെരുവില്‍ ഫുട്ബോള്‍ കളിച്ചു നടക്കുകയായിരുന്നു, രാവിലെ മുതല്‍ വൈകുന്നേരം വരെ വീട്ടില്‍ കിടന്നുറങ്ങും, ഭാര്യയുടെ ചിലവിലാണ് അയാള്‍ ജീവിച്ചത്, അങ്ങേയറ്റം വേദനയാണ് എനിക്കുണ്ടായത്, ഞാന്‍ ഒരുപാട് സമ്പാദിച്ചു, എന്റെ വിശ്വാസവും സമ്പാദ്യവും എല്ലാം പിന്നീട് നഷ്ടപ്പെട്ടുവെന്നും മേരി ഇന്ത്യാ ടുഡെയോട് പറയുന്നു.
തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി താൻ വലിയൊരു തുക ചെലവഴിച്ചെങ്കിലും, രാഷ്ട്രീയത്തിലേക്ക് ഇറങ്ങാന്‍ തന്നെ നിര്‍ബന്ധിച്ചത് മേരിയാണെന്ന് ഓണ്‍ലെര്‍ നേരത്തേ പറഞ്ഞിരുന്നു. മേരിയുടെ എംപി കാലാവധി കഴിയാറായപ്പോള്‍ മത്സരിക്കാന്‍ തന്നെ നിര്‍ബന്ധിച്ചെന്നും ദേശീയ മാധ്യമത്തോട് പറഞ്ഞു. വിവാഹം കഴിക്കുമ്പോൾ താൻ ഷില്ലോങ്ങിലെ എക്സൈസ് ആൻഡ് കസ്റ്റംസ് ഡിപ്പാർട്ട്‌മെന്റില്‍ കരാർ അടിസ്ഥാനത്തിൽ ഫുട്ബോൾ കളിക്കാരനായിരുന്നുവെന്നും യുപിഎസ്‌സി പരീക്ഷകൾക്ക് തയ്യാറെടുക്കുകയായിരുന്നെന്നും ഓണ്‍ലെര്‍ പറയുന്നു. ഒരു മികച്ച ബോക്സര്‍ ആകാനുള്ള മേരിയുടെ സ്വപ്നം സാക്ഷാത്കരിക്കാന്‍ താന്‍ കരിയര്‍ ഉപേക്ഷിച്ചുവെന്നും പ്രതികരണം.
‘എന്റെ കരിയർ ഉപേക്ഷിച്ച് അവളെ പിന്തുണച്ചു, കുട്ടികളെ വളർത്താൻ എന്നോട് പറഞ്ഞു, ആഴ്ചകളും മാസങ്ങളും അവൾ പുറത്തായിരുന്നു. ഞാൻ കുട്ടികളെ വളർത്തി, കുളിപ്പിച്ചു, ഭക്ഷണം നൽകി, കോച്ചിങ്ങിനു കൊണ്ടുപോയി, വീട്ടുജോലികൾ ചെയ്തു –ഓണ്‍ലെര്‍ തുടര്‍ന്നു. പരമ്പരാഗതമായ രീതിയിലുള്ള ദാമ്പത്യമായിരുന്നില്ലെന്നും അവളാണ് ജോലിക്കു പോയതെന്നും അത് പക്ഷേ അവളുടെ പണത്തോടുള്ള ആഗ്രഹം കൊണ്ടല്ല, മറിച്ച് സ്നേഹം കൊണ്ടാണെന്നും ഓണ്‍ലെര്‍ പറഞ്ഞു.
‘അവളുടെ ഡ്രൈവറായി, പാചകക്കാരനായി, എല്ലാം വീടിനും കുടുംബത്തിനും വേണ്ടിയായിരുന്നു. അവളുടെ അടിമയെപ്പോലെ ജീവിച്ചതും സ്നേഹത്തിനായി മാത്രമാണ്, അകന്നാണ് കഴിയുന്നതെങ്കിലും താന്‍ നല്‍കിയ പിന്തുണയെ വിലകുറച്ചു കാണരുതെന്നും പരുഷമായും അനാദരവോടെയും പെരുമാറരുതെന്നും ഓണ്‍ലര്‍ പറയുന്നു.. താന്‍ സമ്പാദിച്ച കോടിക്കണക്കിനു രൂപയും സ്വത്തിന്റെ ഉടമസ്ഥാവകാശവും ഓണ്‍ലെര്‍ തട്ടിയെടുത്തെന്നായിരുന്നു മുന്‍ ഭര്‍ത്താവ് ഓണ്‍ലെറിനെതിരെ നേരത്തേ മേരി കോം ആരോപിച്ചത്.